വഡോദര: വിന്‍ഡീസിനെതിരെ ഭാരതം ഇന്ന് രണ്ടാം ഏകദിനത്തിന്. ആദ്യ ഏകദിനത്തില്‍ 211 റണ്‍സിന്റെ തകര്‍പ്പന്‍ ജയം നേടിയതിന്റെ ആത്മവിശ്വാസം ഭാരത വനിതകള്‍ക്കുണ്ട്. ഏകദിന പരമ്പരയ്‌ക്ക് മുന്നോടിയായി നാട്ടിലെത്തിയ വിന്‍ഡീസിനെതിരെ ട്വന്റി20 പരമ്പര സ്വന്തമാക്കിയിരുന്നു.
ഇതിന് മുമ്പ് ഓസ്‌ട്രേലിയന്‍ പര്യടനത്തിന് പുറപ്പെട്ട ഭാരത ടീം എല്ലാ മത്സരങ്ങളും തോറ്റ് തിരികെയെത്തിയിരുന്നു. അതിന്റെ നാണക്കേട് മാറ്റാന്‍ ഭാരതത്തിന് വിന്‍ഡീസിനെതിരെ പരമ്പര നേടിയേ ഒക്കൂ. പരമാവധി നേരത്തെ വിന്‍ഡീസിനെ തോല്‍പ്പിച്ച് അഭിമാനം വീണ്ടെടുക്കലാണ് ഭാരത വനിതകളുടെ ലക്ഷ്യം. ഇതൊടൊപ്പം അടുത്ത വര്‍ഷം നടക്കുന്ന വനിതാ ഏകദിന ലോകകപ്പിനുള്ള ഒരുക്കത്തില്‍ കൂടിയാണ് ടീം. യുവതാരങ്ങളായ പ്രിയ മിശ്ര, പ്രതിക റവാല്‍ എന്നിവരും മികച്ച ഫോമിലാണ്.
കഴിഞ്ഞ ഏതാനും മത്സരങ്ങളായി ഭാരത ഓപ്പണര്‍ സ്മൃതി മന്ദാന അത്യുഗ്രന്‍ ഫോമിലാണ്. കഴിഞ്ഞ ആഞ്ച് ഏകദിനങ്ങളില്‍ നാല് അര്‍ദ്ധസെഞ്ച്വറിയും ഒരു സെഞ്ച്വറിയും നേടി തകര്‍പ്പന്‍ മുന്നേറ്റമാണ് സ്മൃതി നടത്തിക്കൊണ്ടിരിക്കുന്നത്. വിന്‍ഡീസിനെതിരെ ആദ്യ ഏകദിനത്തില്‍ 91 റണ്‍സെടുത്തിരുന്നു. താരം സെഞ്ച്വറി തികയ്‌ക്കാതെ പുറത്തായത് വലിയ നിരാശയായിരുന്നു. ആദ്യ മത്സരത്തില്‍ അഞ്ച് വിക്കറ്റ് പ്രകടനവുമായി പേസര്‍ രേണുക സിങ്ങും മികച്ചു നിന്നു. രേണുകയാണ് മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടത്.