വനിതാ ഏകദിന ലോകകപ്പില്‍ ഡി വൈ പാട്ടീല്‍ സ്‌റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിനെതിരെ 340 റണ്‍സിന്റെ വമ്പന്‍ സ്‌കോര്‍ ഉയര്‍ത്തി ഇന്ത്യ. മഴമൂലം 49 ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 340ലേക്കെത്തിയത്. പ്രതിക റാവല്‍ (122), സ്മൃതി മന്ദാന (109) എന്നിവര്‍ ഇന്ത്യക്കായി സെഞ്ച്വറി നേടി. ഓപ്പണിങില്‍ ഇരുവരും ചേര്‍ന്ന് 32 ഓവറില്‍ 212 റണ്‍സാണ് കൂട്ടിചേര്‍ത്തത്. സെമി ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്തണമെങ്കില്‍ ഇരു ടീമുകളും ഇന്ന് ജയം അനിവാര്യമാണ്.
95 പന്തുകള്‍ നേരിട്ട സ്മൃതി മന്ദാന നാല് സിക്‌സും 10 ഫോറും സഹിതമാണ് ശതകം കുറിച്ചത്. തന്റെ 14ാം സെഞ്ച്വറിയാണ് മന്ദാന പൂര്‍ത്തിയാക്കിയത്. 48 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 329 റണ്‍സെടുത്തിരിക്കെയാണ് മഴയെത്തിയത്. പിന്നീട് ഒരുമണിക്കോറോളം വൈകിയാണ് പുനരാരംഭിച്ചത്. ജമീമ റോഡ്രിഗസ് (55 പന്തില്‍ 76) റണ്‍സുമായി പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (10), റിച്ച ഘോഷ്(4) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍.