• Tue. Mar 4th, 2025

24×7 Live News

Apdin News

വയനാട് പുനരധിവാസ പദ്ധതി മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കുക അസാധ്യം; ഹൈക്കോടതി

Byadmin

Mar 3, 2025


കൊച്ചി: വയനാട് പുനരധിവാസ പദ്ധതി മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കുക അസാധ്യമെന്ന് ഹൈക്കോടതി. പദ്ധതി പൂര്‍ത്തിയാക്കാനുള്ള സമയ പരിധിയില്‍ ഇളവ് നല്‍കുന്നതില്‍ മാര്‍ച്ച് 17നകം മറുപടി നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു.

അതേസമയം, വയനാട് ദുരിത ബാധിതരില്‍ നിന്ന് തല്‍ക്കാലം ബാങ്ക് വായ്പ തിരിച്ചടക്കാന്‍ നിര്‍ദേശിക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. വായ്പ എഴുതിത്തള്ളുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കും വരെ നടപടി പാടില്ലെന്ന് സംസ്ഥാന സര്‍ക്കാരിനും സംസ്ഥാന തല ബാങ്കേഴ്സ് സമിതിക്കും ഹൈക്കോടതി നിര്‍ദേശിച്ചു. ഇക്കാര്യം സംസ്ഥാന സര്‍ക്കാരും സംസ്ഥാന തല ബാങ്കേഴ്സ് സമിതിയും ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ബാങ്ക് വായ്പ എഴുതിത്തള്ളുന്നതില്‍ എസ്എല്‍ബിസി യോഗം നേരത്തെ ചേര്‍ന്നിരുന്നു. എസ്എല്‍ബിസി നല്‍കിയ ശുപാര്‍ശകള്‍ ദേശീയ ബാങ്കേഴ്സ് സമിതിയുടെ പരിഗണനയിലാണ്. ദേശീയ തല ബാങ്കേഴ്സ് സമിതിയുടെ ശുപാര്‍ശ കൂടി പരിഗണിച്ച് ധനമന്ത്രാലയം തീരുമാനമെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതി ഈ മാസം 17ന് വീണ്ടും പരിഗണിക്കും.

By admin