മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ എല്ലാ വിഭാഗങ്ങളുടെയും പ്രശംസ നേടിയിരിക്കുന്നു. രാഷ്‌ട്രീയ ലാക്കോടെ ചിലര്‍ വിമര്‍ശനം ഉയര്‍ത്തിയേക്കാമെങ്കിലും അതിനെയൊക്കെ നിഷ്പ്രഭമാക്കുന്ന വിധത്തില്‍ സമഗ്രവും, സര്‍വ്വ മേഖലകളെയും കണക്കിലെടുത്തുകൊണ്ടുമുള്ള ബജറ്റ് നിര്‍ദ്ദേശങ്ങളാണ് തന്റെ എട്ടാമത്തെ പൊതുബജറ്റില്‍ ധനമന്ത്രി അവതരിപ്പിച്ചിട്ടുള്ളത്. സാമ്പത്തിക വികസനത്തിനൊപ്പം സാമൂഹ്യ പുരോഗതിയും സാമൂഹ്യനീതിയും ഉറപ്പുവരുത്തുന്ന സമഗ്ര ബജറ്റാണിത്. വരാനിരിക്കുന്നത് അവസരങ്ങളുടെ കാലമാണെന്ന് ആമുഖമായി നിര്‍മ്മല സീതാരാമന്‍ പറഞ്ഞിരുന്നു. ഇതിനെ ശരിവയ്‌ക്കുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിലുടനീളമുള്ളത്. ദരിദ്ര ജനവിഭാഗങ്ങള്‍, വനിതകള്‍, ആദിവാസികള്‍, യുവാക്കള്‍, അമ്മമാര്‍, കുഞ്ഞുങ്ങള്‍, കര്‍ഷകര്‍, വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍, ഇടത്തരക്കാര്‍ എന്നിവര്‍ക്കൊക്കെ ഗുണവും സാമൂഹ്യ സുരക്ഷയും നല്‍കുന്നു എന്നതാണ് ഈ ബജറ്റിന്റെ സവിശേഷത. പശ്ചാത്തല വികസനത്തിന് വലിയ പ്രാധാന്യം നല്‍കുന്നതോടൊപ്പം വ്യക്തികളുടെ വരുമാനം വര്‍ദ്ധിപ്പിക്കുകയും, വിപണിയില്‍ പണം എത്തിക്കുകയും ചെയ്യുന്ന ബജറ്റാണിത്. പതിവുപോലെ പ്രതിരോധ മേഖലയ്‌ക്കായി മതിയായ തോതില്‍ വകയിരുത്തുകയും ചെയ്തിട്ടുണ്ട്.
ആദായ നികുതിയിളവ് 12 ലക്ഷം വരെയാക്കി ഉയര്‍ത്തിയത് ചരിത്രപരമായ പ്രഖ്യാപനം തന്നെയാണ്. മധ്യവര്‍ഗ്ഗക്കാര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമൊക്കെ ഈ പ്രഖ്യാപനം വലിയ നേട്ടമായിരിക്കും. റിബേറ്റ് അടക്കം 12.75 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ നികുതി അടയ്‌ക്കേണ്ടതില്ലെന്ന തീരുമാനം ആശ്വാസകരമാണ്. ഇതോടൊപ്പം പരിഷ്‌കരിച്ച ആദായ നികുതി സ്ലാബുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതനുസരിച്ച് നാല് ലക്ഷം രൂപ വരെ നികുതിയില്ല. നാലുലക്ഷം മുതല്‍ എട്ട് ലക്ഷം വരെ അഞ്ച് ശതമാനവും, എട്ടു മുതല്‍ 12 ലക്ഷം വരെ 10 ശതമാനവുമാണ് ആദായ നികുതി. ഇപ്രകാരം 25 ലക്ഷത്തിന് മുകളിലുള്ളവര്‍ 30 ശതമാനം നികുതിയാണ് നല്‍കേണ്ടത്. ഓരോ സ്ലാബിലും കാര്യമായ നികുതിയിളവാണ് വരുത്തിയിരിക്കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഒരു ലക്ഷം രൂപ നികുതിയിളവ് അനുവദിച്ചിട്ടുണ്ട്. സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും, എല്ലാ വിഭാഗം ജനങ്ങളും ഗുണഭോക്താക്കളാവുകയും ചെയ്യുന്ന നിരവധി പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ട്. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വിഹിതം മുന്ന് ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമാക്കി ഉയര്‍ത്തിയത് ഉള്‍പ്പെടെ കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്ന നിരവധി പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ട്. ജല്‍ജീവന്‍ മിഷന്‍ പദ്ധതിയുടെ വിഹിതം വര്‍ദ്ധിപ്പിച്ചതും, പരുത്തി കര്‍ഷകര്‍ക്ക് ദേശീയ പദ്ധതി പ്രഖ്യാപിച്ചതും കര്‍ഷക ക്ഷേമവും കാര്‍ഷിക മേഖലയുടെ പുരോഗതിയും ഉറപ്പുവരുത്തും. പ്രധാനമന്ത്രി ധനധാന്യ പദ്ധതിയും കാര്‍ഷിക മേഖലയ്‌ക്ക് ഊന്നല്‍ നല്‍കുന്നു. ഈ സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പമാണെന്ന് അടിവരയിടുന്നതാണ് ഈ പ്രഖ്യാപനങ്ങള്‍.
വിദ്യാഭ്യാസ മേഖലയേയും ആരോഗ്യ മേഖലയേയും ബജറ്റ് പ്രത്യേകം പരിഗണിച്ചിട്ടുണ്ട്. ഐഐടിയുടെ വികസനം, അടല്‍ ഇന്നൊവേഷന്‍ മിഷന്റെ കീഴില്‍ രാജ്യത്തെ സ്‌കൂളുകളില്‍ എടിഎല്‍ സ്ഥാപിക്കുന്നത്, ഐടി വിദ്യാഭ്യാസത്തിന് മൂന്ന് സെന്റര്‍ ഓഫ് എക്സലന്‍സ്, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ 75,000 സീറ്റ് വര്‍ദ്ധിപ്പിക്കല്‍, എല്ലാ സര്‍ക്കാര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും ഇന്റര്‍നെറ്റ് എന്നിങ്ങനെ വിദ്യാഭ്യാസ മേഖലയുടെ വികസനത്തിനും നിരവധിയാണ് പ്രഖ്യാപനങ്ങള്‍. കാന്‍സര്‍ അടക്കമുള്ള ഗുരുതര രോഗങ്ങള്‍ക്കുള്ള 36 മരുന്നുകളുടെ വില കുറയ്‌ക്കും എന്നുള്ള പ്രഖ്യാപനം ലക്ഷക്കണക്കിന് രോഗികള്‍ക്ക് ആശ്വാസമാണ്. ജില്ലാ ആശുപത്രികളില്‍ കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതാണ് മറ്റൊന്ന്. മേക്കിങ് ഇന്ത്യ പദ്ധതി കൂടുതല്‍ വ്യാപിപ്പിക്കും. ചെറുകിട സൂക്ഷ്മ ഇടത്തരം പദ്ധതികള്‍ക്ക് കൂടുതല്‍ ധനസഹായം നല്‍കും. രാജ്യത്തെ കളിപ്പാട്ട നിര്‍മ്മാണത്തിന്റെ ഹബ്ബാക്കിമാറ്റുമെന്ന പ്രഖ്യാപനം വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും, വിപണിയിലെ ചൈനീസ് കടന്നുകയറ്റത്തെ ചെറുക്കുകയും ചെയ്യും. ബജറ്റില്‍ ബീഹാറിന് ഗുണം ചെയ്യുന്ന ചില പദ്ധതികള്‍ പ്രഖ്യാപിച്ചത് ഉയര്‍ത്തിക്കാട്ടി കേരളത്തെ അവഗണിച്ചു എന്നാണ് സംസ്ഥാനത്തു നിന്നുള്ള എംപിമാരുടെയും മറ്റും പരാതി. ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനാണ്. കേരളത്തിന് ഗുണം ചെയ്യുന്ന നിരവധി പദ്ധതികള്‍ ബജറ്റിലുണ്ട്. ഇതൊക്കെ മറച്ചു പിടിക്കുന്നതിനാണ് ദുഷ്പ്രചാരണം. സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന പലിശരഹിത വായ്പ ഒന്നരലക്ഷം കോടിയാക്കി ഉയര്‍ത്തിയിരിക്കുന്നതും, ഐടി വികസനത്തിന് പണം നീക്കിവച്ചിട്ടുള്ളതും, ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ വികസനവും ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ കേരളത്തിന് ഗുണം ചെയ്യും.