• Sun. Apr 13th, 2025

24×7 Live News

Apdin News

വാക്കാലുറപ്പിന് എന്തു പ്രസക്തിയെന്ന് ദല്‍ഹി ഹൈക്കോടതി

Byadmin

Apr 8, 2025


ന്യൂദല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ ഉള്‍പ്പെട്ട മാസപ്പടിക്കേസില്‍ തുടര്‍ നടപടികള്‍ തടയണമെന്ന സിഎംആര്‍എല്‍ ഹര്‍ജിയില്‍ ദല്‍ഹി ഹൈക്കോടതി നാളെ അന്തിമ വാദം കേള്‍ക്കും. എസ്എഫ്ഐഒയ്‌ക്കും കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിനും കോടതി നോട്ടീസ് അയച്ചു. അന്വേഷണത്തിനെതിരേ സിഎംആര്‍എല്‍ മുമ്പു നല്കിയ ഹര്‍ജിയിലും നാളെ വാദം കേള്‍ക്കും.

അന്വേഷണം ചോദ്യം ചെയ്ത ഹര്‍ജി തീര്‍പ്പാക്കുംവരെ കേസില്‍ തുടര്‍ നടപടികളുണ്ടാകില്ലെന്ന് നേരത്തേ വാക്കാല്‍ പറഞ്ഞിരുന്നെന്നും അത് ലംഘിക്കപ്പെട്ടെന്നും സിഎംആര്‍എല്‍ വാദിച്ചു. സപ്തംബറില്‍ കേസ് പരിഗണിച്ചപ്പോള്‍ ഇങ്ങനെ ഉറപ്പു നല്കിയിരുന്നതായാണ് സിഎംആര്‍എല്ലിന്റെ വാദം. എന്നാല്‍ താന്‍ ഇത്തരത്തില്‍ ഉറപ്പു നല്കിയിട്ടില്ലെന്ന് എസ്എഫ്ഐഒ അഭിഭാഷകന്‍ വ്യക്തമാക്കി. കക്ഷികള്‍ പരസ്പരം നല്കുന്ന ഈ ഉറപ്പില്‍ എന്തു പ്രസക്തിയാണുള്ളതെന്ന് കേസ് പരിഗണിച്ച ജഡ്ജി ഗിരീഷ് കത്പാലിയ ചോദിച്ചു.

കേസ് റിപ്പോര്‍ട്ട് വിചാരണക്കോടതിക്ക് എസ്എഫ്ഐഒ കൈമാറിയെന്നും അതിനാല്‍ മറ്റു നടപടികള്‍ ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുണ്ടാകരുതെന്ന് സിഎംആര്‍എല്‍ ആവശ്യപ്പെട്ടു. എന്നാല്‍, റിപ്പോര്‍ട്ട് ഫയല്‍ ചെയ്ത സാഹചര്യത്തില്‍ ഈ ആവശ്യത്തിന് എന്തു പ്രസക്തിയെന്നും ഹര്‍ജി നിലനില്‍ക്കുമോയെന്നും കോടതി ആരാഞ്ഞു.

ഇ ഡി അന്വേഷണം ഉള്‍പ്പെടെ സാധ്യത ഇനിയുമുണ്ടെന്നായിരുന്നു സിഎംആര്‍എല്‍ അഭിഭാഷകന്റെ മറുപടി. തുടര്‍ന്നാണ് തുടരന്വേഷണത്തിനെതിരായ അപേക്ഷയില്‍ നോട്ടീസ് അയയ്‌ക്കാന്‍ കോടതി നിര്‍ദേശിച്ചത്.

കേസില്‍ നേരത്തേ വാദം കേട്ടു വിധി പറയാന്‍ മാറ്റിയിരുന്ന, ജസ്റ്റിസ് ചന്ദ്രധാരി സിങ് അലഹാബാദ് ഹൈക്കോടതിയിലേക്കു മാറിയിരുന്നു. തുടര്‍ന്നാണ് ജസ്റ്റിസ് ഗിരീഷ് കത്പാലിയ വീണ്ടും വാദം കേള്‍ക്കുന്നത്.

കൊച്ചി കോടതിയില്‍ തുടര്‍ നടപടികള്‍ ആരംഭിക്കാനിരിക്കേയാണ് സിഎംആര്‍എല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കിയത്. ഹൈക്കോടതി അനുമതിയില്ലാതെ വിചാരണ തുടങ്ങരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.



By admin