
Main
തിരുവനന്തപുരം : വര്‍ക്കലയില്‍ മദ്യപന്‍ ട്രെയിനില്‍ നിന്ന് ചവിട്ടി പുറത്തിട്ട 19കാരി ശ്രീക്കുട്ടിയ്‌ക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന ആരോപണവുമായി കുടുംബം.നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള ശ്രീക്കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും അമ്മ പ്രിയദര്‍ശിനി ആരോപിച്ചു. കുട്ടിയുടെ ശരീരം ഐസ് പോലെ തണുത്തിരിക്കുകയാണ്. ശ്വാസം എടുക്കുന്നുണ്ട്.കണ്ണുകള്‍ പാതി തുറന്നിരിക്കുന്നു.
മെഡിക്കല്‍ കോളേജിലെ ചികിത്സയില്‍ തൃപ്തിയില്ല.വിദഗ്‌ദ്ധ ചികിത്സ ഉറപ്പാക്കണമെന്നും പെണ്‍കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു. ഇതാണോ ട്രെയിനിലെ സുരക്ഷയെന്നും അമ്മ ചോദിച്ചു.
ശ്രീക്കുട്ടിയുടെ ശരീരത്തില്‍ ഇരുപതോളം മുറിവുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഇപ്പോള്‍ ആവശ്യമായ ചികിത്സയൊന്നും ലഭിക്കുന്നില്ല. മുത്തശ്ശിയുടെ അടുത്ത് വിവരം പറഞ്ഞാണ് ശ്രീക്കുട്ടി തിരുവനന്തപുരത്തേക്ക് വന്നത്.
തലക്കും നട്ടെല്ലിനും പരിക്കേറ്റ് നിലയില്‍ പരിക്കേറ്റ ശ്രീക്കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.അതേസമയം,റെയില്‍വെ പൊലീസിന്റെ കസ്റ്റഡിയിലുള്ള പ്രതി പനച്ചിമൂട് സ്വദേശി സുരേഷ് കുമാര്‍ കുറ്റം സമ്മതിച്ചു.ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു.
വാതിക്കല്‍ നിന്ന് മാറി നില്‍ക്കാന്‍ പറഞ്ഞിട്ട് കേള്‍ക്കാത്തതിനാല്‍ ചവിട്ടി വീഴ്‌ത്തുകയായിരുന്നുവെന്നാണ് സുരേഷ് കുമാര്‍ പറഞ്ഞത്.
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് ചവിട്ടിത്തള്ളി താഴെയിടുക. മദ്യ ലഹരിയിലായിരുന്ന സഹയാത്രികന്റെ അതിക്രമത്തില്‍ നിന്ന് ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടി തലനാരിഴക്ക് രക്ഷപ്പെടുക. കേട്ടാല്‍ പേടി തോന്നുന്ന സംഭവങ്ങളാണ് കഴിഞ്ഞ രാത്രി കേരള എക്‌സ്പ്രസിന്റെ ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ നടന്നത്. ആലുവയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ശുചിമുറി ഉപയോഗിക്കാനെത്തിയപ്പോള്‍ ഉണ്ടായ വാക് തര്‍ക്കത്തിന്റെ പേരിലാണ് അതിക്രമമെന്നാണ് മൊഴി. ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടി എന്ന സോനയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. തലക്കും നട്ടെല്ലിനും പരിക്കുണ്ട്.