
‘വികസിത ഭാരതം” എന്ന ആശയം ഇന്ന് ലക്ഷ്യം മാത്രമല്ല, ഭാരതത്തിന്റെ ആത്മാവില്‍ പതിഞ്ഞ ഉത്തരവാദിത്തമാണ്. ഒരു രാജ്യം മുന്നോട്ട് പോകുന്നതിനു റോഡുകളും കെട്ടിടങ്ങളും മാത്രം മതി എന്നില്ല. മുന്നോട്ടുള്ള യാത്രയില്‍ ഓരോ പൗരന്റെയും സ്വഭാവം, ചിന്ത, ധാര്‍മ്മികബോധം ഇവ തന്നെയാണ് യഥാര്‍ത്ഥ ആധാരം. ശക്തമായ ഭരണകൂടം ഒരു ദിശ വരെ മാത്രം നയിക്കാം. പക്ഷേ ഒരു സമൂഹത്തെ ഉയര്‍ത്തുന്നത് പൗരന്റെ മനസാണ്. പൗരബോധം എന്നത് പൊതുസ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്നതിലോ നിയമം പാലിക്കുന്നതിലോ ഒതുങ്ങുന്നതല്ല. അത് സമൂഹത്തെ സ്വന്തം ഉത്തരവാദിത്തമെന്നപോലെ കൈകാര്യം ചെയ്യുന്ന ഉള്ളുണര്‍ത്തലാണ്. അതിന്റെ ഉയര്‍ന്ന പ്രഭാവമാണ് ‘പൗരധര്‍മ്മം.’ ഈ നാട്ടില്‍ നിന്ന് ഞാന്‍ എന്താണ് നേടുന്നത് എന്നതിലല്ല, ഈ രാജ്യത്തിന് വേണ്ടി എനിക്ക് എന്താണ് നല്‍കാന്‍ കഴിയുക എന്ന ചിന്തയില്‍ തുടങ്ങുന്ന മാനസിക നിലപാട്.
സൈനികന്‍ അതിര്‍ത്തിയില്‍ ഉറച്ച് നില്‍ക്കുന്നത്, വിദ്യാര്‍ത്ഥി പഠനത്തില്‍ ആത്മാര്‍ത്ഥമായി ചെലവഴിക്കുന്നത്, ഉദ്യോഗസ്ഥന്‍ അഴിമതിയില്ലാതെ ജോലി ചെയ്യുന്നത്… ഇതെല്ലാം ഒരേ ധര്‍മ്മത്തിന്റെ പല മുഖങ്ങളാണ്. ഈ ധര്‍മ്മബോധമാണ് രാഷ്‌ട്രത്തിന്റെ ശക്തി.
ഈ പശ്ചാത്തലത്തിലാണ് ഭാരതീയ ചിന്തയില്‍ ‘രാഷ്‌ട്രം’ എന്ന ആശയം പാശ്ചാത്യരുടെ ‘സ്റ്റേറ്റ്’ എന്ന സങ്കല്‍പ്പത്തിന്റെ പരിധിക്ക് പുറത്തേക്ക് വളരുന്നത്. പാശ്ചാത്യ രാഷ്‌ട്രീയചിന്തകള്‍ ലിബറലിസം, സോഷ്യലിസം, മാര്‍ക്‌സിസം തുടങ്ങിയ കോണുകളില്‍ നിന്നാണ് സ്റ്റേറ്റിനെ വിവക്ഷിക്കുന്നത്. അവകാശങ്ങള്‍, സമ്പത്ത്, വര്‍ഗസമരം. ഇവയാണ് അവരുടെ വിവക്ഷയിലേക്കുള്ള പ്രധാന ലെന്‍സുകള്‍. ലിബറലിസം പറയുന്നത് ഭരണകൂടം വ്യക്തി അവകാശങ്ങളെ സംരക്ഷിക്കുന്ന റഫറിയായിരിക്കണമെന്നാണ്. സോഷ്യലിസവും കമ്മ്യൂണിസവും ഇതിനു വിപരീതമായി, ഭരണകൂടം ശക്തമായി ഇടപെടണം എന്നു വാദിക്കുന്നു. മാര്‍ക്‌സിസം അതിലും അപ്പുറത്ത് സ്റ്റേറ്റിന്റെ അവസാനപ്രതിഭാസമായി വര്‍ഗ്ഗമില്ലാത്ത സമുദായം സ്വപ്‌നം കാണുന്നു.
എന്നാല്‍ ഭാരതീയ ദര്‍ശനം ഈ ചിന്തകളെ മറികടന്ന് മനുഷ്യനെ നാലു പുരുഷാര്‍ത്ഥങ്ങളുമായി (ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം) ചേര്‍ന്ന് പൂര്‍ണ്ണ ജീവിതയാത്രക്കാരനായി കാണുന്നു. ദീനദയാല്‍ ഉപാധ്യായയുടെ ഏകാത്മ മാനവ ദര്‍ശനം അതിനു പ്രധാന ഉദാഹരണമാണ്. മനുഷ്യന്‍ സാമ്പത്തിക ഉപകരണവുമല്ല, സൈദ്ധാന്തിക പോരാളിയുമല്ല; അവന്‍ ഒരു സംസ്‌കാരത്തിന്റെ സംയോജിത പ്രതിഫലനമാണ്. ചാണക്യന്‍ ഇതില്‍ ഒരു പ്രായോഗിക മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു: ഭരണകൂടം ദുര്‍ബലമായാല്‍ ശക്തന്‍ ദുര്‍ബലനെ തിന്നുന്ന ‘മത്സ്യന്യായം’ എന്ന അനാരോഗ്യകരമായ സ്ഥിതിയുണ്ടാകും. അതിനാല്‍ ശക്തമായ ഭരണകൂടം അത്യാവശ്യമാണ്. ആ ശക്തി ജനങ്ങളെ അടിച്ചമര്‍ത്താനുള്ളതല്ല; ധര്‍മ്മത്തെ സംരക്ഷിക്കാനും സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാനുമുള്ളതാണ്.
ഭാരതത്തിലെ മതേതരത്വവും പാശ്ചാത്യ ആശയങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. ഇവിടെ ‘ധര്‍മ്മം’ മതത്തെ സൂചിപ്പിക്കുന്നതല്ല. അത് മനുഷ്യന്റെ കര്‍ത്തവ്യത്തെ സൂചിപ്പിക്കുന്നു. ‘ഏകം സത് വിപ്രാ ബഹുധാ വദന്തി'(ഒരു സത്യം പലവഴികളില്‍ പരിചയപ്പെടാം). ഇതാണ് ഭാരതത്തിന്റെ ബഹുസ്വരതയുടെ യഥാര്‍ത്ഥ ആത്മാവ്. അതുകൊണ്ടാണ് സംസ്‌കാരത്തെ അപമാനിക്കുകയും ഭൂരിപക്ഷത്തെ ‘കപട മതേതരത്വം’ കൊണ്ട് ചുരുക്കുകയും ചെയ്യുന്ന സമീപനങ്ങള്‍ ഭാരതീയ ചിന്ത അംഗീകരിക്കാത്തത്.
സ്ത്രീശാക്തീകരണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിലും ഭാരതത്തിന്റെ ദൃഷ്ടികോണം വ്യത്യസ്തമായ നന്മ നിര്‍ദ്ദേശിക്കുന്നു. പാശ്ചാത്യ ഫെമിനിസത്തിന്റെ ചില അതിര്‍ത്തികളില്‍ കുടുംബ ബന്ധങ്ങള്‍ തകരുന്നതായി കാണുമ്പോള്‍, ഭാരതീയ പാരമ്പര്യം സ്ത്രീയെ ‘ശക്തി’ എന്ന നിലയില്‍ കാണുകയും കുടുംബത്തെ സംരക്ഷിക്കുന്നതിലൂടെയാണ് അവളുടെ ശക്തി ഉയരുന്നതെന്ന് ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നു. അതുപോലെ, പ്രകൃതിയെ ഒരു ഉപഭോഗവസ്തുവായിട്ടല്ല, ആരാധനീയമായ മാതൃസ്വരൂപമായി കാണുന്ന വൈദിക ദൃഷ്ടികോണം സമകാലിക പരിസ്ഥിതിവാദങ്ങളെക്കാള്‍ ആഴമുള്ളതാണ്.
ധാര്‍മ്മിക രാഷ്‌ട്രത്തിലേക്കുള്ള പാത ഭാരതീയ രാഷ്‌ട്ര ദര്‍ശനം ഭരണകൂടത്തെത്തന്നെ ലക്ഷ്യമാക്കുന്നില്ല. അത് രാഷ്‌ട്രചൈതന്യത്തിന്റെ ഒരു അവയവം മാത്രമാണ്. യന്ത്രമല്ല, ജീവിക്കുന്ന ശരീരത്തിന്റെ ഭാഗം. ഇതില്‍ ഭരണകൂടം ശക്തമായിരിക്കണം. പക്ഷേ ആ ശക്തിയുടെ കേന്ദ്രത്തില്‍ ‘ധര്‍മ്മം’ തന്നെ നിലകൊള്ളണം.
പാശ്ചാത്യ ചിന്തകളിലെ അവകാശവാദങ്ങളും വര്‍ഗ്ഗസമരങ്ങളും ഭാരതീയ ജീവിതാനുഭവത്തെ പൂര്‍ണ്ണമായി വിവരിക്കാന്‍ കഴിയുന്നതല്ല. ഭാരതത്തിന്റെ കഥയുടെ അടിത്തറ ആത്മീയതയിലും, സംസ്‌കാരത്തിലും, വേരുകളിലുമാണ്. വികസിത ഭാരതം എന്ന ലക്ഷ്യം അതിനാല്‍ സാമ്പത്തിക, അല്ലെങ്കില്‍ ഭരണപരമായ പദ്ധതി മാത്രമല്ല. അത് ധാര്‍മ്മിക യജ്ഞമാണ്.
ധര്‍മ്മബോധമുള്ള പൗരന്മാരും ധാര്‍മ്മിക മനസ്സുള്ള ഭരണകൂടവും ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍, 140 കോടി മനുഷ്യര്‍ ഒരേയൊരു ദിശയില്‍ സഞ്ചരിക്കാന്‍ തുടങ്ങും. അങ്ങനെ ഒരു രാഷ്‌ട്രം ഉയര്‍ന്നുവരുമ്പോള്‍ വികസിത ഭാരതം സ്വപ്‌നമല്ല, ജീവിക്കുന്ന യാഥാര്‍ത്ഥ്യമായിരിക്കും.