
ഭാരതീയ സാമ്പത്തിക വീക്ഷണത്തിന്റെ അന്തര്‍ധാര വാല്മീകി രചിച്ച ഇതിഹാസ കാവ്യമായ രാമായണത്തിലെ ‘രാമരാജ്യ’ സങ്കല്പമാണ്. ധാര്‍മിക മൂല്യങ്ങളിലൂന്നിയ ജീവിതചര്യകള്‍ അനുഷ്ഠിക്കാനുള്ള പന്ഥാവുകളെ കുറിച്ചാണ് വാല്മീകി പറയുന്നത്. സത്യം പറയാനും ധര്‍മം ആചരിക്കുവാനു (സത്യം വദ, ധര്‍മം ചര) മാണ് രാമായണം ഉദ്‌ബോധിപ്പിക്കുന്നത്. സത്യവും ജീവിത പരിശുദ്ധിയും ദീനാനുകമ്പയും ദാന ധര്‍മാദി ശീലങ്ങളും കാരുണ്യവും അഹിംസാചരണവും ജീവിതത്തെ ശ്രേയസ്‌കരമാക്കുന്ന അടിസ്ഥാനമൂല്യങ്ങളാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാരതീയര്‍ക്കായി ആവിഷ്‌കരിച്ച എല്ലാവരേയും ഉള്‍ക്കൊള്ളുന്ന സര്‍വ്വാശ്ലേഷിയായ വികസന മാതൃക വികസിത ഭാരതത്തെ അന്വര്‍ത്ഥമാക്കാന്‍ ഉതകുന്നതാണ്. വാല്മീകി വിഭാവനം ചെയ്ത രാമരാജ്യ സാമൂഹിക നിര്‍മിതിയാണ് മോദി തന്റെ വികസിത ഭാരത രീതിശാസ്ത്രത്തിലൂടെ രാജ്യത്തിന്റെ വികസന സങ്കല്പങ്ങളെ അന്വര്‍ത്ഥമാക്കാന്‍ സ്വീകരിച്ചിരിക്കുന്നത്. വാല്മീകി വിഭാവനം ചെയ്ത ക്ഷേമ-ഐശ്വര്യാധിഷ്ഠിത നൈതിക സങ്കല്പത്തെയാണ് രാമരാജ്യമെന്ന് വിവക്ഷിക്കുന്നത്. സത്യധര്‍മാദിമൂല്യങ്ങളില്‍ അധിഷ്ഠിതമായ ഒരു സാമൂഹിക വ്യവസ്ഥിതിയുടെ സാര്‍ത്ഥകതയെയാണ് മോദി തന്റെ വികസിത ഭാരത വീക്ഷണത്തിലൂടെ ആവിഷ്‌കരിച്ചിരിക്കുന്നത്. എല്ലാ ജീവജാലങ്ങളുടെയും ക്ഷേമവും ഐശ്വര്യവുമാണ് രാമരാജ്യ സങ്കല്പത്തില്‍ വിഭാവനം ചെയ്തിരിക്കുന്നത്. അതൊരു സാര്‍വ്വലൗകീക ദര്‍ശനമായിട്ടാണ് തുളസീദാസും (രാമചരിതമാനസം), മഹാത്മാഗാന്ധിയും (യ
ങ് ഇന്ത്യാ) വിവക്ഷിച്ചിരിക്കുന്നത്.
മോദി സര്‍ക്കാര്‍ ഭാരത ജനതയ്‌ക്കായി വിഭാവനം ചെയ്ത വികസിത ഭാരത സാമ്പത്തിക നടപടികള്‍ ഈ ദൃശ ലക്ഷ്യങ്ങളെ സാക്ഷാത്കരിക്കാന്‍ പോന്നതാണ്. അടിസ്ഥാന ജനവിഭാഗങ്ങളുടെ സാമ്പത്തിക- സാമൂഹിക-സാംസ്‌കാരിക വികസനത്തെ ലക്ഷ്യമിട്ട് ആവിഷ്‌കരിച്ച ആരോഗ്യ, വിദ്യാഭ്യാസ ,തൊഴില്‍ മേഖലകള്‍ക്കായുള്ള അടിസ്ഥാന സൗകര്യ വികസനം (സ്വച്ഛ് ഭാരത് പദ്ധതി), ദരിദ്ര ജനവിഭാഗങ്ങള്‍ക്കായുള്ള ഭക്ഷ്യ സുരക്ഷാ പദ്ധതി( അന്ത്യോദയ അന്ന യോജന), സാമ്പത്തിക കൈമാറ്റങ്ങള്‍ സുഗമമാക്കുന്ന ജന്‍ധന്‍ യോജന, ഗ്രാമീണ സ്ത്രീകളുടെ ജീവിതം ലളിതമാക്കാന്‍ ഉതകുന്ന ഉജ്വല യോജന, ‘ തെരുവോര കച്ചവടക്കാര്‍ക്കുള്ള സാമ്പത്തിക സുരക്ഷാ പദ്ധതി (പി.എം. സ്വനിധി പദ്ധതി) കരകൗശല വിദഗ്ധര്‍ക്കുള്ള പി.എം വിശ്വകര്‍മ്മ യോജന, കര്‍ഷകര്‍ക്കായുള്ള കാര്‍ഷിക ധനസഹായ പദ്ധതികള്‍ (പി.എം. കിസാന്‍ പദ്ധതി), വിളനാശം മൂലം നഷ്ടം സംഭവിച്ചവര്‍ക്കായുള്ള ധനസഹായ പദ്ധതി (പ്രധാനമന്ത്രി ഫസല്‍ ബീമ യോജന) സ്ത്രീ ശാക്തികരണം ലക്ഷ്യമാക്കിയുള്ള സംവരണ പദ്ധതികള്‍ (നാരി ശക്തി വന്ദന്‍ അധിനിയം), വിദ്യാഭ്യാസ വികാസത്തിനുള്ള നയാവിഷ്‌കാരം (ദേശീയ വിദ്യാഭ്യാസ നയം), ഗോത്ര വര്‍ഗക്കാരുടെ വിദ്യാഭ്യാസ വികസനത്തിനായി ഏകലവ്യ മോഡല്‍ സ്‌കൂളുകള്‍, ദുര്‍ബല ജനവിഭാഗങ്ങള്‍ക്കായുള്ള പാര്‍പ്പിട പദ്ധതികള്‍ (പിഎം. ആവാസ് യോജന). ഗ്രാമ – നഗരവാസികള്‍ക്കുള്ള ശുചിത്വ പദ്ധതികള്‍, ജലജീവന്‍ മിഷന്‍ പദ്ധതി, ആരോഗ്യ ചികിത്സാ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് പദ്ധതി, എന്നിവ ഉള്‍പ്പടെയുള്ള ഒട്ടേറെ പദ്ധതികളോടൊപ്പം അടിസ്ഥാന സൗകര്യ വികസന പദ്ധതികളും രാമരാജ്യ സങ്കല്പത്തെ യാഥാര്‍ത്ഥ്യമാക്കാന്‍ സഹായകമാണ്. അതിനായുള്ള അക്ഷീണ പ്രയത്‌നങ്ങളാണ് മോദി സര്‍ക്കാര്‍ നടത്തുന്നതും.
(ബാംഗ്ലൂര്‍ ഇന്ദിരാഗാന്ധി നാഷനല്‍ സെന്റര്‍ ഫോര്‍ ദ് ആര്‍ട്സ്, മുന്‍ ടാഗോര്‍ നാഷനല്‍ ഫെല്ലോയാണ് ലേഖകന്‍)