വികസിത കേരളം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ബിജെപിയുടെ കണ്‍വെന്‍ഷനുകള്‍ ജനങ്ങളില്‍ വലിയ പ്രതീക്ഷ നിറച്ചിരിക്കുകയാണ്. രാജീവ് ചന്ദ്രശേഖര്‍ പുതിയ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ ശേഷം ബിജെപി ഏറ്റെടുത്തിട്ടുള്ള ഈ ദൗത്യം വിജയിക്കേണ്ടത് കേരളത്തിന്റെ നിലനില്‍പ്പിന് ആവശ്യമാണ്. തൃശ്ശൂരില്‍ തുടക്കം കുറിച്ച ബിജെപിയുടെ വികസന കണ്‍വെന്‍ഷന്‍ മറ്റു ജില്ലകളില്‍ നടന്നു വരുന്നു. രാജ്യം കണ്ടിട്ടുള്ള പ്രമുഖ ടെക്‌നോക്രാറ്റും, വിജയംവരിച്ച സംരംഭകനുമായ രാജീവ് ചന്ദ്രശേഖര്‍ വികസനത്തെക്കുറിച്ച് തെളിഞ്ഞ കാഴ്ചപ്പാടുള്ള വ്യക്തിയാണ്. വികസനത്തിന്റെ കാര്യത്തില്‍ കേരളം എവിടെയെത്തി നില്‍ക്കുന്നു എന്നതിനെക്കുറിച്ച് ശരിയായ ധാരണയുള്ളതിനാല്‍ കേരളം വികസിക്കാന്‍ എന്തൊക്കെയാണ് വേണ്ടതെന്നും, എവിടെ നിന്നാണ് തുടക്കം കുറിക്കേണ്ടതെന്നും രാജീവ് ചന്ദ്രശേഖറിന് അറിയാം. ബിജെപിയുടെ വികസന കണ്‍വെന്‍ഷനുകളിലെ പ്രസംഗങ്ങള്‍ തന്നെ ഇതിനു തെളിവാണ്. കേരള വികസനത്തിന്റെ ഒരു പരിപ്രേക്ഷ്യം അവതരിപ്പിക്കാനും, രൂപരേഖ വരച്ചു കാട്ടാനും ബിജെപി അധ്യക്ഷന് കഴിയുന്നുണ്ട്.
വികസിത കേരളം ഒരു മുദ്രാവാക്യം മാത്രമല്ലന്നും, ബിജെപിയുടെ ലക്ഷ്യവും ജനങ്ങളോടുള്ള കടമയുമാണ് അതെന്നും വ്യവസായ രംഗത്ത് പരിചയ സമ്പത്തുള്ള ഈ മുന്‍ കേന്ദ്രമന്ത്രി പറയുമ്പോള്‍ ഇക്കാര്യത്തിലുള്ള ആധികാരികത വ്യക്തമാണ്. കടം മേടിക്കാതെ മുന്നോട്ടുപോകാന്‍ കഴിയാത്ത ഒരു സംസ്ഥാന സര്‍ക്കാര്‍ വാര്‍ഷികം ആഘോഷിക്കാന്‍ നികുതിപ്പണത്തില്‍ നിന്ന് 100 കോടി ചെലവഴിക്കുന്നതിലെ വൈരുദ്ധ്യവും ജനവിരുദ്ധതയും കൊച്ചുകുട്ടികള്‍ക്കുപോലും മനസ്സിലാവും. സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും മാത്രമാണ് ഇക്കാര്യം മനസ്സിലാവാത്തത്. കേരളം വികസിക്കണമെന്ന് യാതൊരു താല്പര്യവുമില്ലാത്ത ഭരണസംവിധാനമാണ് ഒന്‍പത് വര്‍ഷമായി സംസ്ഥാനത്തുള്ളത്.
പത്തു വര്‍ഷത്തിലേറെയായി രാജ്യം ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ലോകം കണ്ണുതുറന്ന് കാണുകയാണ്. അഴിമതിയും സ്വജനപക്ഷപാതവും കൈമുതലാക്കി രാജ്യം ഭരിച്ച കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യുപിഎ സര്‍ക്കാര്‍ ക്ഷണിച്ചുവരുത്തിയ സാമ്പത്തിക കെടുതികളില്‍ നിന്ന് ഭാരതം ഏറെ മുന്നോട്ടു പോയിരിക്കുന്നു. ലോകത്തെ അഞ്ചാമത്തെ വന്‍ സാമ്പത്തിക ശക്തിയായി മാറിയിരിക്കുന്ന ഭാരതം ചില വികസിത രാജ്യങ്ങളെ പിന്തള്ളി മൂന്നാം സ്ഥാനത്തേക്ക് കുതിക്കുകയാണ്. എല്ലാ രംഗത്തും രാജ്യം സ്വയംപര്യാപ്തമാവണം എന്ന ലക്ഷ്യമാണ് ബിജെപിക്കും മോദി സര്‍ക്കാരിനുമുള്ളത്.
ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും എന്നതാണ് ബിജെപിയുടെ എക്കാലത്തെയും നയം. ഇത് ഒരു മുദ്രാവാക്യം മാത്രമായിരുന്നില്ല. അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഈ നയം പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞു. നരേന്ദ്ര മോദി സര്‍ക്കാര്‍ ഭരണത്തിലേറിയപ്പോള്‍ ഈ നയംതന്നെയാണ് കാര്യക്ഷമമായി നടപ്പാക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് അര്‍ഹിക്കുന്നത്തിലേറെ നല്‍കാന്‍ തയ്യാറുള്ള ഒരു ഭരണകൂടമാണിത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പോലും ഇത് ഉപയോഗപ്പെടുത്തുമ്പോള്‍ കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാര്‍ മുഖം തിരിഞ്ഞ് നില്‍ക്കുകയാണ്. വികസനം കൊണ്ടുവരാന്‍ മോദി സര്‍ക്കാരിനോട് സഹകരിക്കുന്നതിനു പകരം കേന്ദ്ര പദ്ധതികള്‍ തടസ്സപ്പെടുത്തുകയും, പേരുമാറ്റി നടപ്പാക്കി ചുളുവില്‍ ബഹുമതി നേടുകയുമാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നത്. പ്രകൃതി ദുരന്തത്തില്‍ പ്പെട്ടവര്‍ക്ക് സഹായം എത്തിക്കുന്നതില്‍ പോലും അനാവശ്യമായ കക്ഷിരാഷ്‌ട്രീയം കലര്‍ത്തുകയാണ്.
ഐക്യകേരളം രൂപം കൊണ്ടതിന് ശേഷമുള്ള ഏഴ് പതിറ്റാണ്ട് കാലം മാറിമാറി സംസ്ഥാനം ഭരിച്ച ഇടതു-വലതു മുന്നണികള്‍ക്ക് കേരള വികസനത്തെ മുന്നോട്ടു നയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത് അപ്രിയ സത്യമാണ്. കേരളത്തിന് അനുയോജ്യമായ വികസന സംരംഭങ്ങള്‍ തുടങ്ങാനും, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ ഈ മുന്നണി ഭരണത്തില്‍ ഉണ്ടായില്ല. ഇതിന് അപവാദമായി പറയാവുന്നത് കൊച്ചിയിലെ അന്താരാഷ്‌ട്ര സ്റ്റേഡിയവും നെടുമ്പാശ്ശേരി വിമാനത്താവളവുമൊക്കെയാണ്. സാമാന്യ ജനങ്ങളുടെ ജീവനോപാധികള്‍ക്ക് വളരെയൊന്നും പിന്തുണ നല്‍കുന്നതല്ല ഇവയൊന്നും. അധികാരത്തുടര്‍ച്ച ലഭിച്ചിട്ടും യഥാസമയം മാലിന്യ സംസ്‌കരണം നടത്തി വൃത്തിയുള്ള ഒരു നഗരം പോലും സൃഷ്ടിക്കാന്‍ കഴിയാത്ത പിണറായി സര്‍ക്കാരിന് വികസനം എന്നു പറഞ്ഞാല്‍ അഴിമതിയാണ്. പാരിസ്ഥിതികമായി കേരളത്തെ നശിപ്പിക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതിക്കു വേണ്ടി വാശിപിടിച്ചത് ഇതിനാണല്ലോ. നികുതിപ്പണം പാര്‍ട്ടിക്കാര്‍ക്ക് മുതല്‍ക്കൂട്ടാന്‍ വഴിയൊരുക്കുന്നതാണ് പിണറായി സര്‍ക്കാരിന്റെ ബജറ്റുകള്‍ പോലും.
ഇടതുപക്ഷത്തില്‍ നിന്ന് വ്യത്യസ്തമായി ഒരു വികസന സങ്കല്പം കേരളം ഭരിച്ച കോണ്‍ഗ്രസിനും യുഡിഎഫിനുമില്ല. വികസനത്തിന്റെ പേരില്‍ അഴിമതി ലക്ഷ്യംവച്ച് സിപിഎമ്മിനെ അനുകരിക്കുകയാണ് കോണ്‍ഗ്രസ് സര്‍ക്കാരുകളും ചെയ്തിട്ടുള്ളത്. ഇതിന് മാറ്റം വന്നാലല്ലാതെ യഥാര്‍ത്ഥ കേരള വികസനം സാധ്യമാകില്ല. രാജ്യത്തിന്റെ വികസന നായകനായ നരേന്ദ്ര മോദിക്കൊപ്പവും ബിജെപിക്കൊപ്പവും സഞ്ചരിച്ചാല്‍ കേരളത്തിന് വികസനത്തിന്റെ സുവര്‍ണ തീരത്തേക്ക് സഞ്ചരിക്കാം. ഈ ദൗത്യമാണ് ബിജെപി ഏറ്റെടുത്തിട്ടുള്ളത്. കക്ഷിരാഷ്‌ട്രീയത്തിനപ്പുറം ചിന്തിക്കുന്ന രാജീവ് ചന്ദ്രശേഖറില്‍ കേരളത്തിന്റെ വികസന നായകനെ ദര്‍ശിക്കാം. ഇങ്ങനെയൊരാള്‍ നയിക്കുന്ന പാര്‍ട്ടിക്കൊപ്പം അണിനിരക്കേണ്ടത് ഓരോ മലയാളിയുടെയും ഉത്തരവാദിത്വമാണ്.