
ഭാരതത്തിന്റെ ദേശീയ പൈതൃകത്തെ ഉയര്‍ത്തിക്കാട്ടുകയും, സ്വാതന്ത്ര്യ സമരത്തെ പ്രചോദിപ്പിക്കുകയും ചെയ്ത വന്ദേമാതര ഗാനത്തിന്റെ നൂറ്റിയന്‍പതാം വാര്‍ഷികം രാജ്യമെമ്പാടും വിപുലമായി ആഘോഷിക്കുകയാണ്. ഇതു സംബന്ധിച്ച് വിവിധ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്.
വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സാംസ്‌കാരിക പരിപാടികളും അക്കാദമിക് പ്രോഗ്രാമുകളും പ്രദര്‍ശനങ്ങളുമൊക്കെ ഇതിലുള്‍പ്പെടുന്നു.
ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ ആനന്ദമഠം എന്ന നോവലില്‍ ഉള്‍പ്പെട്ടതാണ് സംസ്‌കൃതത്തിലുള്ള വന്ദേമാതരം. സാമ്രാജ്യത്വ ഭരണത്തിനെതിരായ പ്രതിരോധത്തിന്റെ കാലത്ത് സുപ്രധാന സാംസ്‌കാരിക ചിഹ്നമായി വന്ദേമാതരം മാറിയിരുന്നു.
സ്വാതന്ത്ര്യസമരകാലത്ത് ഈ ഗാനം വിപ്ലവകാരികള്‍ക്കിടയിലെ ഏകീകരണ മുദ്രാവാക്യമായിരുന്നു. ഇതിലെ വരികള്‍ മാതൃഭൂമിയുടെ ശക്തമായ പ്രതീകങ്ങളെ ഉണര്‍ത്തി, ഭാഷാ-പ്രാദേശിക ഭേദങ്ങളെ മറികടന്ന് ദേശീയബോധം വളര്‍ത്തി.
നമ്മുടെ ഭരണഘടന വന്ദേമാതരത്തിന് ദേശീയഗീതമെന്ന സ്ഥാനം നല്‍കിയിട്ടുണ്ടെങ്കിലും
ഇതിനെതിരെ ചില വിഭാഗങ്ങളും ശക്തികളും ഒളിഞ്ഞും തെളിഞ്ഞും രംഗത്തുവരികയുണ്ടായി. ദൗര്‍ഭാഗ്യവശാല്‍ സ്വതന്ത്ര ഭാരതത്തിന്റെ ഭരണം ആറുപതിറ്റാണ്ട് കാലം നിയന്ത്രിച്ച കോണ്‍ഗ്രസ് വന്ദേമാതര ഗാനത്തോട് നീതിപുലര്‍ത്തിയില്ല. ഇന്ദിരാഗാന്ധിയുടെ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വന്ദേമാതരത്തിന്റെ നൂറാം വാര്‍ഷികം നടക്കാതെ പോയി എന്ന വസ്തുത വിസ്മരിക്കാന്‍ പാടില്ല. പാര്‍ലമെന്റില്‍ വന്ദേമാതരം ആലപിക്കുന്നതിനെതിരെ മുസ്ലിംലീഗും ഇടതു പാര്‍ട്ടികളും മറ്റും പലപ്പോഴും രംഗത്ത് വരികയുണ്ടായി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമ്മേളനത്തില്‍ ദേശീയ ഗാനത്തിന്റെ സ്രഷ്ടാവായ രവീന്ദ്രനാഥ ടാഗോര്‍ തന്നെ വന്ദേമാതരം ആലപിച്ചിട്ടുള്ളതാണ്.
അതിനുശേഷമാണ് ഇത് സ്വാതന്ത്ര്യസമരത്തിന്റെ കരുത്തുറ്റ മുദ്രാവാക്യമായി മാറിയത്. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങളില്‍ ഈ ഗാനം മന്ത്രമുഖരിതമായി. ദേശസ്‌നേഹപരമായ നിരവധി മുദ്രാവാക്യങ്ങളും ഇതില്‍നിന്ന് ഉയിരെടുത്തു. എണ്ണമറ്റ വിപ്ലവകാരികളെ പ്രചോദിപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെ ബലിവേദിയില്‍ ജീവിതം സമര്‍പ്പിക്കാന്‍ പ്രേരിപ്പിച്ചു. അഭിമാനകരവും ആഹ്ലാദകരവുമായ ഈ പാരമ്പര്യം നെഹ്‌റൂവിയന്‍ കോണ്‍ഗ്രസിന് സ്വീകാര്യമായില്ല. വന്ദേമാതരത്തില്‍ ഭാരതത്തെ ദുര്‍ഗയായി സങ്കല്‍പ്പിക്കുന്നത് തങ്ങളുടെ മതത്തിനെതിരാണെന്ന ആക്ഷേപം മുസ്ലിം ലീഗിന് ഉള്ളതിനാല്‍ കോണ്‍ഗ്രസ് എക്കാലവും അവര്‍ക്കൊപ്പം നില്‍ക്കുകയാണുണ്ടായത്. ഈ ദേശവിരുദ്ധ മനോഭാവത്തിന് ഇപ്പോഴും മാറ്റം വന്നിട്ടില്ല. ദേശസ്‌നേഹികള്‍ക്ക് ഒരിക്കലും ഇത് അംഗീകരിക്കാനാവില്ല.
ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയുമൊക്കെ പേരില്‍ ഭിന്നതകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന ഇക്കാലത്ത് വന്ദേമാതരം ഏകതയുടെ മന്ത്രമായി മാറണമെന്ന നിലപാടാണ് ആര്‍എസ്എസ് സ്വീകരിക്കുന്നത്. അതിവിശിഷ്ടമായ ഈ ഗീതം സമ്മാനിച്ച ബങ്കിംചന്ദ്ര ചാറ്റര്‍ജിക്ക് അടുത്തിടെ ചേര്‍ന്ന ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി മണ്ഡലില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിക്കുകയുണ്ടായി.
രാഷ്ടപുനര്‍നിര്‍മ്മാണത്തിന് ശ്രമിക്കുന്നവര്‍ വന്ദേമാതര ആഘോഷ പരിപാടികളില്‍ പങ്കെടുക്കണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ ആഹ്വാനം ചെയ്യുകയുണ്ടായി.
വന്ദേമാതരം ദേശഭക്തിഗീതം മാത്രമല്ല, രാഷ്‌ട്രാത്മാവിന്റെ മന്ത്രം കൂടിയാണ്. മഹര്‍ഷി അരവിന്ദനും മഹാകവി സുബ്രഹ്മണ്യഭാരതിയും ലാലാ ലജ്പത്‌റായിയുമൊക്കെ തങ്ങളുടെ രചനകള്‍ വന്ദേമാതരത്തോടെ തുടങ്ങിയത് ഇതിനു തെളിവാണ്. രചനയുടെ 150 വര്‍ഷം പിന്നിടുമ്പോഴും ജനതയില്‍ രാഷ്‌ട്രഭക്തി ഉണര്‍ത്താനുള്ള കരുത്ത് വന്ദേമാതരത്തിന്റെ ദിവ്യപ്രഭാവത്തിനുണ്ട്.