ദേശീയപാതയില്‍ വയനാട് ചുരം വ്യൂ പോയന്റിന് സമീപം റോഡിലേക്ക് കല്ലും മണ്ണും മരങ്ങളും വീണതിനെ തുടര്‍ന്നുണ്ടായ ഗതാഗത തടസ്സം പൂര്‍ണമായി പുനഃസ്ഥാപിച്ചില്ല. ബുധനാഴ്ച രാത്രി 8.30ഓടെ മണ്ണിടിഞ്ഞ പ്രദേശത്ത് കുടുങ്ങിയ വാഹനങ്ങള്‍ മാത്രം കടത്തിവിട്ട ശേഷം വീണ്ടും ഗതാഗതം നിരോധിച്ചു.
വ്യാഴാഴ്ച രാവിലെ വിദഗ്ധ പരിശോധനക്കു ശേഷം ഗതാഗതം പുനഃസ്ഥാപിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും. ചുരത്തില്‍ ഗതാഗത നിരോധനം തുടരുമെന്ന് ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സന്‍ കൂടിയായ ജില്ല കലക്ടര്‍ ഡി.ആര്‍. മേഘശ്രീ അറിയിച്ചു.
സന്നദ്ധ സംഘടനകളുടെ സഹായത്തോടെ മണ്ണുമാന്തിയും ടിപ്പറും ഉപയോഗിച്ച് കല്ലും മണ്ണും ബുധനാഴ്ച രാത്രിയോടെ പൂര്‍ണമായി നീക്കി. ചൊവ്വ വൈകീട്ട് ആറരയോടെയാണ് വ്യൂ പോയന്റിന് എതിര്‍വശത്തുള്ള കുന്നിന്‍ മുകളില്‍നിന്ന് പാറകളും മണ്ണും മരങ്ങളും റോഡിലേക്ക് വീണത്.
മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടതോടെ നിരവധി യാത്രക്കാര്‍ ചുരത്തില്‍ കുടുങ്ങി. വീണ്ടും മണ്ണിടിയാനുള്ള സാഹചര്യം കണക്കിലെടുത്ത് ചുരം റോഡില്‍ ഗതാഗത നിരോധനം ഏര്‍പ്പെടുത്തി.
വയനാട് ചുരം വ്യൂ പോയന്റില്‍ മണ്ണിടിഞ്ഞ പ്രദേശത്ത് ജിയോളജി, മണ്ണ് സംരക്ഷണ വകുപ്പുകള്‍ സംയുക്ത പരിശോധന നടത്തി. മണ്ണിടിച്ചില്‍ ഉണ്ടായാല്‍ തടയാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ വിദഗ്ധ സമിതി പ്രദേശം സന്ദര്‍ശിക്കുമെന്നും അധികൃതര്‍ അറിയിച്ചു.