മുംബൈയിലെ ഡി.വൈ പാട്ടീല്‍ സ്‌റ്റേഡിയത്തില്‍ ഇതാ ചരിത്രം പിറവിയെടുത്തിരിക്കുന്നു. വനിതാ ഏകദിന ലോകകപ്പില്‍ കന്നിമുത്തമിട്ട് ഇന്ത്യന്‍ പെണ്‍പുലികള്‍. കലാശപ്പോരില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് കീഴടക്കിയാണ് ഇന്ത്യ കിരീടം നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 299 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 246 റണ്‍സിന് പുറത്തായി. കന്നിക്കിരീടം ലക്ഷ്യമിട്ടെത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് നിരാശയോടെ മടക്കം.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാറായ ക്യാപ്റ്റന്‍ ലോറ വോള്‍വര്‍ത്തും ടാസ്മിന്‍ ബ്രിറ്റ്‌സും നല്‍കിയത്. ഇരുവരും ചേര്‍ന്ന് ഒന്‍പത് ഓവറില്‍ ടീമിനെ അമ്പത് കടത്തി. പിന്നാലെ 23 റണ്‍സ് എടുത്ത് ബ്രിറ്റ്‌സ് റണ്ണൗട്ടായി മടങ്ങി. വണ്‍ഡൗണായി ഇറങ്ങിയ അന്നെകെ ബോഷ് ഡക്കായി മടങ്ങിയതോടെ ടീം 622 എന്ന നിലയില്‍ പ്രതിരോധത്തിലായി. ക്യാപ്റ്റന്‍ ലോറ വോള്‍വര്‍ത്ത് ക്രീസില്‍ നിലയുറപ്പിച്ചതോടെ സ്‌കോര്‍ 100 കടന്നു. എന്നാല്‍ മരിസാന്നെ ക്യാപ്പിനെ ഷഫാലിയും സിനാലോ ജാഫ്തയെ ദീപ്തി ശര്‍മയും പുറത്താക്കിയതോടെ ഇന്ത്യക്ക് പ്രതീക്ഷ കൈവന്നു.
അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെന്ന നിലയില്‍ പതറിയ ദക്ഷിണാഫ്രിക്കയെ പിന്നീട് ക്യാപ്റ്റന്‍ വോള്‍വാര്‍ത്താണ് കരകയറ്റുന്നത്. അനെറി ഡെര്‍ക്‌സണിനെ കൂട്ടുപിടിച്ച് വോള്‍വാര്‍ത്ത് ടീമിനെ 200 കടത്തി. 35 റണ്‍സെടുത്ത ഡെര്‍ക്‌സണെ ദീപ്തി പുറത്താക്കിയെങ്കിലും സെഞ്ചുറി തികച്ച വോള്‍വാര്‍ത്ത് പിടികൊടുക്കാതെ ബാറ്റേന്തി. എന്നാല്‍ ദീപ്തി ശര്‍മ കളിയുടെ ഗതി മാറ്റി. വോള്‍വാര്‍ത്തിന്റേതടക്കം രണ്ട് വിക്കറ്റുകള്‍ കൂടി വീഴ്ത്തിയ ദീപ്തി ഇന്ത്യയെ ജയത്തിനടുത്തെത്തിച്ചു. 98 പന്തില്‍ 101 റണ്‍സെടുത്താണ് വോള്‍വാര്‍ത്ത് പുറത്തായത്. രണ്ട് വിക്കറ്റുകള്‍ കൂടി വീഴ്ത്തി ഇന്ത്യ പ്രോട്ടീസിനെ 246 റണ്‍സിന് പുറത്താക്കി.
ആദ്യ ബാറ്റിങ്ങിന് നിയോഗിക്കപ്പെട്ട ഇന്ത്യന്‍ വനിതകള്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സെടുത്തിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് നിയോഗിക്കപ്പെട്ട ഇന്ത്യ ബാറ്റിങ് നിരയുടെ കൂട്ടായ പോരാട്ടത്തിലൂടെയാണ് പൊരുതാവുന്ന സ്‌കോറിലേക്കെത്തിയത്.
ഓപണര്‍മാരായ സ്മൃതി മന്ദാനയും (45), ഷഫാലി വര്‍മയും (87) മികച്ച തുടക്കം നല്‍കി. വിക്കറ്റൊന്നും നഷ്ടമാവാതെ സ്‌കോര്‍ നൂറ് കടത്തിയപ്പോള്‍, 300നപ്പുറം ടോട്ടലായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍, മധ്യ ഓവറുകളില്‍ വിക്കറ്റുകള്‍ വീഴ്ത്തിയും റണ്‍സൊഴുക്ക് തടഞ്ഞും ദക്ഷിണാഫ്രിക്കന്‍ ബൗളിങ് നിര ഇന്ത്യക്ക് കടിഞ്ഞാണിട്ടു.