തിരുവനന്തപുരം: വര്‍ക്കല പുല്ലാനിക്കോടില്‍ ഭാര്യാ സഹോദരനെ യുവാവ് വെട്ടിക്കൊന്നു. ഗുരുതരമായി പരിക്കേറ്റ ഭാര്യ ഉഷാകുമാരി (46) ആശുപത്രിയില്‍ ചികിത്സയിലാണ്. 54-കാരനായ സുനില്‍ ദത്താണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഉഷാ കുമാരിയുടെ ഭര്‍ത്താവ് ഷാനിക്കായി വര്‍ക്കല പോലീസ് അന്വേഷണം ആരംഭിച്ചു.
വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. കുടുംബ പ്രശ്‌നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. സുനില്‍ ദത്തിനേയും ഉഷാ കുമാരിയേയും പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും സുനില്‍ ദത്ത് മരണപ്പെടുകയായിരുന്നു
ഉഷാകുമാരിയും ഷാനിയും കുറച്ചുനാളുകളായി അകന്ന് താമസിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം കുടുംബവീട്ടില്‍ എത്തിയ ഷാനിയും രണ്ട് സുഹൃത്തുക്കളും ഉഷാകുമാരിയുമായി വഴക്കുണ്ടാക്കി. തുടര്‍ന്ന് ഉഷയുടെ സഹോദരന്‍ സുനില്‍ ദത്ത് പ്രശ്‌നത്തില്‍ ഇടപെട്ടു.
തര്‍ക്കം രൂക്ഷമായതോടെ ഷാനി ഇരുവരേയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സുനില്‍ ദത്തിന്റെ കഴുത്തിനും കാലിനും ഗുരുതരമായി വെട്ടേറ്റു. തലയ്‌ക്ക് വെട്ടേറ്റ ഉഷാകുമാരിയെ പാരിപ്പള്ളിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.