വര്‍ക്കല അയിരൂരില്‍ വയോധികരായ മാതാപിതാക്കളെ വീടിന് പുറത്താക്കിയ സംഭവത്തില്‍ മകള്‍ സിജിക്കും ഭര്‍ത്താവിനുമെതിരെ പൊലീസ് കേസെടുത്തു. അയിരൂര്‍ പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. സ്വത്ത് തട്ടിയെടുക്കല്‍, വഞ്ചന കുറ്റം എന്നിവ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ മകനെയും കേസില്‍ പ്രതി ചേര്‍ത്തേക്കും.
കഴിഞ്ഞ ദിവസമാണ് മകള്‍ മാതാപിതാക്കളെ പുറത്താക്കി ഗേറ്റ് പൂട്ടിയത്. 79 വയസ്സുള്ള സദാശിവനെയും 73 വയസ്സുള്ള സുഷമയെയുമാണ് മകള്‍ വീടിന് പുറത്താക്കി അടച്ചത്. നാട്ടുകാര്‍ ഗേറ്റ് തള്ളി തുറന്നെങ്കിലും മാതാപിതാക്കളെ അകത്ത് കയറ്റാന്‍ ഇവര്‍ തയ്യാറായില്ല. പിന്നാലെ അയിരൂര്‍ പൊലീസ് സ്ഥലത്തെത്തിയിട്ടും മകള്‍ വഴങ്ങിയില്ല.
നേരത്തെയും സമാനമായി മകള്‍ മാതാപിതാക്കളെ പുറത്താക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പിന്നാലെ പൊലീസ് ഇവരെ വൃദ്ധസദനത്തിലേക്ക് മാറ്റി.
പണം കിട്ടിക്കഴിഞ്ഞപ്പോള്‍ തങ്ങളെ മകള്‍ക്ക് വേണ്ടാതെയായെന്ന് മാതാപിതാക്കള്‍ പ്രതികരിച്ചു. മകള്‍ക്ക് 35 ലക്ഷം രൂപ നല്‍കിയിരുന്നെന്നും അത് ഉപയോഗിച്ച് നിര്‍മിച്ച വീട്ടില്‍ നിന്ന് തങ്ങളെ പുറത്താക്കിയെന്നും മാതാപിതാക്കള്‍ പറഞ്ഞു.