സുപ്രീംകോടതി വഖ്ഫ് ഭേദഗതി നിയമത്തിലെ ചില വകുപ്പുകൾക്ക് ഭാഗികമായി സ്റ്റേ ചെയ്ത നടപടിയെ സ്വാഗതം ചെയ്യുന്നുവെങ്കിലും പ്രശ്‌നത്തിന്റെ അടിസ്ഥാന കാരണങ്ങൾ മാറ്റമില്ലാതെ തുടരുന്നതായി മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. ന്യുനപക്ഷ അവകാശങ്ങൾ പച്ചയായി ലംഘിക്കുന്ന നിയമ നിർമാണത്തിനെതിരെ ഉയരുന്ന ശബ്ദങ്ങളെ അന്തിമ വിധിയിൽ രാജ്യത്തിന്റെ പരമോന്നത നീതിന്യായ കോടതി കേൾക്കുമെന്ന പ്രതീക്ഷയുണ്ടെന്നും ദേശീയ പ്രസിഡണ്ട് സർഫാറാസ് അഹമ്മദ് ജനറൽ സെക്രട്ടറി ടി പി അഷ്റഫലിയും പറഞ്ഞു.
കലക്ടർമാർക്ക് നൽകുന്ന അതിരൂക്ഷ അധികാരങ്ങളും, അഞ്ചുവർഷത്തെ മതാചാരങ്ങൾ തെളിയിക്കണമെന്ന വ്യവസ്ഥ പോലുള്ള പ്രശ്‌നങ്ങൾക്കെതിരെ കോടതിയുടെ ഇടപെടൽ ആശ്വാസകരമാണ്. പുതിയ ഭേദഗതി നിയമം വഖ്ഫ് സ്വത്തുക്കളുടെയും വഖഫ് ബോർഡിന്റെയും അടിസ്ഥാന സ്വഭാവത്തെ തന്നെ തകർക്കുന്നതാണ്. കലക്ടർമാർക്ക് കോടതി ഇടപെടൽ കൂടാതെ വഖ്ഫ് തർക്കങ്ങൾ തീർപ്പാക്കാനുള്ള അധികാരം നൽകുന്നത് നിയമപരമായ നിയന്ത്രണങ്ങളെ ഇല്ലാതാക്കുന്നു. വഖ്ഫ് ബോർഡുകളിലും കേന്ദ്ര വഖ്ഫ് കൗൺസിലിലും മുസ്ലിംകളല്ലാത്തവരെ നിർബന്ധിതമായി ഉൾപ്പെടുത്താനുള്ള വ്യവസ്ഥ മതസ്വാതന്ത്ര്യത്തെ ബാധിക്കുന്ന തരത്തിലാണെന്നും യൂത്ത് ലീഗ് ആരോപിച്ചു.
വഖ്ഫ് സ്ഥാപിക്കാനുള്ള അവകാശം നിയന്ത്രിക്കുന്ന തരത്തിലുള്ള വ്യവസ്ഥകളും, വായ്‌മൊഴി വഖ്ഫ്, വഖ്ഫ് ബൈ യൂസർ പോലുള്ള സമൂഹത്തിൽ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന രീതികളെ ഇല്ലാതാക്കുന്നതും ഭരണഘടനാപരമായ അവകാശങ്ങൾക്കും ഇസ്ലാമിക നിയമങ്ങൾക്കും വിരുദ്ധമാണെന്നും യൂത്ത് ലീഗ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ഒരു നിയമഭേദഗതി എന്നതിനപ്പുറത്തു മതസ്വാതന്ത്ര്യത്തെയും ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെയും നേരിട്ട് ആക്രമിക്കുന്ന രാജ്യത്തിന്റെ മതേതര സ്വഭാവത്തെയും ഇത് തകർക്കുന്ന ഏകധിപത്യ വാഴ്ചയുടെ അടയാളമാണ് വഖഫ് ഭേദഗതി നിയമം. നിയമം പൂർണമായും പിൻവലിക്കണമെന്നുമാണ് മുസ്ലിം യൂത്ത് ലീഗിന്റെ ആവശ്യം. മതപരവും ഭരണഘടനാപരവുമായ അവകാശങ്ങൾ സംരക്ഷിക്കാൻ സമാധാനപരമായ ജനാധിപത്യ മാർഗങ്ങളിലൂടെ പോരാട്ടം തുടരുമെന്നും മുസ്ലിം യൂത്ത് ലീഗ് വ്യക്തമാക്കി.