• Wed. Feb 12th, 2025

24×7 Live News

Apdin News

വന്യമൃഗ ഭീഷണി: സര്‍ക്കാരിന്റെ ഉറപ്പുകള്‍ക്കും ഉറപ്പില്ലാതായി

Byadmin

Feb 12, 2025



ബത്തേരി: ജനകീയ പ്രതിഷേധങ്ങള്‍ അവഗണിക്കപ്പെടുന്നു, വനംവകുപ്പും സര്‍ക്കാരും നല്‍കുന്ന വാക്കുകള്‍ പാലിക്കപ്പെടുന്നില്ല. ഒരുവര്‍ഷത്തിനിടെ ആറ് പേരാണ് കടുവയുടെയും ആനയുടെയും ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പരിക്കേറ്റവര്‍ അതിനേക്കാള്‍ ഏറെയുണ്ട്. ഒരോ ജീവന്‍ നഷ്ടപ്പെടുമ്പോളും പ്രതിഷേധിക്കുന്ന നാട്ടുകാരുടെ ആവശ്യങ്ങള്‍ എല്ലാം സര്‍ക്കാരും വനംവകുപ്പും അംഗീകരിക്കും. എന്നാല്‍ അത് നടപ്പിലാക്കാറില്ല. വന്യജീവികളില്‍ നിന്നുള്ള രക്ഷാ സംവിധാനങ്ങള്‍ക്കും സര്‍ക്കാരിന്റെ ഉറപ്പുകള്‍ക്കും ഇവിടെ ഉറപ്പില്ലാതായി.

2024 ഫെബ്രുവരി 10ന് കാട്ടാന ആക്രമണത്തില്‍ മാനന്തവാടി പനിച്ചിയില്‍ അജീഷ് കൊല്ലപ്പെട്ടപ്പോള്‍ ഉണ്ടായ പ്രതിഷേധം തണുപ്പിക്കാന്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്നും അജീഷിന്റെ ഭാര്യ ഷീബക്ക് ക്ലറിക്കല്‍ പോസ്റ്റില്‍ സര്‍ക്കാര്‍ ജോലി നല്‍കാമെന്നും ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചിട്ടില്ല. ആകെ 10 ലക്ഷം രൂപയും ഷീബക്ക് വനംവകുപ്പില്‍ താല്‍ക്കാലിക വാച്ചര്‍ ജോലിയുമാണ് നല്‍കിയത്. അതിനാല്‍ തന്നെ ഭാര്യ ഷീബ ഇതുവരെ ജോലിയില്‍ പ്രവേശിച്ചിട്ടില്ല.

സമീപത്ത് തന്നെ പാക്കത്ത് പോളിനെ കാട്ടാന കൊലപ്പെടുത്തിയപ്പോള്‍ പ്രദേശത്തെ വനാതിര്‍ത്തികളില്‍ ട്രഞ്ച് നിര്‍മിക്കുമെന്നും അതിന് കഴിയാത്ത ഇടങ്ങളില്‍ ഫെന്‍സിങ്ങ് കാര്യക്ഷമമാക്കുമെന്നും ഉറപ്പ് നല്‍കിയ സര്‍ക്കാര്‍ ഇതുവരെ അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഒന്നും നടത്തിയിട്ടില്ല. പകരം പുല്‍പ്പള്ളിയില്‍ പ്രതിഷേധിച്ച നാട്ടുകാര്‍ക്കെതിരെ കേസെടുക്കുകയാണ് ചെയ്തത്. കടുവ കൊന്ന് ഭക്ഷിച്ച മൂടക്കൊല്ലിയിലെ പ്രജീഷിന്റെ സഹോദരനും ഇതുവരെ സ്ഥിര ജോലി നല്‍കിയിട്ടില്ല. ഇത്തരത്തില്‍ ജനകീയ പ്രതിഷേധങ്ങളെ വാക്ക് നല്‍കി കബളിപ്പിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ കടുത്ത രോഷമാണ് ഉയരുന്നത്. ഇത്തരത്തില്‍ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ തുടരുന്ന കാട്ടാന ആക്രമണങ്ങളും നാടിറങ്ങി മനുഷ്യനെ കൊന്നു ഭക്ഷിക്കുന്ന കടുവയെയും ഭയന്ന് സര്‍ക്കാര്‍ വാഗ്ദാനങ്ങളിലും കബളിപ്പിക്കപ്പെട്ടാണ് ഒരോ വയനാട്ടുകാരുടെയും ജീവിതം.

 

By admin