വഖഫ് ഭേദഗതി നിയമത്തിനെതിരെ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹരജികളില്‍ വാദം തുടങ്ങി. വഖഫ് ഭേദഗതി റദ്ദാക്കണമെന്ന് ഭൂരിഭാഗം ഹരജികളും ആവശ്യപ്പെടുന്നത്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കെ.വി വിശ്വനാഥന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്. ഭരണഘടനയുടെയും മൗലികാവകാശങ്ങളുടേയും ലംഘനമാണ് ഭേദഗതിയെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
മുസ്ലിം വിഭാഗത്തിന്റെ മതപരവും സാംസ്‌കാരികവുമായ സ്വയംഭരണത്തെ നിയമം അവഗണിക്കുന്നു. മതപരമായ സ്വത്തുക്കള്‍ ലഭിക്കാനുള്ള അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു. വഖഫ് ഭേദഗതി നിയമം ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങളുടെ ലംഘനമാണ്. ഒരു മതത്തിന്റെയും അവകാശങ്ങളില്‍ ഇടപെടാന്‍ പാര്‍ലമെന്റിന് അവകാശമില്ല. ഇസ്ലാം മതത്തിന്റെ അവിഭാജ്യ ആചാരമാണ് വഖഫ്. ആചാരത്തെ സര്‍ക്കാര്‍ എന്തിന് ചോദ്യം ചെയ്യണം. വഖഫ് നല്‍കണമെങ്കില്‍ അഞ്ചു വര്‍ഷം മുസ്ലിമാകണമെന്നത് എന്തിന് തെളിയിക്കണം. ആര്‍ട്ടിക്കിള്‍ 26 എല്ലാ സമുദായങ്ങള്‍ക്കും ബാധകമാണ്.- കപില്‍ സിബല്‍ വാദിച്ചു.
എഴുപതിലധികം ഹരജികളാണ് ഭേദഗതിക്കെതിരെ സുപ്രിംകോടതിക്ക് മുന്നിലുള്ളത്. നിയമം ഭരണഘടനാ വിരുദ്ധമെന്നും അടിയന്തരമായി സ്റ്റേ നല്‍കണമെന്നുമാണ് ഹരജികളിലെ ആവശ്യം. വഖഫ് ജെപിസി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള എംപിമാരും രാഷ്ട്രീയ- സാംസ്‌കാരിക നേതാക്കളും, മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്, ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്, മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, സമസ്ത കേരള ജംയ്യത്തുല്‍ ഉലമ തുടങ്ങിയ സംഘടനകളും വിവിധ പാര്‍ട്ടികളുമാണ് നിയമത്തിനെതിരെ ഹരജി നല്‍കിയിട്ടുള്ളത്. വഖഫ് ഭേദഗതി നിയമം ഭരണഘടനാവിരുദ്ധമെന്ന് ചുണ്ടികാട്ടി ഗുരുദ്വാരസിങ് സഭ പ്രസിഡന്റ് ദയാസിങ്ങും ഹരജി സമര്‍പ്പിച്ചിട്ടുണ്ട്.
അതേസമയം, വഖഫ് ഭേദഗതി നിയമത്തെ അനുകൂലിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും കോടതിയെ സമീപിച്ചിട്ടുണ്ട്. നിയമത്തെ അനുകൂലിച്ച് കേസില്‍ കക്ഷി ചേരാന്‍ ബിജെപി ഭരിക്കുന്ന മഹാരാഷ്ട്ര, രാജസ്ഥാന്‍, ഹരിയാന, ഛത്തീസ്ഗഢ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.