ചെന്നൈ: വലിയ വലിയ നേതാക്കള്‍ വൈകാതെ തമിഴ്നാട്ടിലെ എന്‍ഡിഎയുടെ ഭാഗമാകുമെന്ന തമിഴ്നാട്ടിലെ ബിജെപി എംഎല്‍എ വനതി ശ്രീനിവാസന്റെ പ്രസ്താവന വൈറല്‍. ഈ പ്രസ്താവനയുടെ പിന്നാലെ സമൂഹമാധ്യമങ്ങളില്‍ തമിഴ് വെട്രി കഴകം (ടിവികെ) നേതാവ് നടന്‍ വിജയ് എന്‍ഡിഎയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ പരക്കുകയാണ്.
എന്നാല്‍ വനതി ശ്രീനിവാസന്‍ ആരുടെയും പേരെടുത്തു പറയാതെയായിരുന്നു വലിയ വലിയ നേതാക്കള്‍ വൈകാതെ എന്‍ഡിഎ മുന്നണിയുടെ ഭാഗമാകും എന്ന് പ്രസ്താവിച്ചത്. 41 പേരുടെ മരണത്തിനിടയാക്കിയ കരൂര്‍ ദുരന്തത്തിന്റെ ഉത്തരവാദിത്വം മുഴുവന്‍ വിജയിന്റെ തലയില്‍ കെട്ടിവെയ്‌ക്കാനുള്ള സ്റ്റാലിന്റെ ശ്രമങ്ങള്‍ക്ക് വന്‍ തിരിച്ചടി കിട്ടിയിരുന്നു. സുപ്രീംകോടതി തന്നെ ഈ സംഭവത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതോടെ സ്റ്റാലിന്റെ കള്ളി വെളിച്ചത്താകുമെന്ന രീതിയിലുള്ള പ്രതികരണങ്ങളാണ് പുറത്തുവരുന്നത്.
തമിഴ്നാട്ടില്‍ എന്‍ഡിഎ മുന്നണിയെ കൂടുതല്‍ വിപുലപ്പെടുത്താനുള്ള ശ്രമത്തിലാണ് ബിജെപി. എഐഎഡിഎകെയ്‌ക്ക് പിന്നാലെ കൂടുതല്‍ പാര്‍ട്ടികള്‍ എന്‍ഡിഎയുടെ ഭാഗമാകുമെന്ന അഭ്യൂഹം ശക്തമാണ്.