• Tue. Feb 11th, 2025

24×7 Live News

Apdin News

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം : യുവാവിന് ദാരുണാന്ത്യം, ഭാര്യയെ കാണാനില്ല

Byadmin

Feb 11, 2025


വയനാട്: സുൽത്താൻബത്തേരി നൂൽപ്പുഴയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. കാപ്പാട് ഉന്നതിയിലെ മനു(45)വാണ് മരിച്ചത്. ഇന്നലെ വൈകിട്ട് കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വരുമ്പോഴായിരുന്നു സംഭവം. വീടിനടുത്ത വയലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. മനുവിന്റെ മൃതദേഹം കിടന്നതിന് സമീപം കാട്ടാനയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകും.

മനുവിനൊപ്പം ഭാര്യയും കൂടെയുണ്ടായിരുന്നതായാണ് സൂചന. എന്നാല്‍, ഭാര്യയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ചൊവ്വാഴ്ച രാവിലെ വനത്തിനോട് ചേര്‍ന്ന വയലിലാണ് മനുവിന്റെ ശരീരം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ നാൽപ്പത്തിയഞ്ചുകാരിയായ സ്ത്രീ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ ഞെട്ടൽ മാറും മുമ്പാണ് അടുത്ത സംഭവം. ഇന്നലെ വൈകിട്ട് ആറ് മണിയോടെ പെരുവന്താനത്തിന് സമീപം മതംബ കൊമ്പൻപാറയിലാണ് സോഫിയ ഇസ്മയിലിനെ കാട്ടാന ചവിട്ടി കൊന്നത്.

ടിആർ ആൻഡ് ടി എസ്റ്റേറ്റിൽ വച്ചാണ് ആക്രമണമുണ്ടായത്. കുളിക്കാനായി വീടിന് സമീപത്തെ അരുവിയിലേക്ക് പോയ സോഫിയെ ആന ചവിട്ടി കൊല്ലുകയായിരുന്നു. ഏറെ നേരമായിട്ടും സോഫിയയെ കാണാത്തതിനെ തുടർന്ന് മകൻ അന്വേഷിച്ച് ചെന്നപ്പോൾ അരുവിക്ക് സമീപം ആനയുടെ ചവിട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.



By admin