• Mon. Nov 18th, 2024

24×7 Live News

Apdin News

വായുമലിനീകരണം അതി രൂക്ഷം; ഡൽഹിയിലെ സ്കൂളുകൾ ഇന്ന് മുതൽ ഓൺലൈൻ ക്ലാസിലേക്ക് | National | Deshabhimani

Byadmin

Nov 18, 2024



ന്യൂഡൽഹി> ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷം. മലിനീകരണ തോതിലുള്ള വർധനവ്‌ കണക്കിലെടുത്ത് എല്ലാ സ്കൂളുകളിലെയും 9-ാം ക്ലാസ് വരെയുള്ള  വിദ്യാർഥികളുടെ ക്ലാസുകൾ ഇന്ന്‌ മുതൽ ഓൺലൈനായിരിക്കുെമെന്ന്‌  ഡൽഹി സർക്കാർ അറിയിച്ചു.

ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ എല്ലാ സ്കൂളുകളും ഓൺലൈനായിട്ടാണ്‌ ക്ലാസുകൾ നടത്തുകയെന്ന്‌ മുഖ്യമന്ത്രി അതിഷി എക്സിൽ കുറിച്ചു. തിങ്കളാഴ്ച രാവിലെ 8 മണി മുതൽ പ്രാബല്യത്തിൽ വരുന്ന ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിന്റെ (ജിആർഎപി) സ്റ്റേജ് 4 പ്രകാരം  എയർ ക്വാളിറ്റി സമിതി കർശനമായ മലിനീകരണ നിയന്ത്രണ നടപടികളാണ്‌ ഡൽഹിയിൽ സ്വീകരിച്ചിട്ടുള്ളത്‌. ജിആർഎപി-IV നിയമങ്ങൾ പ്രകാരം ട്രക്കുകളുടെ പ്രവേശനം പൂർണമായും നിരോധിക്കുകയും എല്ലാ പൊതു പദ്ധതികളിലും നിർമ്മാണം നിർത്തി വെയ്ക്കുകയും ചെയ്‌തു.

പ്രതികൂല കാലാവസ്ഥയെത്തുടർന്ന് ഡൽഹിയുടെ എയർ ക്വാളിറ്റി ഇൻഡക്സ്‌ (എക്യുഐ)  457 ആണ്‌. അതീവ ഗൗരവ സാഹചര്യമാണിത്‌. അതിനാലാണ്‌ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. അവശ്യസാധനങ്ങൾ കൊണ്ടുപോകുന്നതോ എൽഎൻജി, സിഎൻജി,  ഇലക്ട്രിക് പവർ തുടങ്ങിയ ഇന്ധനങ്ങളിൽ പ്രവർത്തിക്കുന്ന ട്രക്കുകൾക്ക്‌ മാത്രമേ ഡൽഹിയിലേക്ക്‌  പ്രവേശനം ഉള്ളൂ.  

പഴയ നിലവാരമുള്ള ഡൽഹിയിൽ രജിസ്റ്റർ ചെയ്ത എല്ലാ മീഡിയം, ഹെവി ഡീസൽ ചരക്ക് വാഹനങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഹൈവേകൾ, റോഡുകൾ, മേൽപ്പാലങ്ങൾ, വൈദ്യുതി ലൈനുകൾ, പൈപ്പ് ലൈനുകൾ തുടങ്ങിയ പൊതു അടിസ്ഥാന സൗകര്യ പദ്ധതികൾ ഉൾപ്പെടെയുള്ളവയുടെ നിർമാണ പ്രവർത്തനങ്ങളും നിർത്തിവച്ചിരിക്കുകയാണ്.

രാജ്യത്തെ ഏറ്റവും മലിനമായ രണ്ടാമത്തെ നഗരമായി ഡൽഹിയെ ഞായറാഴ്ച പട്ടികപ്പെടുത്തിയിരുന്നു. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡ് (സിപിസിബി) കണക്കുകൾ പ്രകാരം എയർ ക്വാളിറ്റി ഇൻഡക്‌സിൽ രാജ്യത്തെ നാല് നഗരങ്ങളാണ്‌ “കടുത്ത” വിഭാഗത്തിൽ ഉൾപ്പെടുന്നത്‌. ഹരിയാനയിലെ ബഹദൂർഗഢ് ആണ്‌ എയർ ക്വാളിറ്റിയിൽ ഒന്നാമത്‌. എക്യുഐയിൽ  445 ആണ്‌ ബഹദൂർഗഢിന്റെ സ്ഥാനം.  ഡൽഹി (441), ഹരിയാനയിലെ ഭിവാനി (415), രാജസ്ഥാനിലെ ബിക്കാനീർ (404) എന്നിവയാണ്‌ തൊട്ടുപിന്നിൽ.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ



By admin