തിരുവനന്തപുരം കമലേശ്വരത്ത് വീട്ടില്‍ കഞ്ചാവ് നട്ടുവളര്‍ത്തിയ അക്കൗണ്ട്‌സ് ജനറല്‍ ഓഫീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍. എജി ഓഫീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ ജതിന്‍ ആണ് പിടിയിലായത്. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് വീടിന്റെ ടെറസില്‍ നട്ടുവളര്‍ത്തിയ നിലയില്‍ കഞ്ചാവ് ചെടികള്‍ കണ്ടെടുത്തത്.
അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസറും രാജസ്ഥാൻ സ്വദേശിയുമായ ജതിനാണ് പിടിയിലായത്. വാടക വീടിന്റെ ടെറസിൽ ആയിരുന്നു കഞ്ചാവ് കൃഷി. ഇയാളുടെ കൂടെ താമസിക്കുന്നവരും എജി ഉദ്യോഗസ്ഥരാണെന്ന് പൊലീസ് അറിയിച്ചു. മൂന്ന് പേരാണ് ഈ വീട്ടില്‍ താമസിക്കുന്നത്.
പതിനൊന്ന് മാസമായി കമലേശ്വരത്തെ വീട്ടില്‍ സുഹൃത്തുക്കളുമായി വാടകയ്ക്ക് താമസിക്കുകയായിരുന്നു ജതിന്‍. എക്‌സൈസ് ലഹരി വിരുദ്ധ സ്‌ക്വാഡിന് ലഭിച്ച രഹസ്യസന്ദേശമാണ് കഞ്ചാവ് കൃഷി പിടിക്കാന്‍ കാരണം. നാല് മാസം വളര്‍ച്ചയെത്തിയ അഞ്ച് കഞ്ചാവ് ചെടികളാണ് ഇയാളുടെ വീട്ടില്‍ നിന്ന് എക്‌സൈസ് സംഘം കണ്ടെടുത്തത്.