തെൽ അവീവ്: ഗസ്സ വെടി നിർത്തൽ കരാറിന്‍റെ ഭാഗമായുള്ള മൂന്നു ബന്ദികളെ ഹമാസ് റെഡ് ക്രോസിന് കൈമാറി. ബന്ദി കൈമാറ്റത്തിൽ ഹമാസ് ആദ്യം മോചിപ്പിക്കുന്ന ഡോറോൻ സ്റ്റൈൻബ്രെച്ചർ, എമിലി ദമാരി, റോമി ഗോനെൻ എന്നീ യുവതികളെയാണ് ഞായറാഴ്ച വൈകീട്ട് റെഡ് ക്രോസ് അധികൃതർക്ക് കൈമാറിയത്.
റെഡ് ക്രോസിൽനിന്ന് ഇവരെ ഇസ്രയേൽ സൈന്യം ഏറ്റുവാങ്ങും. തുടർന്ന് യുവതികളെ തെൽ അവീവിലെ ഷെബ മെഡിക്കൽ സെന്ററിൽ പരിശോധനക്ക് എത്തിക്കും. ഇസ്രായേൽ-റുമേനിയൻ പൗരയായ ഡോറോൻ വെറ്ററിനറി നഴ്സാണ്. അനിശ്ചിതത്വത്തിനൊടുവിൽ ഞായറാഴ്ച രാവിലെയാണ് ആദ്യ ദിവസം മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക ഹമാസ് പുറത്തുവിട്ടത്. ഇതോടെയാണ് വെടിനിർത്തൽ കരാർ നിലവിൽവന്നത്.
നേരത്തെ, നിശ്ചയിച്ച സമയത്തല്ല ഗസ്സയിലെ വെടിനിർത്തൽ കരാർ നിലവിൽവന്നത്. ഇന്ത്യൻ സമയം ഉച്ചക്ക് 12നാണ് വെടിനിർത്തൽ കരാർ നിലവിൽ വരേണ്ടിയിരുന്നത്. എന്നാൽ, മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക ഹമാസ് കൈമാറുന്നത് വരെ വെടിനിർത്തൽ ഉണ്ടാവില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു നിലപാട് എടുത്തതോടെയാണ് കരാർ നടപ്പാക്കുന്നത് വൈകിയത്.