മുംബൈ: വനിതാ ഏകദിന ലോകകപ്പിലെ രണ്ടാം സെമി ഫൈനലിൽ ഇന്ത്യ ഇന്ന് ഓസ്ട്രേലിയയെ നേരിടുകയാണ്. ടോസ് നേടിയ ഓസീസ് ക്യാപ്റ്റൻ ആദ്യം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. റണ്ണൊഴുകുന്ന പിച്ചിൽ ആദ്യം ബാറ്റ് ചെയ്തു കൂറ്റൻ സ്കോർ ഉയർത്തുകയാണ് ഓസ്‌ട്രേലിയയുടെ ലക്ഷ്യം. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 7.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 55/1 റൺസാണ് ഓസീസ് നേടിയത്. ഓപ്പണർ ഫീബി ലിച്ചിഫൈഡ് (25 പന്തിൽ 34) തകർപ്പൻ തുടക്കമാണ് ഓസീസിന് സമ്മാനിച്ചത്.
രണ്ട് റൺസെടുത്ത് നിൽക്കെ ഓസീസ് ക്യാപ്റ്റൻ അലിസ ഹീലിയുടെ അനായാസ ക്യാച്ച് ഹർമൻപ്രീത് സിങ് നിലത്തിട്ടിരുന്നു. പിന്നാലെ ഓസീസ് ഓപ്പണർമാർ തകർത്തടിക്കുന്നതാണ് കണ്ടത്. മഴ കളി തടസപ്പെടുത്തുന്നതിന് തൊട്ടു മുൻപായി ഓസ്ട്രേലിയയ്ക്ക് ഒരു വിക്കറ്റ് നഷ്ടമായി. അഞ്ച് റൺസെടുത്ത അലിസ ഹീലിയെ ക്രാന്തി ഗൗഡ ക്ലീൻ ബൗൾഡാക്കി.
പിന്നാലെ എല്ലിസ് പെറിയെ രേണുക സിങ് താക്കൂർ വിക്കറ്റിന് മുന്നിൽ കുടുക്കിയെങ്കിലും റിവ്യൂവിൽ പന്ത് ലെഗ് സ്റ്റംപിന് പുറത്തേക്കാണ് പോകുന്നതെന്ന് വ്യക്തമായി. ഇതോടെ അംപയർ ഔട്ട് വിധിച്ച തീരുമാനം പിൻവലിച്ചു.
തെളിഞ്ഞ ആകാശമാണ് നവി മുംബൈയിലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ ഇപ്പോഴുള്ളത്. റണ്ണൊഴുകുന്ന പിച്ചിൻ്റെ ആനുകൂല്യം മുതലെടുക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഓസീസ് ക്യാപ്റ്റൻ അലിസ ഹീലി ടോസിന് ശേഷം പറഞ്ഞു.