
ചങ്ങനാശ്ശേരി: ആയിരത്തിയഞ്ഞൂറ് വര്‍ഷങ്ങളോളം ചരിത്ര പ്രാധാന്യമുള്ള മഹാദേവക്ഷേത്രത്തിന്റെ നിലവറയില്‍ നിന്ന് നൂറ്റാണ്ടുകള്‍ പഴക്കം ചെന്ന ഓട്ടുരുളികള്‍ കണ്ടെത്തിയ ലിഖിതം ചരിത്രത്തിലേയ്‌ക്ക് വഴിതുറക്കുന്നു. അനേകം ലിഖിതങ്ങളാണ് ഈ ഓട്ടുരുളികളിലുള്ളത്. ദീര്‍ഘകാലമായി ക്ഷേത്രത്തില്‍ സൂക്ഷിച്ചിരുന്ന ക്ലാവ് പിടിച്ച ഉരുളികള്‍ ഉത്സവത്തോടനുബന്ധിച്ച് മിനുക്കി എടുക്കുന്നതിനിടയിലാണ് ക്ഷേത്ര ഉപദേശകസമിതി അംഗം കൂടിയായ ഷിനോ കുറ്റിശ്ശേരിയുടെ ശ്രദ്ധയില്‍ പെട്ടത്.
ലിഖിതങ്ങളുടെ പകര്‍പ്പുകള്‍ എസ് ബി കോളജ് മലയാള വിഭാഗം മുന്‍ മേധാവിയും ഭാഷാപണ്ഡിതനുമായ പ്രൊഫ. ജോസഫ് സ്‌കറിയക്ക് നല്‍കി ഉള്ളടക്കം അന്വേഷിച്ചപ്പോള്‍ ലിപികള്‍ തമിഴിലും വട്ടെഴുത്തിലും മലയാണ്മയിലുമാണ് കാണപ്പെടുന്നത്. എ ഡി 800 മുതല്‍ക്കേ പ്രചാരത്തിലുള്ള ലിപികള്‍ ഈ ലിഖിതങ്ങളിലുണ്ട്. എ ഡി 830 ലെ വാഴപ്പള്ളി ശാസനം വട്ടെഴുത്തില്‍ എഴുതപ്പെട്ടതാണ്. കൊടൈക്കനാലിനടുത്തുള്ള കുളന്തായി വേലപ്പര്‍ കോവിലിനു സമീപമുള്ള പൂമ്പാറൈ അയ്യാഗുരു എന്നയാള്‍ വാഴപ്പള്ളി ക്ഷേത്രത്തിനു നല്‍കിയ ഉരുളികളാണിവ.
ഈ ക്ഷേത്രം ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കം ചെന്നതും ഭോഗര്‍മുനി പ്രതിഷ്ഠിച്ചതുമായ ക്ഷേത്രങ്ങളില്‍ ഒന്നാമത്തേതെന്ന പ്രത്യേകതയുണ്ട്. ദശപാഷാണം കൂട്ടുകളാല്‍ ഉറപ്പിച്ചിരിക്കുന്ന വിഗ്രഹമാണ് ഈ ക്ഷേത്രത്തിലേത്. വാഴപ്പള്ളി മഹാദേവ ക്ഷേത്രവും പൂമ്പാറൈ വേലപ്പ ടെമ്പിളും തമ്മില്‍ നൂറ്റാണ്ടുകള്‍ മുമ്പേ ഉണ്ടായിരുന്ന സമ്പര്‍ക്കത്തിന്റെ ചരിത്രം കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് വക നല്‍കുന്നതാണ്. ചങ്ങനാശ്ശേരിയുടെ പ്രാചീന ചരിത്ര അന്വേഷണങ്ങള്‍ക്ക് വാഴപ്പള്ളി ശാസനം പോലെ തന്നെ സാംസ്‌കാരിക ചരിത്രാന്വേഷണങ്ങള്‍ക്ക് ഈ ലിഖിതങ്ങള്‍ പ്രമാണമായി സ്വീകരിക്കാനാകും. അതിനുള്ള ശ്രമങ്ങള്‍ തുടങ്ങി കഴിഞ്ഞതായി ക്ഷേത്രം ഉപദേശകസമിതിയും ദേവസ്വം ബോർഡും അറിയിച്ചു.
ഉത്സവത്തിന് ശേഷം കോടൈക്കനാലിലെ പൂമ്പാറക്ഷേത്രത്തിലേയ്‌ക്ക് പോകുവാനുള്ള തയ്യാറെടുപ്പിലാണ് ക്ഷേത്രോപദേശകസമിതി ഭാരവാഹികള്‍. ക്ഷേത്രോത്സവത്തിനായി പാത്രങ്ങള്‍ തയ്യാറാക്കിയെടുക്കുന്നതിനായി ക്ഷേത്രത്തിനകത്തെ നിലവറപോലെയുള്ള മുറിയില്‍ കൂട്ടിയിട്ടിരുന്ന പാത്രങ്ങള്‍ കഴുകിവൃത്തിയാക്കിയപ്പോഴാണ് പ്രാചീന ലിപികള്‍ ആലേഖനം ചെയ്ത പാത്രങ്ങള്‍ കിട്ടിയത്. ഇതിന്റെ പഴക്കവും മൂല്യവും നിര്‍ണ്ണയിക്കുന്നതിന് പുരാവസ്തുവകുപ്പിന്റെ പഠനം ആവശ്യമാണ്. ഇതിന്റെ ഭാഗമായി സാംസ്‌ക്കാരിക വകുപ്പിന്റെയും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെയും പ്രതിനിധികള്‍ അടുത്ത ദിവസങ്ങളില്‍ ക്ഷേത്രത്തിലെത്തുമെന്ന് എസ്.ബി.കോളജ് മലയാളവിഭാഗം മുന്‍ മേധാവി ഡോ. ജോസഫ് സ്‌കറിയ അറിയിച്ചു. ഇതിനായി കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം അറിയിച്ചു. ഇവ കണ്ടെത്തിയതോടെ ഭക്തര്‍ കൂടുതല്‍ പ്രതീക്ഷയിലാണെന്നും ക്ഷേത്രത്തോടനുബന്ധിച്ച് മ്യൂസിയം തയ്യാറാക്കി വിദ്യാര്‍ത്ഥികള്‍ക്ക് ഗവേഷണത്തിനുള്ള അവസരമൊരുക്കണമെന്നും ഉപദേശസമിതി ഭാരവാഹികള്‍ പറഞ്ഞു.