• Sun. Aug 24th, 2025

24×7 Live News

Apdin News

വായന: ചലിക്കുന്ന ദൈവങ്ങളുടെ നൊമ്പരങ്ങള്‍

Byadmin

Aug 24, 2025



കൃഷ്ണന്‍ പി. കൊന്നഞ്ചേരി

ദേവീദേവന്മാരേയും യക്ഷിഗന്ധര്‍വാദികളേയും ഭൂതങ്ങളേയും നാഗങ്ങളേയും മൃതിയടഞ്ഞ കാരണവന്മാരേയും മണ്‍മറഞ്ഞ വീരപരാക്രമികളേയും കോലസ്വരൂപമായി കെട്ടിയാടിച്ച് മനുഷ്യനില്‍ ദേവതാസങ്കല്പം പൂര്‍ണ്ണമായും ആരോപിച്ചാരാധിക്കുന്ന ഉത്തര കേരളത്തിലെ അനുഷ്ഠാന നര്‍ത്തന കലയാണ് തെയ്യം. ദൈവം എന്ന പദത്തിന്റെ തത്ഭവമാണ് തെയ്യം. തെയ്യം കലാകാരന്‍ ചലിക്കുന്ന ദൈവവും. ഈ പ്രാചീനകലയെ അധികരിച്ച് വികസിപ്പിച്ചെടുത്ത നോവലാണ് സുധ അജിത്തിന്റെ കോലധാരി. തെയ്യത്തിന്റെ വിവിധ ഘടകങ്ങളെ സമൂലം കഥാപരിസരത്തിനനുസരിച്ച് പ്രതിപാദിക്കുമ്പോള്‍ തന്നെ ആട്ടം കഴിയുമ്പോള്‍ ദൈവമല്ലാതാകുന്ന, സാധാരണക്കാരാവുന്ന കോലധാരികളുടെ സമകാലികമായ അടിസ്ഥാന ജീവിത പ്രതിസന്ധികളേയും വിശദമായി നോവലില്‍ അടയാളപ്പെടുത്തുന്നൂണ്ട്.

അബദ്ധത്തില്‍ അല്ലെങ്കില്‍ സന്ദര്‍ഭവശാല്‍ സ്വന്തം സഹോദരന്റെ ഘാതകനായ കുറ്റത്തിന് ജുവനൈല്‍ ഹോമിലെ തടവിന് ശേഷം നകുലന്‍ എന്ന കഥാപാത്രം സ്വന്തം ഗ്രാമത്തിലെത്തിച്ചേരുന്നതു മുതലാണ് കഥ തുടങ്ങുന്നത് അയാളെ ഒരു തികഞ്ഞ കോലധാരിയാക്കണമെന്ന അമ്മാവന്‍ കുമാരനാശാന്റെ ആഗ്രഹവും അങ്ങനെയാവാന്‍ വേണ്ടി അയാളനുഭവിക്കുന്ന യാതനകളും ഒടുവില്‍ സ്വന്തം പിതാവിന്റെ തന്നെ ഘാതകനാവുന്നതുമാണ് നോവലിന്റെ ഇതിവൃത്തം.

താന്‍കൂടി അംഗമായി താമസിക്കുന്ന, അമ്മാവന്റെ വീട്ടില്‍ ആരും തന്നോട് മിണ്ടാതിരിക്കുക, ആര്‍ക്കോവേണ്ടിയെന്നപോലെ വിളമ്പിവെക്കുന്ന ഭക്ഷണം നിവൃത്തികേടുകൊണ്ട് വിശപ്പടക്കാനായി കഴിച്ചെന്നുവരുത്തുക, തെയ്യ പഠനം മുടങ്ങാതിരിക്കാനായി ഇറങ്ങിപ്പോകാനാവാതെ ഗതികെട്ടവനെ പോലെ ആ വീട്ടില്‍ കഴിയേണ്ടി വരിക- ഇത്തരം നിരവധി മനോദുരന്തങ്ങളിലൂടെ സഞ്ചരിച്ചാണ് നകുലന്‍ തന്റെ ജീവിതാഭിലാഷമായ കോലധാരിയിലെത്തുന്നത്.

വേളികഴിച്ച് ഭാര്യയായി കൂടെ കഴിയുന്ന മൈഥിലിയുടെ അച്ഛന്‍ മാധവന്‍ നമ്പ്യാരാണ് നകുലന്റെയും പിതാവ് എന്ന അമ്മയുടെ വെളിപ്പെടുത്തലോടെ നോവല്‍ ഒരു വ്യത്യസ്ത ദിശയിലേക്ക് മാറുകയാണ്. നകുലന്‍, സുഹൃത്ത് ജയരാമന്‍, വാര്‍ദ്ധക്യത്തിന്റെ എല്ലാ അവശതകളും സഹിച്ച് തെയ്യം കെട്ടിയാടുന്ന കുമാരനമ്മാവന്‍, വിഷയലമ്പടനായ മാധവന്‍ നമ്പ്യാര്‍ എന്നിങ്ങനെ വ്യത്യസ്തരായ കഥാപാത്രങ്ങളൂടെ സ്വഭാവരൂപീകരണത്തിലെ മികവ് കൃതിയില്‍ സ്പഷ്ടമാണ്. അതേ കൈയ്യൊതുക്കം നകുലന്റെ ഭാര്യ മൈഥിലി, സഹോദരി സുനന്ദ, പ്രണയിനി കല്യാണി എന്നീ വര്‍ത്തമാനകാല സ്ത്രീകഥപാത്രങ്ങളുടെ കാര്യത്തിലും ദൃശ്യമാണ്.

അച്ഛന്റെ മരണത്തെ തുടര്‍ന്നുള്ള ചടങ്ങ് കഴിഞ്ഞ് നകുലനോട് യാത്ര പറഞ്ഞ് ഭര്‍തൃവീട്ടിലേക്ക് തിരിച്ചുപോകുന്ന കല്യാണി പഴയ പ്രണയമോര്‍ത്ത് ഒരിക്കലെങ്കിലും തന്നെ തിരിഞ്ഞുനോക്കുമെന്ന് നകുലന്‍ കരുതി. പക്ഷെ അതുണ്ടായില്ല. വിവാഹത്തോടെ സ്ത്രീകള്‍ തങ്ങള്‍ക്കെന്നും കല്ലുകടിയാവുന്ന പൂര്‍വ്വകാലം മറക്കുന്ന സാമൂഹ്യ സ്വഭാവത്തിന്റെ ദൃഷ്ടാന്തമാണിത്. മുഖത്തെഴുത്ത് കഴിഞ്ഞ് മുടി എന്ന് വിളിക്കുന്ന ചെറിയ കിരീടം വച്ച് സ്വന്തം മുഖം കണ്ണാടിയില്‍ കണ്ടതോടെ അമ്മാവനില്‍ കണ്ടനാര്‍ കേളന്‍ ആവേശിച്ചുതുടങ്ങി. ഇനി ഏതാനും മണിക്കൂര്‍ മനുഷ്യനായ അമ്മാവനു പകരം ദൈവമായ കണ്ടനാര്‍ കേളന്‍ മാത്രമെ കാണുകയുള്ളു. കഠിനമായ ആട്ടത്തിശേഷം നേരെ ചമയപ്പുരയിലെത്തി ഒരു കരിക്കിന്‍ വെള്ളം കുടിച്ച് തഴപ്പായയിലേക്ക് ഒരു പഴന്തുണിക്കെട്ടു പോലെ അമ്മാവന്‍ വീണു… കഥാപാത്രത്തിന്റെ കാഴ്ചയിലൂടെ തെയ്യാട്ടങ്ങളെ വിശദമാക്കുന്ന കഥാകൃത്തിന്റെ രചനാശൈലി ഹൃദ്യമായിട്ടുണ്ട്. മകന്‍ വാസു നന്നാവാന്‍ വാര്‍ദ്ധക്യത്തിന്റെ അവശതകളിലും തെയ്യം കെട്ടി പ്രാര്‍ത്ഥിക്കുന്ന കുമാരനമ്മാവന്‍ ഒരു വിശ്വാസത്തിന്റെ പ്രതീകമായി രൂപപ്പെടുന്നു.

നെല്ലിമരത്തില്‍ കയറി രണ്ട് പാമ്പിനെ കൊന്ന് അവയോടൊപ്പം തീയില്‍ വീണു മരിച്ച കൂലിവേലക്കാരന്‍ കേളന്‍ കണ്ടനാര്‍ കേളന്‍ തെയ്യമായ കഥ തെയ്യസ്വരൂപങ്ങള്‍ രൂപം കൊള്ളുന്നത് അറിയിക്കുന്നു. തെയ്യക്കോലങ്ങള്‍ തെയ്യപ്രമാണങ്ങള്‍, ചമയങ്ങള്‍, വെള്ളാട്ടം, ചായില്യവും മനയോലയും മഞ്ഞളും കരിമഷിയും ചേര്‍ന്ന മുഖത്തെഴുത്ത് എന്നിങ്ങനെ തെയ്യംകലയുടെ വിവിധ ഘടകങ്ങളെ വിശദമായി രേഖപ്പെടുത്തിയത് തെയ്യത്തെക്കുറിച്ച് അറിവ് പകരും.

ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങുന്ന ജയില്‍പുള്ളികളോടുള്ള പുച്ഛവും വെറുപ്പും കലര്‍ന്ന സമൂഹത്തിന്റെ സമീപനത്തെ വ്യക്തമാക്കുന്നതാണ് നോവലിനെ വേറിട്ടതാക്കുന്ന മറ്റൊരു സവിശേഷഘടകം. നകുലന്‍ എന്ന കേന്ദ്രകഥാപത്രത്തിന്റെ എല്ലാവിധ മാനസിക സംഘര്‍ഷങ്ങള്‍ക്കും ഈ സാമൂഹ്യതിരസ്‌കാരം ഒരു കാരണമാകുന്നുണ്ട്. ‘നകുലാ ഞ്ഞ് വേണം എനക്ക് പകരക്കാരനാവാന്‍. ഞ്ഞി ഈ നാടു മുഴുവന്‍ അറീണ തെയ്യക്കാരനാവണം. ഇനക്കത് കയിയും നകുലാ’ ഇങ്ങനെ നോവലിസ്റ്റ് പഠിച്ചെടുത്ത് പകര്‍ത്തിയ കണ്ണൂര്‍ ഭാഷയുടെ സൗന്ദര്യം ദൃശ്യമാവുന്ന കൃതിയില്‍ തോറ്റം പാട്ടുകള്‍, കളരി എന്നിവയ്‌ക്ക് തെയ്യവുമായുള്ള ചേര്‍ച്ചയും ബന്ധവും നൊവലിസ്റ്റിന്റെ ഗവേഷണപ്രതിഫലനമായി കൃതിയില്‍ കാണാം. കഥാതന്തുവിന്റെ വിവിധ അടരുകളിലേക്കുള്ള എഴുത്തിന്റെ ക്രമാനുഗതമായ വികാസം, കഥാപത്രങ്ങളും ഇതിവൃത്ത പരിസരങ്ങളുമായുള്ള തികഞ്ഞ യോജിപ്പ്, കഥ നടക്കുന്ന കാലം, സ്ഥലം എന്നിവയില്‍ സമൂഹത്തെ വളരെ സൂക്ഷ്മമായി പഠനവിധേയമാക്കിയുള്ള രചനാരീതി എന്നിങ്ങനെ നോവലെഴുത്തിന്റെ സുപ്രധാന ഘടകങ്ങളെല്ലാം പാകയളവില്‍ ചേര്‍ത്ത് 156 പേജിലൊതുക്കിയ കോലധാരി സവിശേഷമായ വായനാനുഭവമാണ്.

By admin