• Fri. Oct 18th, 2024

24×7 Live News

Apdin News

വാര്‍ത്തയും വിശകലനവും വേര്‍തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയായെന്ന് മന്ത്രി പി.രാജീവ്

Byadmin

Oct 18, 2024


കൊച്ചി: മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ നാലാം തൂണ്‍ എന്നാണ് പരിഗണിക്കപ്പെടുന്നത്. മാധ്യമങ്ങള്‍ വാര്‍ത്തയുടെ വിശ്വാസ്യത കാത്ത് സൂക്ഷിക്കേണ്ടതുണ്ട്. വാര്‍ത്ത വസ്തുതാപരവും വിശകലനം സ്വതന്ത്രവുമാകണം. പക്ഷെ ഇപ്പോള്‍ വാര്‍ത്തയും വിശകലനവും വേര്‍തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയുണ്ടെന്ന് വ്യവസായ മന്ത്രി പി.രാജീവ്. .പാലാരിവട്ടം റിനൈ കൊളോസിയത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ 60ാം പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പഴയ രീതിയില്‍ നിന്നും മാധ്യമപ്രവര്‍ത്തനം ഇപ്പോള്‍ ഒരു പാട് മാറിയെന്നും ഇപ്പോള്‍ ഒരു വ്യക്തിയുടെ ശബ്ദമുണ്ടായാല്‍ എഐയ്‌ക്ക് തന്നെ ഇപ്പോള്‍ വാര്‍ത്താ വായിക്കാന്‍ കഴിയുമെന്നും  മന്ത്രി പി.രാജീവ് പറഞ്ഞു.

മാധ്യമപ്രവര്‍ത്തനത്തില്‍ ഒരു പാരഡൈം ഷിഫ്റ്റ് (അടിസ്ഥാനപരമായ മാറ്റം) സംഭവിച്ചിട്ടുണ്ട്. വസ്തുതതയില്‍ നിന്നും ഭാവനയിലേക്കുള്ള പരിണാമത്തിന്റെ വ്യത്യസ്ത ഘട്ടങ്ങള്‍ മാധ്യമചരിത്രത്തില്‍ കാണാനാവും. പക്ഷെ കേരളത്തിലെ മാധ്യമങ്ങള്‍ ഇപ്പോള്‍ വിചാരങ്ങളല്ല, വികാരങ്ങളാണ് ഇളക്കിവിടുന്നത്- അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ മുതലാളിമാര്‍ തന്നെ വാര്‍ത്താ അവതാരകരാവുകുയം റിപ്പോര്‍ട്ടര്‍മാരാവുകയും ചെയ്യുന്ന കാലഘട്ടമാണ്. സോഷ്യല്‍ മീഡിയയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി പലരും സ്വതന്ത്ര പത്രപ്രവര്‍ത്തകരായി മാറിയിട്ടുണ്ടെന്നും മന്ത്രി രാജീവ് പറഞ്ഞു.

മാധ്യമങ്ങള്‍ സര്‍ക്കാരിനെ വിമര്‍ശിക്കരുതെന്ന് ഞങ്ങള്‍ എവിടെയും പറഞ്ഞിട്ടില്ല. മാധ്യമസ്വാതന്ത്ര്യം ശക്തമായി നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. സര്‍ക്കാര്‍ ചെയ്യുന്ന ഗുണപരമായ കാര്യങ്ങള്‍ ജനങ്ങളിലേക്കെത്തിക്കണമെന്നും തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ സര്‍ക്കാര്‍ എപ്പോഴും തയ്യാറാണെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്‍റ് വിനീത അധ്യക്ഷയായിരുന്നു. മുന്‍ മന്ത്രി പ്രൊഫ.കെ.വി. തോമസ്, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍, മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു, പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കിരണ്‍ബാബു എന്നിവര്‍ പ്രസംഗിച്ചു. സുരേഷ് വെള്ളിമംഗലം നന്ദി പറഞ്ഞു.



By admin