ഹാങ്‌ഛോ: ഏഷ്യാകപ്പ് ഹോക്കിയില്‍ ഇന്ന് ഭാരതം-ചൈന ഫൈനല്‍. വൈകീട്ട് 5.20നാണ് കിരീടപ്പോര്. ജയിക്കുന്നവര്‍ അടുത്തവര്‍ഷം നെതര്‍ലന്‍ഡ്‌സിലും ബെല്‍ജിയത്തിലുമായി നടക്കുന്ന വനിതാ ലോകകപ്പ് ഹോക്കിയിലേക്ക് നേരിട്ട് യോഗ്യത നേടും.
ഏഷ്യാകപ്പ് സൂപ്പര്‍ ഫോര്‍ ഘട്ടത്തിലെ അവസാന റൗണ്ട് മത്സരമായിരുന്നു ഇന്നലെ. നിര്‍ണായക മത്സരത്തില്‍ ജപ്പാനെ 1-1 സമനിലയില്‍ തളയ്‌ക്കാനായതാണ് ഭാരതത്തിന് ഫൈനലിലേക്ക് വഴി തെളിച്ചത്. ഇതിനൊപ്പം സൂപ്പര്‍ ഫോറിലെ മറ്റൊരു മത്സരത്തില്‍ കൊറിയയെ ചൈന 1-0ന് തോല്‍പ്പിച്ചതും ഭാരതത്തിന് ഗുണമായി. ഭാരതം ഫൈനലിലേക്ക് മുന്നേറിയതോടെ നിലവിലെ ജേതാക്കളായ ജപ്പാന്റെ സാധ്യതകള്‍ കൂടി അസ്തമിച്ചു. ഇന്നലത്തെ കളിക്ക് മുമ്പേ ചൈന ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചിരുന്നു. കലാശപ്പോരിലേക്കുള്ള രണ്ടാം ടീമാകാന്‍ വേണ്ടിയായിരുന്നു ഇന്നലത്തെ മരണ പോരാട്ടങ്ങള്‍. കൊറിയക്ക് ഫൈനലിലെത്താന്‍ ചൈനയെ രണ്ട് ഗോള്‍ ലീഡില്‍ തോല്‍പ്പിക്കേണ്ടിയിരുന്നു. പക്ഷെ അവര്‍ക്ക് ജയിക്കാനായില്ലെന്ന് മാത്രമല്ല. 1-0ന് തോല്‍ക്കുകയും ചെയ്തു.
ജപ്പാനെതിരെ ഏഴാം മിനിറ്റില്‍ ഭാരതം ഗോള്‍ നേടി മുന്നിലെത്തി. മത്സരം അവസാനത്തോടടുക്കുമ്പോഴും ഭാരതം ഈ ഒരു ഗോളില്‍ ലീഡ് ചെയ്തു. എന്നാല്‍ കളി തീരാന്‍ രണ്ട് മിനിറ്റുള്ളവ്വോള്‍ ചൈന ഒരു ഗോള്‍ നേടി സമനിലയിലെത്തുകയായിരുന്നു.