• Sun. Aug 31st, 2025

24×7 Live News

Apdin News

വയനാട് ദുരന്തനിവാരണഫണ്ട്;ഷാഫിപറമ്പിലിന്റെയും സംഘത്തിന്റെയും വിദേശ ഫണ്ട് തട്ടിപ്പ് അന്വേഷിക്കണം- വി.മനു പ്രസാദ്

Byadmin

Aug 31, 2025



തിരുവനന്തപുരം: വയനാട് ദുരന്തബാധിതര്‍ക്കായി വീട് നിര്‍മ്മിക്കാനെന്ന പേരില്‍ വടകര എംപി ഷാഫി പറമ്പിലും സംഘവും വിദേശത്ത് നിന്നും പിരിച്ച കോടികളുടെ ഇടപാട് അന്വേഷിക്കണെമെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് വി.മനുപ്രസാദ്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരുടെ സംഘം നടത്തിയ തട്ടിപ്പ് പുറത്തുവരാതിരിക്കാനാണ് കോണ്‍ഗ്രസ് പുതിയ നീക്കം നടത്തുന്നതെന്നും വി.മനുപ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു.

ഷാഫി പറമ്പിലില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. പാവപ്പെട്ട ദുരിത ബാധിതര്‍ക്ക് വീടു വച്ച് നല്‍കാമെന്ന് പറഞ്ഞാണ് ഷാഫിയുടെ സംഘം വിദേശത്ത് നിന്ന് പണം സംഭരിച്ചത്. ഇതില്‍ ആറുകോടിയോളം രൂപ സ്വകാര്യ വ്യക്തികളുടെ അക്കൗണ്ടിലേക്കാണ് എത്തി.

തിരുവനന്തപുരം, ഇടുക്കി, കോഴിക്കോട്, പാലക്കാട്, പത്തനംതിട്ട എന്നിവിടങ്ങളിലുള്ള വ്യക്തികളുടെ അക്കൗണ്ടുകളിലേക്കാണ് പണം എത്തിയത്. കോണ്‍ഗ്രസിന്റെ അക്കൗണ്ടിലേക്ക് എത്തിയ രണ്ട് കോടിക്ക് പുറമെയാണ് ആറുകോടിയിലധികം രൂപ. ഇത് അന്വേഷിക്കണം. രാഹുല്‍ മാങ്കൂട്ടത്തിന്റെ ലൈംഗിക പീഡന കഥകള്‍ക്ക് പിന്നാലെ ഈ സാമ്പത്തിക തട്ടിപ്പ് കൂടി പുറത്തുവരാതിരിക്കാനാണ് രാഹുലിനെയും ഷാഫിയേയും സംരക്ഷിക്കുന്ന നിലപാടിലേക്ക് കോണ്‍ഗ്രസ് എത്തിയത്.

കോണ്‍ഗ്രസ് രാഷ്‌ട്രീയം മലീമസപ്പെട്ടുപോയി. രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത തെറ്റുകളെ കോണ്‍ഗ്രസിന് പോലും നിയന്ത്രിക്കാന്‍ കഴിയുന്നില്ല. ജനങ്ങള്‍ തെരഞ്ഞെടുത്ത എംഎല്‍എയായി തുടരാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് അവകാശമില്ല. രാജി ആവശ്യപ്പെടുമ്പോള്‍ ഇടത് പക്ഷ എംഎല്‍എമാര്‍ രാജിവയ്‌ക്കുന്നില്ലല്ലോ എന്ന മുടന്തന്‍ ന്യായമാണ് കെപിസിസി അധ്യക്ഷന്‍ സണ്ണിജോസഫ് ഉള്‍പ്പെടെ തിരിച്ച് ചോദിക്കുന്നത്. അങ്ങനെയെങ്കില്‍ സ്ത്രീപീഡകര്‍ക്ക് ഒപ്പം നില്‍ക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പോലെയാണ് തങ്ങള്‍ എന്ന് കോണ്‍ഗ്രസ് തുറന്നു സമ്മതിക്കണമെന്നും വി.മനുപ്രസാദ് ആവശ്യപ്പെട്ടു.

 

By admin