ബെംഗളൂരു: വിഗ്രഹാരാധന ഇസ്ലാമില്‍ ഹറാമാകുമ്പോള്‍ എങ്ങിനെ ഭാനു മുഷ്താഖ് ചാമുണ്ഡീദേവി വിഗ്രഹത്തിന് മുന്‍പില്‍ വിളക്ക് കൊളുത്തി മൈസൂരു ദസറ ഉദ്ഘാടനം ചെയ്യുക? എന്ന ചോദ്യം കര്‍ണ്ണാടകയില്‍ ഉയരുകയാണ്. ബുക്കര്‍ സമ്മാനം നേടിയ ഭാനു മുഷ്താഖിനെക്കൊണ്ട് മൈസൂരു ദസറ ആഘോഷം ഉദ്ഘാടനം ചെയ്യിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കര്‍ണ്ണാടകയിലെ സിദ്ധരാമയ്യ സര്‍ക്കാര്‍.
മാത്രമല്ല, ഇതിന് മുന്നോടിയായി കര്‍ണ്ണാടകയിലെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ ദസറ ഉദ്ഘാടനം നടക്കുന്ന ചാമൂണ്ഡീ കുന്നുകളേയും ചാമുണ്ഡീ ക്ഷേത്രത്തെയും മതേതര ഇടമായി പ്രഖ്യാപിച്ചിരുന്നു. ഈ കുന്നുകളും ക്ഷേത്രങ്ങളും ഹിന്ദുക്കളുടേത് മാത്രമല്ല എന്ന ഡി.കെ. ശിവുകമാറിന്റെ പ്രസ്താവന വലിയ വിവാദത്തിലായിരുന്നു.
മൈസൂര്‍ രാജകുടുംബത്തിലെ മുതിര്‍ന്ന അംഗമായ പ്രമോദോദേവി ചാമുണ്ഡീ കുന്നുകളും ക്ഷേത്രവും ഹിന്ദുക്കളുടേതാണെന്ന് പ്രഖ്യാപിച്ചിരുന്നു. എന്തായാലും സെപ്തംബര്‍ 22നാണ് മൈസൂര്‍ ദസറ ആഘോഷത്തിന്റെ ഉദ്ഘാടനം.