പാലക്കാട്: അട്ടപ്പാടി ഇലച്ചിവഴി സ്വദേശിനി വള്ളിയമ്മ കൊലക്കേസില്‍ പങ്കാളി പളനി കുറ്റം സമ്മതിച്ചു.കൊലപ്പെടുത്തണം എന്ന ഉദേശത്തോടെ വള്ളിയമ്മയെ കാട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നെന്നാണ് പ്രതിയുടെ മൊഴി .
പുതൂര്‍ ഇലച്ചിവഴി ഉന്നതി സ്വദേശികളാണ് വള്ളിയമ്മയും പഴനിയും. ഭര്‍ത്താവ് മരിച്ച ശേഷം ഉള്‍പ്രദേശമായ ആഞ്ചക്കക്കൊമ്പ് ഉന്നതിയിലായിരുന്നു വള്ളിയമ്മ താമസിച്ചിരുന്നത്. രണ്ട് മാസം മുമ്പ് വള്ളിയമ്മയെ കാണാതായതിനെ തുടര്‍ന്ന് മക്കള്‍ നല്‍കിയ പരാതി പ്രകാരമാണ് പുതൂര്‍ പൊലീസ് അന്വേഷണം തുടങ്ങിയത്. വീണ് പരിക്കേറ്റ് വള്ളിയമ്മ മരിച്ചു എന്നാണ് പഴനി ആദ്യം പൊലീസിന് മൊഴി നല്‍കിയത്.
വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.വിറക് ശേഖരിക്കാനെന്ന് പറഞ്ഞാണ് ആഗസ്ത് 17 ന് പഴനി വള്ളിയമ്മയുമായി കാട്ടിലേക്ക് പോയത്. അവിടെ വെച്ച് തല്ലികൊന്ന് കൊക്കയില്‍ എറിഞ്ഞു. പിന്നീട് കൊക്കയില്‍ നിന്നെടുത്ത് കുഴിയെടുത്ത് മൂടി. വള്ളിയമ്മയ്‌ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് മൊഴി. പ്രതിയെ 5 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.