വാല്‍പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച ജര്‍മന്‍ പൗരന്‍ മൈക്കിള്‍ (76) ‘മരണം വിളിച്ചുവരുത്തി’യതെന്ന് ആക്ഷേപം. മുന്നറിയിപ്പുകള്‍ അവഗണിച്ച് പോയതാണെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കാട്ടാന റോഡ് മുറിച്ചുകടക്കുമ്പോള്‍ റോഡിന് ഇരുവശത്തും വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരുന്നു. എന്നാല്‍ ഇത് അവഗണിച്ച് ഇയാള്‍ റോഡ് മുറിച്ചുകടക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അതേസമയം മൈക്കിളിനെ കാട്ടാന ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
വാല്‍പാറ റേഞ്ച് ഹൈവേയില്‍ ടൈഗര്‍ വാലിയില്‍ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ആനയുടെ അടുത്തുകൂടെ കടന്നുപോകാന്‍ ശ്രമിച്ച മൈക്കിളിനെ കാട്ടാന ഇടിച്ചിടുകയായിരുന്നു. എന്നാല്‍ തെറിച്ച് വീണ മൈക്കിള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചില്ല. ഇയാള്‍ വീണ്ടും ബൈക്കെടുക്കാന്‍ നോക്കിയതോടെ ആന മൈക്കിളിനെ കൊമ്പില്‍ കോര്‍ക്കുകയായിരുന്നു.
സംഭവമറിഞ്ഞ് വനപാലകര്‍ അവിടേയ്ക്കെത്തി. എന്നാല്‍ ഈ സമയം മൈക്കിളിന് സമീപട്ടുത്തന്നെ ആന നിലയുറപ്പിച്ചു. തുടര്‍ന്ന് പടക്കം പൊട്ടിച്ച് ആനയെ പ്രദേശത്ത് നിന്ന് തുരത്തുകയായിരുന്നു. പിന്നാലെ വനപാലകര്‍ മൈക്കിളിന്റെ അടുത്തേയ്ക്ക് എത്തി ഇയാളെ വാട്ടര്‍ഫാള്‍ എസ്റ്റേറ്റ് ആശുപത്രിയിലും പൊള്ളാച്ചി സര്‍ക്കാര്‍ ആശുപത്രിയിലും എത്തിച്ചു. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല.