• Thu. Oct 9th, 2025

24×7 Live News

Apdin News

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രം; സംഗീത സംവിധായകനായി ഹർഷവർധൻ രാമേശ്വർ

Byadmin

Oct 9, 2025



തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ദേശീയ അവാർഡ് ജേതാവായ ഹർഷവർധൻ രാമേശ്വർ. ഇപ്പൊൾ ദ്രുതഗതിയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് സംയുക്ത മേനോൻ ആണ്. ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്റ്റ് നിർമ്മിക്കുന്നത് പുരി കണക്റ്റിന്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൗറും ഒപ്പം ജെ ബി മോഷൻ പിക്ചേഴ്സ് ബാനറിൽ ജെ ബി നാരായൺ റാവു കോൺഡ്രോള്ളയും ചേർന്നാണ്.

സൂപ്പർ ഹിറ്റുകളായ അർജുൻ റെഡ്ഡി, കബീർ സിങ്, അനിമൽ എന്നീ ചിത്രങ്ങൾക്ക് സംഗീതമൊരുക്കിയ ഹർഷവർധൻ രാമേശ്വർ
ഒട്ടേറെ തെന്നിന്ത്യൻ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ സംഗീത സംവിധായകൻ ആണ്.
ബോളിവുഡ് താരം തബുവും കന്നഡ താരം വിജയ് കുമാറും ആണ് ഈ ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ജൂലൈ മാസത്തിൽ ഹൈദരാബാദിൽ ആണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ആരംഭിച്ചത്. ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ അടുത്തയാഴ്ച ആരംഭിക്കും.

ചിത്രത്തിലെ പ്രധാന താരങ്ങൾ എല്ലാവരും തന്നെ പുതിയ ഷെഡ്യൂളിൽ പങ്കെടുക്കും. ബ്രഹ്മാജി, വി ടി വി ഗണേഷ് എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ആക്ഷൻ, ഇമോഷൻ, മാസ്, സംഗീതം, കോമഡി എന്നിവയെല്ലാം കോർത്തിണക്കിയാണ് ഈ മെഗാ ബഡ്ജറ്റ് ചിത്രം ഒരുക്കുന്നത്.

 

തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായാണ് പുരി ജഗനാഥ് ഈ ചിത്രമൊരുക്കുന്നത്. ചിത്രം രചിച്ചിരിക്കുന്നതും സംവിധായകൻ തന്നെയാണ്. പാൻ ഇന്ത്യൻ ചിത്രമായി തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും.

രചന, സംവിധാനം- പുരി ജഗന്നാഥ്, നിർമ്മാതാക്കൾ- പുരി ജഗന്നാഥ്, ചാർമി കൗർ, ജെ ബി നാരായൺ റാവു കോൺഡ്രോള്ള, ബാനർ- പുരി കണക്ട്സ്, ജെ ബി മോഷൻ പിക്ചേഴ്സ്, സംഗീതം -ഹർഷവർധൻ രാമേശ്വർ, സിഇഒ- വിഷു റെഡ്ഡി, മാർക്കറ്റിംഗ്- ഹാഷ്ടാഗ് മീഡിയ, പിആർഒ- ശബരി

By admin