
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ കേരളം കര്‍ണ്ണാടകയോട് തോറ്റു. എട്ട് വിക്കറ്റിനായിരുന്നു പരാജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കര്‍ണ്ണാടക 48.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. സെഞ്ച്വറി നേടിയ കരുണ്‍ നായരാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.
ടോസ് നേടിയ കര്‍ണ്ണാടക കേരളത്തെ ആദ്യം ബാറ്റ് ചെയ്യാന്‍ അയയ്‌ക്കുകയായിരുന്നു. മൂന്ന് വിക്കറ്റിന് 49 റണ്‍സെന്ന നിലയില്‍ പതറാന്‍ തുടങ്ങിയ കേരളത്തെ ബാബ അപരാജിതും അഖില്‍ സ്‌കറിയയും ചേര്‍ന്നാണ് കരയ്‌ക്കുകയറ്റിയത്. ഇരുവരും ചേര്‍ന്ന് 77 റണ്‍സെടുത്തു. എന്നാല്‍ അടുത്തടുത്ത ഓവറുകളില്‍ അപരാജിതും(71) അഖിലും(27) പുറത്തായത് കേരളത്തിന് വീണ്ടും തിരിച്ചടിയായി. പിന്നീട് വിഷ്ണു വിനോദിനും(35) എം.ഡി. നിധീഷിനു(34)മൊപ്പം മുഹമ്മദ് അസറുദ്ദീന്‍(84) കാഴ്‌ച്ചവച്ച തട്ടുപൊളിപ്പന്‍ അര്‍ദ്ധസെഞ്ചുറി പ്രകടനം കേരള ടോട്ടലിനെ 250നപ്പുറമത്തിച്ചു. 58 പന്തുകളില്‍ മൂന്ന് ബൗണ്ടറികളും നാല് സിക്‌സും അടങ്ങുന്നതായിരുന്നു അസറുദ്ദീന്റെ ഇന്നിങ്‌സ്. കര്‍ണ്ണാടകയ്‌ക്ക് വേണ്ടി അഭിലാഷ് ഷെട്ടി മൂന്നും ശ്രേയസ് ഗോപാല്‍ രണ്ടും വിക്കറ്റുകള്‍ വീഴ്‌ത്തി.
മറുപടി ബാറ്റിങ്ങില്‍ കര്‍ണ്ണാടക ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാളിനെ(ഒന്ന്) തുടക്കത്തിലേ പുറത്താക്കാനായെങ്കിലും അവരെ സമ്മര്‍ദ്ദത്തിലാക്കാന്‍ കേരള ബൗളര്‍മാര്‍ക്ക് സാധിച്ചില്ല. അഖില്‍ സ്‌കറിയയുടെ പന്തില്‍ മായങ്ക് എല്‍ബിഡബ്ല്യു ആവുകയായിരുന്നു. മലയാളി താരങ്ങളായ ദേവ്ദത്ത് പടിക്കലും കരുണ്‍ നായരും ചേര്‍ന്നുള്ള 224 റണ്‍സിന്റെ വമ്പന്‍ കൂട്ടുകെട്ട് കേരളത്തിന്റെ എല്ലാ പ്രതീക്ഷയും തളര്‍ത്തി. ഇരുവരും സെഞ്ചുറി നേട്ടം കൈവരിച്ചു. സ്‌കോര്‍ 224ല്‍ നില്‌ക്കെ 124 റണ്‍സെടുത്ത ദേവ്ദത്ത് പടിക്കല്‍ എം.ഡി. നിധീഷിന്റെ പന്തില്‍ പുറത്തായി. എന്നാല്‍ കരുണ്‍ നായരും(പുറത്താകാതെ130) ആര്‍. സ്മരണും(അഞ്ച്) ചേര്‍ന്ന് 49-ാം ഓവറില്‍ കര്‍ണ്ണാടകയെ വിജയത്തിലെത്തിച്ചു.