
ബെംഗളൂരു: ആഭ്യന്തര ഏകദിന ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് വിജയ് ഹസാരെ ട്രോഫി സെമിയിലേക്ക് പഞ്ചാബും വിദര്‍ഭയും കൂടി മുന്നേറി. ഇതോടെ നാളെയും മറ്റന്നാളുമായി നടക്കുന്ന സെമി ലൈനപ്പും തയ്യാറായി.
നാളെ നടക്കുന്ന ആദ്യ സെമിയില്‍ വിദര്‍ഭ കര്‍ണാടകയെ നേരിടും. മറ്റന്നാള്‍ നടക്കുന്ന രണ്ടാം സെമിയില്‍ പഞ്ചാബ് സൗരാഷ്‌ട്രയെ നേരിടും. ഞായറാഴ്‌ച്ചയാണ് ഫൈനല്‍. ചാമ്പ്യന്‍ഷിപ്പില്‍ ക്വാര്‍ട്ടര്‍ മുതല്‍ ഫൈനല്‍ വരെയുള്ള മത്സരങ്ങളെല്ലാം ബെംഗളൂരുവിലാണ്.
കഴിഞ്ഞ ദിവസത്തെ ക്വാര്‍ട്ടറില്‍ നിന്ന് വ്യത്യസ്തമായി മോശം കാലാവസ്ഥയുടെ ബുദ്ധിമുട്ട് ഇന്നലെ അനുഭവപ്പെട്ടില്ല. പൂര്‍ണമായും നടന്ന ക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ വിദര്‍ഭ ദല്‍ഹിയെ 76 റണ്‍സിന് പരാജയപ്പെടുത്തി. പഞ്ചാബ് മധ്യപ്രദേശിനെ 183 റണ്‍സിനും കീഴടക്കി. ദല്‍ഹിക്കെതിരെ ആദ്യം ബാറ്റ് ചെയ്ത വിദര്‍ഭ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സെടുത്തു. ഇതിനെതിരെ ദല്‍ഹി ഇന്നിങ്‌സ് 45.1 ഓവറില്‍ 224 റണ്‍സില്‍ അവസാനിച്ചു. എല്ലാവരും പുറത്താകുകയായിരുന്നു.
മധ്യപ്രദേശിനെതിരായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 345 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ മധ്യപ്രദേശ് 31.2 ഓവറില്‍ 162 റണ്‍സെടുക്കുമ്പോഴേക്കും ഓള്‍ ഔട്ടായി.