• Sun. Nov 23rd, 2025

24×7 Live News

Apdin News

വായന: പൂര്‍ണ്ണത്രയീശനെ അറിയാനും ആരാധിക്കാനും

Byadmin

Nov 23, 2025



കെ.പി മുരളി

പ്രകൃതി സൗന്ദര്യം മാത്രമല്ല, വലുതും ചെറുതുമായ ആയിരക്കണക്കിന് ക്ഷേത്രങ്ങളും കേരളത്തിന്റെ സവിശേഷതയാണ്. ഇതുകൊണ്ടു കൂടിയാണ് കേരളം ദൈവത്തിന്റെ സ്വന്തം നാടായി അറിയപ്പെടുന്നതും. കേരളീയരില്‍ ഭൂരിപക്ഷവും ദൈവവിശ്വാസികളും, പതിവായി ക്ഷേത്രാരാധന നടത്തുന്നവരുമാണ്. സാമുദായികവും രാഷ്‌ട്രീയവും സാമ്പത്തികവുമൊക്കെയായ വേര്‍തിരിവുകള്‍ ഇതിന് തടസ്സമാകാറില്ല.

ഇങ്ങനെയൊക്കെയാണെങ്കിലും ക്ഷേത്രങ്ങളെ സംബന്ധിക്കുന്ന അടിസ്ഥാനപരമായ പല ധാരണകളും സാധാരണ ഭക്തര്‍ക്ക് അന്യമാണ്. ദേവീദേവന്മാരുടെ ദര്‍ശനം ലഭിക്കുക, വഴിപാടുകള്‍ നടത്തുക എന്നതിനപ്പുറം ക്ഷേത്രത്തെ സംബന്ധിച്ചും ആരാധനയെക്കുറിച്ചും കൂടുതല്‍ അറിയാന്‍ ഭക്തര്‍ ശ്രമിക്കാറില്ല എന്നത് ഒരു വാസ്തവമാണ്. ഇക്കാര്യത്തില്‍ ഭക്തരെ ബോധവല്‍ക്കരിക്കണമെന്ന ചിന്ത ദേവസ്വം ബോഡുകള്‍ക്കോ മറ്റ് ക്ഷേത്രം നടത്തിപ്പുകാര്‍ക്കോ പൊതുവെ ഉണ്ടാകാറുമില്ല. ഇവിടെയാണ് തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തെക്കുറിച്ച് പി.എന്‍. ജോബ് രചിച്ച പുസ്തകം പ്രസക്തമാകുന്നത്.

രാജനഗരമായി അറിയപ്പെടുന്ന തൃപ്പൂണിത്തുറയുടെ മഹത്വത്തിനും ഐശ്വര്യത്തിനും പ്രധാന കാരണങ്ങളിലൊന്ന് അവിടെ സ്ഥിതിചെയ്യുന്ന പൂര്‍ണ്ണത്രയീശ ക്ഷേത്രമാണെന്ന് കരുതപ്പെടുന്നു. കൊച്ചി ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ഈ ക്ഷേത്രം അനേകം ഭക്തരെയാണ് പ്രതിദിനം ആകര്‍ഷിക്കുന്നത്.

പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിന്റെ ഐതിഹ്യപ്പെരുമയെക്കുറിച്ചും ആത്മീയ ചൈതന്യത്തെക്കുറിച്ചും അറിയാന്‍ ആഗ്രഹിക്കുന്നവരെ ശരിയായി വഴികാട്ടുകയാണ് ഈ പുസ്തകം ചെയ്യുന്നത്. ദേശദേശാന്തരങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന ക്ഷേത്രത്തിന്റെ ചരിത്രവും ആരാധനാവിധികളും അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്രയിക്കാവുന്ന പുസ്തകമാണിത്. ഇങ്ങനെയൊരു ഗ്രന്ഥത്തിന്റെ അഭാവമാണ് തൃപ്പൂണിത്തുറ സ്വദേശിയും, പൂര്‍ണത്രയീശന്റെ സമ്പൂര്‍ണ്ണ ഭക്തനുമായ ജോബിനെ ‘ശ്രീപൂര്‍ണ്ണത്രയീശക്ഷേത്രം, ചരിത്രവും ആചാരവും’ എന്ന രചന നിര്‍വഹിക്കാന്‍ പ്രേരിപ്പിച്ചത്.

കേരളത്തിലെ ഏറ്റവും പുരാതന ക്ഷേത്രങ്ങളില്‍ ഒന്നാണ് പൂര്‍ണ്ണത്രയീശ ക്ഷേത്രം. ഭക്തിയോടുകൂടി തന്നെ ആശ്രയിക്കുന്നവര്‍ക്ക് സര്‍വ്വ ഐശ്വര്യങ്ങളും ഭഗവാന്‍ നല്‍കുന്നുവെന്നത് ഈ ക്ഷേത്രത്തിന്റെ മഹിമകളില്‍പ്പെടുന്നു. കൊച്ചി രാജാക്കന്മാര്‍ തങ്ങളുടെ കുടുംബ പരദേവതയായും രക്ഷാമൂര്‍ത്തിയായും പൂര്‍ണ്ണത്രയീശനെ കാണുന്ന കാര്യം ഗ്രന്ഥകാരന്‍ എടുത്തു പറഞ്ഞിട്ടുണ്ട്.

മഹാഭാരത യുദ്ധത്തിന്റെ അവസാനത്തോടെ ആരംഭിച്ച കലിയുഗത്തിന്റെ ‘പത്മം’ എന്നു പേരുള്ള അന്‍പത്തിയൊന്നാം ദിവസമാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ നടന്നതെന്ന് ഗ്രന്ഥകാരന്‍ അഭിപ്രായപ്പെടുന്നു. ”ഈ പ്രതിഷ്ഠ നടന്നപ്പോള്‍ ശ്രീകൃഷ്ണനും പാണ്ഡവരും ഉണ്ടെന്നും, ഭഗവാന്റെ സ്വര്‍ഗ്ഗാരോഹണം കഴിഞ്ഞിട്ടില്ലെന്നും വേണം കരുതാന്‍. തൃപ്പൂണിത്തുറയിലെ പ്രതിഷ്ഠക്കുശേഷം പത്തുകൊല്ലവും ഇരുപത്തിയൊന്‍പത് ദിവസവും ഭഗവാന്‍ ഭൂമിയില്‍ ഉണ്ടായിരുന്നെന്നും, കലിയുഗം പിറന്നിട്ട് പത്തുകൊല്ലവും രണ്ടുമാസവും കഴിഞ്ഞ് മിഥുനമാസം പതിനെട്ടാം തീയതിയാണ് ശ്രീകൃഷ്ണ ഭഗവാന്റെ സ്വര്‍ഗ്ഗാരോഹണം എന്നു പറയപ്പെടുന്നു.” ക്ഷേത്രത്തിന്റെ പൗരാണികതയിലേക്ക് വിരല്‍ചൂണ്ടുന്നതാണ് ഈ വിവരണം.

ക്ഷേത്രത്തില്‍ ഇന്നു കാണുന്ന വലിയ വിഗ്രഹം നിര്‍മ്മിച്ചത് പങ്ങാരപ്പിള്ളി സ്വദേശിയായ ഒരു ശില്‍പ്പിയാണ്. അശരീരി അനുസരിച്ച് ശ്രീപൂര്‍ണ്ണത്രയീശ വിഗ്രഹം വാര്‍ത്തുകഴിഞ്ഞ ശേഷം വളരെ ശ്രമിച്ചിട്ടും ചേര്‍ത്തുവയ്‌ക്കാന്‍ ശില്‍പ്പിക്ക് കഴിഞ്ഞില്ലത്രേ. ഇങ്ങനെ വന്നപ്പോള്‍ ‘കൂടുകൂടെന്റെ പൂര്‍ണ്ണത്രയീശ’ എന്ന് ശില്‍പ്പി ഭത്സിച്ചതായും, ഉടനെ ബിംബത്തോടൊപ്പം ശില്‍പ്പിയും ചേര്‍ന്നതായും വിശ്വസിക്കപ്പെടുന്നു. ഈ സംഭവത്തിന്റെ ഓര്‍മ്മയ്‌ക്കായാണ് വര്‍ഷംതോറും ചിങ്ങമാസത്തിലെ ഉത്സവം ‘മൂശാരി ഉത്സവം’ എന്ന പേരില്‍ നടത്തുന്നത്. ബിംബത്തിന്റെ പണി വെടിപ്പ് വരുത്തുന്നതിനു മുന്‍പ് ശില്‍പ്പിയായ മൂശാരി ബിംബത്തോട് ചേര്‍ന്നുപോയതുകൊണ്ട് കണ്ണ് മുതലായ അവയവങ്ങള്‍ ഇപ്പോഴും മിനുക്കിത്തീരാത്തവണ്ണമാണ് ഉള്ളത്.

നാല് ഏക്കറോളം വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന ക്ഷേത്രത്തെക്കുറിച്ച് പുസ്തകം നല്‍കുന്ന വിവരങ്ങള്‍ ഈ ദേവാലയത്തെ അടുത്തറിയാന്‍ സഹായിക്കുന്നു. ക്ഷേത്രക്കുളത്തിലെ വെള്ളം ഒരിക്കലും വറ്റാറില്ല എന്നതുള്‍പ്പെടെ അസാധാരണവും അത്ഭുതകരവുമായ പലതും ഗ്രന്ഥകാരന്‍ എടുത്തുപറയുന്നുണ്ട്. ക്ഷേത്രത്തിലെ പൂജാവിധികളെക്കുറിച്ചും, അവയൊക്കെ നടത്താനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചും പുസ്തകത്തില്‍ കൃത്യമായി പ്രതിപാദിക്കുന്നു. ഇത് ഭക്തരെ വളരെയധികം സഹായിക്കും. പൂര്‍ണ്ണത്രയീശന്റെ ഉത്സവത്തിന് ആരാധനയ്‌ക്കു പുറമേ വലിയ സാംസ്‌കാരിക പ്രാധാന്യവുമുണ്ട്. ഉത്സവത്തില്‍ പങ്കുചേരാന്‍ ദൂരദേശങ്ങളില്‍ നിന്നുപോലും ആളുകള്‍ എത്തിച്ചേരുന്നു. ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ഏഴ് ഉത്സവങ്ങളെക്കുറിച്ച് വളരെ വിശദമായി തന്നെ ഗ്രന്ഥകാരന്‍ എഴുതിയിട്ടുണ്ട്. ഈ പുസ്തകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗവുമാണിത്.

കേരളത്തിനകത്തും പുറത്തുമുള്ള നിരവധി ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ളയാളായ ഗ്രന്ഥക്കാരനെ കേവലമായ കൗതുകമല്ല, ഭക്തിയാണ് നയിക്കുന്നത്. പുസ്തക രചനയിലും ഇതു കാണാം. ഭക്തിനിര്‍ഭരമാണത്. പറയാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ വ്യക്തമായിത്തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. പൂര്‍ണ്ണത്രയീശനെ ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്ക് ഏറെ ഉപകാരപ്പെടുന്ന ഒരു കൈപ്പുസ്തകമാണിത്. ഇക്കാര്യത്തില്‍ ഗ്രന്ഥകാരന് അഭിമാനിക്കാം. ക്ഷേത്രത്തെക്കുറിച്ച് ബൃഹത്തായ ഒരു രചന ഭക്തനായ ഈ ഗ്രന്ഥകാരനില്‍ നിന്നുതന്നെ വായനക്കാര്‍ പ്രതീക്ഷിക്കും.

ദേവസ്വം ഓഫീസര്‍ ആര്‍.രഘുരാമന്‍ എഴുതിയിട്ടുള്ള അവതാരികയും, ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ ബിജു ആര്‍.പിള്ളയുടെ ആശംസയും പുസ്തകത്തിന്റെ പ്രാധാന്യവും ആധികാരികതയും എടുത്തുകാട്ടുന്നു.

ശ്രീപൂര്‍ണ്ണത്രയീശ ക്ഷേത്രം, ചരിത്രവും ആചാരവും
പി.എന്‍.ജോബ്, രാജ പ്രസ്, തൃപ്പൂണിത്തുറ
വില 80/-
8129310477

 

By admin