പത്തനംതിട്ട: വനം വകുപ്പ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ആളെ ബലമായി ഫോറസ്റ്റ് സ്‌റ്റേഷനില്‍ നിന്നിറക്കി കൊണ്ടു പോയ ജനീഷ് കുമാര്‍ എംഎല്‍എക്ക് പിന്തുണയുമായി സിപിഎം. വെള്ളിയാഴ്ച കോന്നി ഡിഎഫ്ഒ ഓഫീസിലേക്ക് ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രകടനം നടത്തും.
കാട്ടാന വൈദ്യുതാഘാതമേറ്റ് ചത്ത സംഭവത്തില്‍ വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ എംഎല്‍എ ബലമായി മോചിപ്പിച്ചു എന്നാണ് വനംവകുപ്പിന്റെ ആരോപണം.എന്നാല്‍, വനംവകുപ്പിന്റെ നിയമവിരുദ്ധ ഇടപെടലുകള്‍ ചോദ്യം ചെയ്തതാണെന്നാണ് എംഎല്‍എ പറയുന്നത്. വനംമന്ത്രി എ കെ ശശീന്ദ്രന്‍ സംഭവത്തില്‍ ദക്ഷിണമേഖല സിസിഎഫിനോട് റിപ്പോര്‍ട്ട് തേടി.
സംഭവം വിവാദമായതിന് പിന്നാലെ ‘തലപോയാലും ജനങ്ങള്‍ക്കൊപ്പം’ എന്ന് എംഎല്‍എ സമൂഹ മാധ്യമത്തില്‍ കുറിച്ചു. കസ്റ്റഡിയിലെടുത്ത ആളെ പ്രതിചേര്‍ത്തിയിരുന്നില്ലെന്നും മൊഴി രേഖപ്പെടുത്താന്‍ വിളിച്ചുവരുത്തിയപ്പോള്‍ എംഎല്‍എ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയെന്നുമാണ് വനം വകുപ്പ് പറയുന്നത്.