• Fri. Dec 12th, 2025

24×7 Live News

Apdin News

വായനശാല കേശവപിള്ള പുരസ്‌കാരം പ്രൊഫ. അലിയാര്‍ക്ക് അടൂര്‍ സമ്മാനിച്ചു

Byadmin

Dec 12, 2025



തിരുവനന്തപുരം (12-12-2025): വഞ്ചിയൂര്‍ ശ്രീചിത്തിര തിരുനാള്‍ ഗ്രന്ഥശാലയുടെ ‘ വായനശാല കേശവപിള്ള’ പുരസ്‌കാരം അധ്യാപകന്‍, നടന്‍, എഴുത്തുകാരന്‍ ,ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്എന്നീ നിലകളില്‍ ശ്രദ്ധനേടിയ പ്രൊഫ. അലിയാര്‍ക്ക് സമ്മാനിച്ചു. ഭാരത് ഭവനില്‍ നടന്ന ഗ്രന്ഥശാലയുടെ 111-ാം വാര്‍ഷികാഘോഷചടങ്ങില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പുരസ്‌കാരം സമ്മാനിച്ചു. വായനശാല കേശവപിള്ളയുടെ നാടകങ്ങള്‍ ഒരു ജനതയ്‌ക്ക് നാടകബോധം പകര്‍ന്നതിലും പുതിയ നാടകകലാകാരന്മാരെ വളര്‍ത്തിയതിലും വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

‘പഴയ തലമുറയ്‌ക്ക് പരിചിതനായ കേശവപിള്ളയെ പുതിയ തലമുറയ്‌ക്ക് പരിചയപ്പെടുത്തേണ്ടത് അത്യാവശ്യമാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശ്രീചിത്തിര തിരുനാള്‍ ഗ്രന്ഥശാലയെ ഗവേഷകര്‍ ഒരു വലിയ ആല്‍മരം പോലെ കാണുന്നുവെന്നും വരും ദിവസങ്ങളിലും ഈ ലൈബ്രറി ജ്ഞാനത്തിന്റെ വഴിവിളക്കായി തുടരുമെന്നും മുഖ്യപ്രഭാഷകന്‍ ഡോ.എം ജി ശശിഭൂഷണ്‍ അഭിപ്രായപ്പെട്ടു. ശബ്ദശക്തിയിലൂടെ ജനഹൃദയം കീഴടക്കിയ സി എന്‍ ശ്രീകണ്ഠന്‍നായര്‍,വീരരാഘവന്‍ നായര്‍, കരമന ജനാര്‍ദ്ദനന്‍ എന്നിവരുടെ പാരമ്പര്യത്തില്‍ ഇന്ന് ശ്രദ്ധേയനായ വ്യക്തിത്വമാണ് പ്രൊഫ. അലിയാര്‍ എന്നും അദ്ദേഹം പറഞ്ഞു.

‘അടൂരിന്റെ കൈയില്‍ നിന്നു പുരസ്‌കാരം സ്വീകരിക്കുന്നത് എന്റെ ഗുരുനാഥനില്‍ നിന്നു ബഹുമതി ലഭിക്കുന്നതുപോലെയാണ്,’ എന്ന് പ്രൊഫ. അലിയാര്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
വായനശാല പ്രസിഡന്റ് ആര്‍. രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായിരുന്നു.
ഡോ. രാധാകൃഷ്ണന്‍, പി ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഡോ രാജാവാര്യര്‍ സംവിധാനം ചെയ്ത് തസ്‌ക്കരവീരന്‍ നാടകവും അരങ്ങേറി.

By admin