
കൽപ്പറ്റ: വയനാട് വണ്ടിക്കടവിൽ വയോധികനെ കൊലപ്പെടുത്തിയ നരഭോജി കടുവ വനംവകുപ്പിന്റെ കൂട്ടിലായി. ദേവർഗദ്ദ ചെത്തിമറ്റം ഉന്നതിയിലെ കാട്ടുനായ്‌ക്ക ഉന്നതിയിലെ കൂമനെ (മാരൻ–70)കൊന്ന കടുവയാണ് കൂട്ടിലായത്. പുലർച്ചെ ഒന്നരയോടെയാണ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങിയത്. ഒരു കിലോമീറ്റർ ചുറ്റളവിലാണ് മൂന്ന് കൂടുകൾ സ്ഥാപിച്ചിരുന്നത്. 14 വയസുള്ള ആൺകടുവയാണ് കൂട്ടിലായത്. കടുവയെ കുപ്പാടിയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. വയനാട് വന്യജീവി സങ്കേതത്തിലെ വനം വകുപ്പിന്റെ ഡാറ്റാബേസിലെ ഡബ്ല്യുഡബ്ല്യുഎൽ 48 എന്ന കടുവയാണിതെന്നാണ് സംശയം.
ശനി പകൽ ഒന്നോടെ വയനാട് വന്യജീവി സങ്കേതത്തിലെ വണ്ടിക്കടവ് ചെത്തിമറ്റത്ത് കന്നാരംപുഴയുടെ സമീപം വനാതിർത്തിയിലാണ് കൂമൻ കൊല്ലപ്പെട്ടത്. വിറക് ശേഖരിക്കാൻ പോകുന്നതിനിടെ കടുവ ആക്രമിക്കുകയായിരുന്നു. ഇൗ വർഷം കടുവയുടെ ആക്രമണത്തിൽ വയനാട്ടിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ ആളാണ് കൂമൻ.