സംസ്ഥാനത്ത് ലഹരിമാഫിയയ്ക്കെതിരായ ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനകളില്‍ 2854 പേരെ അറസ്റ്റ് ചെയ്തു. 1.312 കിലോ എംഡിഎംഎയും മറ്റു ലഹരിമരുന്നുകളും പൊലീസ് പിടിച്ചെടുത്തു. അതേസമയം, ലഹരിമരുന്ന് വില്‍പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 17,246 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത ലഹരിമരുന്ന് കൈവശം വച്ചതിന് 2,762 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. എംഡിഎംഎയ്ക്കു പുറമേ 153.56 കിലോ കഞ്ചാവും 1.88 ഗ്രാം ബ്രൗണ്‍ ഷുഗറും 18.15 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് ഒന്നു വരെയാണ് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി-ഹണ്ട് നടത്തിയത്.
സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ നിര്‍ദ്ദേശാനുസരണം സംസ്ഥാന ആന്റി നര്‍ക്കോട്ടിക്‌സ് ടാസ്‌ക് ഫോഴ്‌സ് തലവനും ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുമായ മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ റേഞ്ച് അടിസ്ഥാനത്തിലുള്ള എന്‍.ഡി.പി.എസ് കോര്‍ഡിനേഷന്‍ സെല്ലും ജില്ലാ പോലീസ് മേധാവിമാരും ചേര്‍ന്നാണ് ഓപ്പറേഷന്‍ ഡി-ഹണ്ട് നടപ്പിലാക്കിയത്.
സ്ഥിരമായി മയക്കുമരുന്ന് കച്ചവടം നടത്തുന്ന വ്യക്തികളുടെ ഡേറ്റാ ബാങ്ക് തയ്യാറാക്കിയും മയക്കുമരുന്ന് കേസുകളില്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ളവരുമായി ബന്ധമുള്ള വ്യക്തികളെയും നിരന്തരം നിരീക്ഷണം നടത്തിയതിന്റെയും അനന്തര നടപടികളുടെ ഭാഗമായാണ് ഓപ്പറേഷന്‍ ഡി-ഹണ്ട് നടത്തിയത്.
പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.