• Sat. Jan 17th, 2026

24×7 Live News

Apdin News

വന്ദേ ഭാരത് സ്ലീപ്പർ: ആദ്യ ട്രെയിനിന് മോദി പച്ചക്കൊടി കാണിച്ചു

Byadmin

Jan 17, 2026



ന്യൂദൽഹി: ഭാരത റയിൽവേയിൽ ഒരു സുപ്രധാന നാഴികക്കല്ലുകൂടി പിന്നിട്ട്, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പശ്ചിമ ബംഗാളിലെ മാൾഡയിൽ രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഫ്‌ളാഗ് ഓഫ് ചെയ്തു. ഹൗറയ്‌ക്കും ഗുവാഹത്തിക്കും ഇടയിലാണ് ഈ സ്ലീപ്പർ ട്രെയിൻ ഓടുന്നത്.
കൂടാതെ ഗുവാഹത്തി (കാമാഖ്യ)-ഹൗറ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ വെർച്വലായി പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു.

രണ്ടുദിവസത്തെ ബംഗാൾ-അസം സന്ദർശനത്തിനിടെ നിരവധി ട്രെയിൻ, റോഡ് പദ്ധതികൾ പ്രധാനമന്ത്രി രാഷ്‌ട്രത്തിന് സമർപ്പിക്കും.
മാൾഡയിൽ, 3,250 കോടിയിലധികം രൂപയുടെ ഒന്നിലധികം റയിൽ, റോഡ് അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് മോദി ഒരു പൊതു ചടങ്ങിൽ തറക്കല്ലിടും.

വിമാനയാത്രയ്‌ക്ക് സമാനമായ അനുഭവം നൽകുന്നതിനായുള്ള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ
ആധുനിക ഭാരതത്തിന്റെ വർദ്ധിച്ചുവരുന്ന ഗതാഗത ആവശ്യങ്ങൾ നിറവേറ്റുന്നതിന് സഹായകമാകുന്ന തരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് പൂർണ്ണമായും എയർ കണ്ടീഷൻ ചെയ്ത സ്ലീപ്പർ ട്രെയിനാണ്. ഹൗറ-ഗുവാഹത്തി (കാമാഖ്യ) റൂട്ടിൽ യാത്രാ സമയം ഏകദേശം 2.5 മണിക്കൂർ കുറയ്‌ക്കും.

മോദി വിദ്യാർത്ഥികളോടൊപ്പം സഞ്ചരിച്ചും സംവദിച്ചു.
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൽ ആദ്യമായി യാത്ര ചെയ്ത വിദ്യാർത്ഥികളുമായി പ്രധാനമന്ത്രി സംവദിച്ചു. യാത്രയ്‌ക്കിടെ മോദി അവരുമായി സംവദിക്കുകയും അവരുടെ കവിതകൾ കേൾക്കുകയും ചെയ്തു. മോദി അവരുമായി സ്വന്തം അനുഭവങ്ങൾ പങ്കുവെക്കുകയും വിദ്യാർത്ഥികൾക്കായി ഓട്ടോഗ്രാഫുകൾ ഒപ്പിടുകയും ചെയ്തു.

പശ്ചിമ ബംഗാളിൽ നാല് റെയിൽവേ പദ്ധതികൾക്ക് മോദി തറക്കല്ലിട്ടു. ബാലുർഘട്ടിനും ഹിലിക്കും ഇടയിലുള്ള പുതിയ റയിൽ പാത, ന്യൂ ജൽപൈഗുരിയിലെ അടുത്ത തലമുറ ചരക്ക് അറ്റകുറ്റപ്പണി സൗകര്യങ്ങൾ, സിലിഗുരി ലോക്കോ ഷെഡിന്റെ നവീകരണം, ജൽപൈഗുരി ജില്ലയിലെ വന്ദേ ഭാരത് ട്രെയിൻ അറ്റകുറ്റപ്പണി സൗകര്യങ്ങളുടെ നവീകരണം എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ന്യൂ കൂച്ച്‌ബെഹാർ- ബമൻഹട്ട്, ന്യൂ കൂച്ച്‌ബെഹാർ- ബോക്‌സിർഹട്ട് എന്നിവയ്‌ക്കിടയിലുള്ള റെയിൽ ലൈനുകളുടെ വൈദ്യുതീകരണ പദ്ധതിയും മോദി രാജ്യത്തിന് സമർപ്പിച്ചു. ഇത് വേഗതയേറിയതും വൃത്തിയുള്ളതും കൂടുതൽ ഊർജ്ജക്ഷമതയുള്ളതുമായ ട്രെയിൻ പ്രവർത്തനങ്ങൾ സാധ്യമാക്കും. നാല് പുതിയ അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകളും അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്തു. ന്യൂ ജൽപൈഗുരി-നാഗർകോവിൽ അമൃത് ഭാരത് എക്‌സ്പ്രസ്; ന്യൂ ജൽപൈഗുരി- തിരുച്ചിറപ്പള്ളി അമൃത് ഭാരത് എക്‌സ്പ്രസ്; അലിപുർദുർ- എസ്എംവിടി ബെംഗളൂരു അമൃത് ഭാരത് എക്‌സ്പ്രസ്; അലിപുർദുർ- മുംബൈ (പൻവേൽ) അമൃത് ഭാരത് എക്‌സ്പ്രസ് എന്നിവ.

നാളെ ഉച്ചകഴിഞ്ഞ് 3 മണിക്ക് ഹൂഗ്ലി ജില്ലയിലെ സിംഗൂരിൽ ഏകദേശം 830 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും ഫ്‌ളാഗ് ഓഫ് ചെയ്യുകയും ചെയ്യും.

By admin