
തിരുവനന്തപുരം :വര്‍ക്കലയില്‍ പെണ്‍കുട്ടിക്കെതിരെ ട്രെയിനില്‍ വെച്ച് ഉണ്ടായ ആക്രമണം പുനരാവിഷ്‌കരിച്ച് തെളിവെടുപ്പ് നടത്തി റെയില്‍വേ പൊലീസ്. പ്രതിയെ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെ കേരള എക്‌സ്പ്രസിന്റെ അതേ കോച്ചില്‍ എത്തിച്ചാണ് തെളിവെടുത്തത്.
വാതില്‍ പടിയിലിരുന്ന പെണ്‍കുട്ടിയെയും സുഹൃത്തിനെയും യാതൊരു പ്രകോപനവും ഇല്ലാതെ ചവിട്ടി താഴെക്ക് ഇട്ടെന്ന് പ്രതി പൊലീസിനോട് വിശദീകരിച്ചു.ട്രെയിനില്‍ കയറും മുമ്പ് പ്രതി മദ്യപിച്ച കോട്ടയത്തെ ബാറില്‍ എത്തിച്ചും അന്വേഷണസംഘം തെളിവെടുപ്പ് നടത്തി.
വഞ്ചിയൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നാല് ദിവസത്തേക്കാണ് പ്രതിയെ റെയില്‍വേ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. തിങ്കളാഴ്ച കസ്റ്റഡി കാലാവധി പൂര്‍ത്തിയാകും. ഉടന്‍തന്നെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് നീക്കം.
അതിനിടെ സംഭവത്തിലെ പ്രധാന സാക്ഷിയായ ഇതര സംസ്ഥാന തൊഴിലാളിയെയും അന്വേഷണസംഘം കണ്ടെത്തി. കേസ് അന്വേഷണത്തില്‍ സാക്ഷിയായ ഇതര സംസ്ഥാന തൊഴിലാളിയുടെ മൊഴി നിര്‍ണായകമാകും.