
മലയാളത്തിന്റെ പ്രിയനടി അനശ്വര രാജനെ പ്രശംസകൊണ്ട് മൂടുകയാണ് തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ രാം ചരണ്‍. അനശ്വരയുടെ ആദ്യ തെലുങ്ക് ചിത്രമായ ചാമ്പ്യന്റെ ട്രെയിലര്‍ ലോഞ്ചില്‍ വേളയിലാണ് അതിഥിയായി എത്തിയ രാം ചരണ്‍ അനശ്വരയെ പ്രകീര്‍ത്തിച്ച് സംസാരിച്ചത്.
”അനശ്വരയോട് എനിക്ക് രണ്ട് കാര്യങ്ങളാണ് പറയാനുള്ളത്. ഒന്നമത്തേത് നിങ്ങള്‍ക്ക് ഇവിടുത്തെ ഏറ്റവും വലിയ പ്രൊഡക്ഷന്‍ ഹൗസുകളില്‍ നിന്നും മികച്ച സംവിധായകരില്‍ നിന്നും നിരവധി കോളുകള്‍ വരാന്‍ പോവുകയാണ്. അതിന് തയ്യാറായി ഇരിക്കുക. കാരണം ചാമ്പ്യന്‍ എന്ന സിനിമയിലെ നിങ്ങളുടെ പ്രകടനം അത്രമേല്‍ മനോഹരമാണ്. ഇന്ത്യന്‍ സിനിമയില്‍ നിങ്ങള്‍ക്ക് വലിയൊരു ഭാവി കാണുന്നുണ്ട് ഞാന്‍. രണ്ടാമതായി അനശ്വരയുടെ മാതൃഭാഷ മലയാളമായിരിന്നിട്ട് കൂടി തെലുങ്ക് പഠിച്ച് സ്വന്തമായി ഡബ്ബ് ചെയ്യാന്‍ വേണ്ടി എടുത്ത തീരുമാനത്തെയും ഞാന്‍ അഭിനന്ദിക്കുന്നു. ഇക്കാലത്ത് മറ്റുള്ളവര്‍ ഇതൊന്നും ചെയ്യാറില്ല, താങ്കളുടെ പാഷനേയും ഡെഡിക്കേഷനേയും ഞാന്‍ അഭിനന്ദിക്കുന്നു.” രാം ചരണ്‍ വേദിയില്‍ സംസാരിക്കവെ പറഞ്ഞു.
മഹാനടിയുടേയും കല്‍ക്കിയുടേയും സംവിധായകനായ നാഗ് അശ്വിനും അനശ്വരയെ അഭിനന്ദിച്ചുകൊണ്ട് സംസാരിച്ചു. ‘അനശ്വര, ഞാന്‍ നിങ്ങളുടെ ഫാന്‍ ആണ്. ഈ സിനിമ റിലീസ് ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ പലരുടേയും പ്രിയപ്പെട്ടവളായി മാറും. ഇതുപോലെയുള്ള സിനിമകളുമായി മുന്നോട്ട് പോകുക”,നാഗ് അശ്വിന്‍ പറഞ്ഞു.
പ്രദീപ് അദ്വൈതം എഴുതി സംവിധാനം ചെയ്യുന്ന ചാമ്പ്യന്‍ എന്ന ചിത്രത്തില്‍ റോഷന്‍ മേകയാണ് നായകന്‍. ചിത്രം ക്രിസ്മസ് ദിനത്തിലാണ് റിലീസാവുന്നത്. തെലുങ്കിലെ വമ്പന്‍ പ്രൊഡക്ഷന്‍ കമ്പനിയായ വൈജയന്തി മൂവിസും സ്വപ്ന സിനിമ, സീ സ്റ്റുഡിയോസ്,ആനന്ദി ആര്‍ട്ട് ക്രിയേഷന്‍സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.