• Fri. Sep 19th, 2025

24×7 Live News

Apdin News

വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത യുവാവ് തൂങ്ങിമരിച്ച നിലയിൽ; പ്രതിഷേധവുമായി പ്രദേശവാസികൾ, മിഥുൻ സമൂഹത്തിന് വേണ്ടപ്പെട്ട പയ്യനെന്ന് നാട്ടുകാർ

Byadmin

Sep 19, 2025



തൃശൂർ: വടക്കാഞ്ചേരിയിൽ കാട്ടുപന്നിയുടെ മാംസം വില്പന നടത്തി എന്ന കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത യുവാവ് തൂങ്ങിമരിച്ച സംഭവത്തിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. തഹസിൽദാർ സ്ഥലത്തെത്തിയിട്ട് മാത്രമേ മൃതദേഹം ഇറക്കാൻ അനുവദിക്കൂ എന്ന് നാട്ടുകാർ പറഞ്ഞു. കാഞ്ഞിരക്കോട് സ്വദേശി മിഥുനാ( 30)ണ് മരിച്ചത്. ഇന്ന് രാവിലെ വീടിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കേസിൽ പ്രതികളല്ലാത്ത ആളുകളെയും മൊഴിയെടുത്ത് കൊണ്ട് കസ്റ്റഡിയിലെടുക്കുകയാണെന്ന് നാട്ടുകാർ ആരോപിച്ചു. മിഥുൻ സമൂഹത്തിന് വേണ്ടപ്പെട്ട പയ്യനാണ്. ഇതിന് പരിഹാരം കണ്ടിട്ടേ പിരിഞ്ഞുപോകുള്ളൂ എന്ന് പ്രദേശവാസികൾ പറഞ്ഞു. ചൊവ്വാഴ്ചയാണ് മിഥുൻ ഉൾപ്പെടെ മൂന്നു പേരെ വടക്കാഞ്ചേരി റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ചയാണ് മിഥുൻ ജാമ്യത്തിൽ ഇറങ്ങിയത്.

മിഥുൻ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നെന്ന് വീട്ടുകാർ പറയുന്നു. ഫോൺ വാങ്ങുന്നതിനായി മിഥുൻ ഇന്നലെ വനംവകുപ്പിന്റെ ഓഫീസിലെത്തിയിരുന്നു. എന്നാൽ ഏഴംഗ വനംവകുപ്പ് ഉദ്യോഗസ്ഥർ മർദിച്ചുവെന്നാണ് കുടുംബം ആരോപിക്കുന്നത്. ഈ മനോവിഷമത്തിലാണ് മിഥുൻ ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം പറയുന്നത്.

By admin