
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ കൈ കഴുകാന്‍ ശ്രമിച്ച ദേവസ്വം മുന്‍ കമ്മിഷണര്‍ എന്‍. വാസുവിനെ കുടുക്കിയത് ഓഫീസിലെ പ്രധാന ചുമതലക്കാരനായ ക്ലാര്‍ക്ക് ശ്യാംപ്രകാശ്. വാസു, ദേവസ്വം കമ്മിഷണറായിരുന്ന 2018-19ല്‍ അദ്ദേഹത്തിന്റെ വിശ്വസ്തനായിരുന്നു ശ്യാം. അന്നത്തെ ദേവസ്വം എക്‌സി. ഓഫീസര്‍ ഡി. സുധീഷ് കുമാര്‍ ‘സ്വര്‍ണം പൊതിഞ്ഞ ചെമ്പുപാളികള്‍’ എന്നെഴുതിയത് തിരുത്തി ‘ചെമ്പുപാളികള്‍’ എന്നാക്കിയത് ശ്യാമായിരുന്നു.
ദേവസ്വം കമ്മിഷണര്‍ എന്‍. വാസുവിന്റെ നിര്‍ദേശ പ്രകാരമായിരുന്നു ഇത്. ഉപകാര സ്മരണയായി ശ്യാമിനെ ദേവസ്വം അസി. കമ്മിഷണറായി നിയമിക്കാന്‍ നിര്‍ദേശിച്ചതും വാസുവാണെന്നു വ്യക്തമായിട്ടുണ്ട്. ഭാവിയില്‍ സ്വര്‍ണക്കൊള്ള സംബന്ധിച്ച് ഏതെങ്കിലും വിധത്തിലുള്ള അന്വേഷണം വന്നാല്‍ അതു വഴിതിരിച്ചുവിടുകയെന്ന ലക്ഷ്യത്തോടെ ശ്യാമിനെ പിന്നീട് ദേവസ്വം വിജിലന്‍സില്‍ നിയമിച്ചു. ഹൈക്കോടതി അറിവോടെ നിയമിതനാകുന്ന എസ്പി, രണ്ട് എസ്‌ഐമാര്‍, മൂന്നു സിപിഒമാര്‍, അസി. കമ്മിഷണര്‍ റാങ്കിലുള്ള മൂന്നു ദേവസ്വം ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്നതാണ് ദേവസ്വം വിജിലന്‍സ്.
സ്വര്‍ണക്കൊള്ള സംബന്ധിച്ചു ദേവസ്വം വിജിലന്‍സ് അന്വേഷണം ആരംഭിച്ചപ്പോള്‍ത്തന്നെ, താനാണ് ദേവസ്വം കമ്മിഷണര്‍ക്കായി സ്വര്‍ണം പൊതിഞ്ഞ ചെമ്പുപാളികള്‍ എന്നത് വെറും ചെമ്പുപാളികള്‍ എന്നു തിരുത്തിയതെന്ന് ശ്യാം തുറന്നു പറഞ്ഞു. കൂടാതെ ഉണ്ണികൃഷ്ണന്‍ പോറ്റി വശം പാളികള്‍ കൊടുത്തുവിടാവുന്നതാണെന്ന അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന്റെ നോട്ടിനെ സാധൂകരിക്കുന്ന വിധത്തില്‍ ശിപാര്‍ശ ചെയ്തതും കമ്മിഷണര്‍ക്കായി താനായിരുന്നെന്നു ശ്യാം എസ്പി സുനില്‍ കുമാറിനോടു വ്യക്തമാക്കിയതായാണ് വിവരം. തുടര്‍ന്ന് എസ്പി നിര്‍ദേശ പ്രകാരം അവധിയില്‍ പ്രവേശിച്ച ശ്യാമിനെ രണ്ടു ദിവസം മുമ്പ് എസ്‌ഐടി ചോദ്യം ചെയ്തപ്പോള്‍. നടന്ന കാര്യങ്ങള്‍ കൃത്യമായി വെളിപ്പെടുത്തി. ഇതോടെ അന്വേഷണം വാസുവിലേക്കു തിരിഞ്ഞു. ഇതിനുശേഷമാണ് വാസുവിനെ എസ്‌ഐടി ചോദ്യം ചെയ്തത്. അയ്യപ്പസ്വാമിയുടെ മുതല്‍ കൊള്ളയടിക്കാന്‍ കൂട്ടുനിന്ന വാസു ഒടുവില്‍ താന്‍ കുഴിച്ച കുഴിയില്‍ വീഴുകയായിരുന്നു.
ഇപ്പോള്‍ സസ്‌പെന്‍ഷനിലായ ദേവസ്വം അസി. എന്‍ജിനീയര്‍ സുനില്‍ കുമാറിനെയും 2018-19ലെ ദേവസ്വം അംഗം വിജയകുമാറിനെയും എസ്‌ഐടി ചോദ്യം ചെയ്തതായാണ് വിവരം. 2019ല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന എ. പദ്മകുമാറും ദേവസ്വം കമ്മിഷണര്‍ എന്‍. വാസുവും പല കാര്യത്തിലും അഭിപ്രായ ഭിന്നതയിലായിന്നു. ഈ ശീതസമരത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബു പദ്മകുമാര്‍ പക്ഷത്തും എക്‌സി. ഓഫീസര്‍ ഡി. സുധീഷ് കുമാര്‍ വാസു പക്ഷത്തുമായിരുന്നു. എന്തിന്റെ പേരിലായിരുന്നു അഭിപ്രായ ഭിന്നതയെന്നതും എസ്‌ഐടി അന്വേഷിക്കും.
സ്വര്‍ണക്കൊള്ള നടക്കുമ്പോള്‍ ബോര്‍ഡ് പ്രസിഡന്റായിരുന്ന എ. പദ്മകുമാറിനെ ഇന്നു ചോദ്യം ചെയ്‌തേക്കും. പദ്മകുമാര്‍ പറഞ്ഞിട്ടാണ് പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റി വശം കൊടുത്തുവിട്ടതെന്നു നേരത്തേ മുന്‍ എക്‌സി. ഓഫീസര്‍ സുധീഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു.