
ഭുവനേശ്വർ : ആന്ധ്രാപ്രദേശിലേക്ക് അനധികൃതമായി കന്നുകാലികളെ കൊണ്ടുപോയ വാൻ പിടിയിൽ. 40 പശുക്കളെയാണ് കശാപ്പുകാരിൽ നിന്ന് രക്ഷപ്പെടുത്തിയത് . വാഹനത്തിനുള്ളിൽ തിങ്ങിഞെരുങ്ങി ശ്വാസം കിട്ടാതെ ആറോളം പശുക്കൾ ചത്ത നിലയിലായിരുന്നു.
കോരാപുട്ട് ജില്ലയിലെ ജയ്‌പൂർ സദർ പോലീസ് പരിധിയിലെ ദേശീയപാത 326 ലെ എയർപോർട്ട് ചാക്ക് പ്രദേശത്തിന് സമീപമാണ് സംഭവം. പിടിച്ചെടുത്ത വാഹനം നബരംഗ്പൂരിൽ നിന്ന് ആന്ധ്രാപ്രദേശിലെ ഭദ്രാചലത്തിലേക്ക് കന്നുകാലികളെ കൊണ്ടുപോകുകയായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. അനധികൃതമായി കന്നുകാലികളെ കടത്തുന്നതിനെക്കുറിച്ച് സൂചന ലഭിച്ചതിനെത്തുടർന്ന്, ഹിന്ദു സംഘടനയിലെയും പ്രാദേശിക പശുസംരക്ഷണ ഗ്രൂപ്പുകളിലെയും പ്രവർത്തകർ വാഹനം നിരീക്ഷിക്കാൻ തുടങ്ങി, വിവിധ ജംഗ്ഷനുകളിൽ ജാഗ്രതാ കേന്ദ്രങ്ങൾ സ്ഥാപിച്ചു.
ജയ്‌പൂർ സദർ പരിധിയിൽ ട്രക്ക് പ്രവേശിച്ചപ്പോൾ, പ്രവർത്തകർ ഉടൻ തന്നെ ലോക്കൽ പോലീസിനെ വിവരമറിയിച്ചു.പോലീസ് സംഘം സ്ഥലത്തെത്തി വാഹനം തടഞ്ഞുനിർത്തി ഡ്രൈവറെയും സഹായിയെയും കസ്റ്റഡിയിലെടുത്തു. ഹിന്ദു സമാജ് അംഗങ്ങൾ നൽകിയ രേഖാമൂലമുള്ള പരാതിയുടെ അടിസ്ഥാനത്തിൽ, ഗോവധ നിരോധന നിയമത്തിലെയും മൃഗപീഡന നിയമത്തിലെയും പ്രസക്തമായ വകുപ്പുകൾ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. രക്ഷപ്പെടുത്തിയ 40 കന്നുകാലികളിൽ 34 എണ്ണത്തെ അഭയകേന്ദ്രത്തിനും ചികിത്സയ്‌ക്കുമായി പഞ്ചിയാഗുഡ ഗോശാലയിലേക്കും മാറ്റി.