കൊച്ചി: അര്‍ജന്റീന മത്സരത്തിന്റെ പേരില്‍ കൊച്ചിയിലെ കലൂര്‍ രാജ്യാന്തര സ്റ്റേഡിയം സ്‌പോണ്‍സര്‍ ആന്റോ അഗസ്റ്റിന് വിട്ടുനല്‍കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് കരാര്‍ പോലും ഒപ്പിടാതെയെന്ന് റിപ്പോര്‍ട്ട്. കോടികള്‍ ചെലവഴിച്ചുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ ചെയ്തിരിക്കുന്നത് ഒരു കരാറും ഇല്ലാതെയാണെന്നാണ് ഇപ്പോള്‍ വരുന്ന ഞെട്ടിക്കുന്ന വിവരം. ഇത് പൊതുമുതല്‍ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും ജിസിഡിഎക്കും (ഗ്രേറ്റര്‍ കൊച്ചിന്‍ ഡവലപ്മെന്റ് അതോറിറ്റി) സംഭവിച്ച ഗുരുതരമായ വീഴ്ചയായി വിലയിരുത്തപ്പെടുന്നു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഈ മാസം ഒന്‍പതിന് നടന്ന യോഗത്തിലാണ് കരാറിനെ കുറിച്ച് ധാരണയായത്. ജിസിഡിഎ, സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍, സ്‌പോണ്‍സര്‍ എന്നിവര്‍ ചേര്‍ന്ന് ത്രികക്ഷി കരാറിലേക്ക് പോകാനാണ് യോഗത്തില്‍ ധാരണയായത്. മന്ത്രി പി. രാജീവ് അടക്കമുള്ളവര്‍ ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ കരാറുമായി ബന്ധപ്പെട്ട് ഇതുവരെ ഒപ്പിട്ടിരുന്നില്ല.
24-ാം തീയതിയാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ മിനിറ്റ്‌സ് പുറത്തുവന്നത്. എന്നാല്‍ അര്‍ജന്റീന ടീം നവംബറില്‍ എത്തില്ലെന്ന് സൂചനയുണ്ടായിരുന്നു. പിന്നീട് ത്രികക്ഷി കരാറിന്റെ കാര്യത്തില്‍ എന്ത് നടപടി ഉണ്ടായി എന്നതില്‍ വ്യക്തത വന്നിട്ടില്ല. പരിശോധനയ്ക്കായി ഈ കരാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിയമവകുപ്പില്‍ എത്തിയിട്ടില്ല. കരാര്‍ ഒപ്പിടാതെയാണ് സ്റ്റേഡിയത്തിലെ എല്ലാ നിര്‍മ്മാണ പ്രവൃത്തികളും നടന്നുകൊണ്ടിരിക്കുന്നതെന്നതാണ് ഗുരുതര വീഴ്ച.
കലൂര്‍ സ്റ്റേഡിയത്തിന്റെ പിച്ച് ഉള്‍പ്പെടെ മുഴുവന്‍ സംവിധാനങ്ങളും പുതുക്കിപ്പണിയുകയാണ്. നവംബര്‍ 30-നകം സ്റ്റേഡിയം നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്ന വാഗ്ദാനമാണ് സ്‌പോണ്‍സര്‍ പറഞ്ഞത്.
ജിസിഡിഎയുടെ ഉടമസ്ഥതയിലുള്ള പൊതുമുതലാണ് കലൂര്‍ രാജ്യാന്തര സ്റ്റേഡിയം. കൃത്യമായ കരാറുകളും വ്യവസ്ഥകളും വാടകയും നിശ്ചയിച്ചാല്‍ മാത്രമേ ആര്‍ക്കെങ്കിലും കൈമാറാന്‍ സാധിക്കുകയുള്ളൂ. തദ്ദേശ ഭരണ വകുപ്പിന്റെ തീരുമാനം ഉണ്ടെങ്കിലേ വാടക ഒഴിവാക്കി കൊടുക്കാനും സാധിക്കുകയുള്ളൂ.
അതേസമയം സ്‌പോണ്‍സര്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നിര്‍ത്തിവെച്ചാല്‍ അതിന്റെ ഉത്തരവാദിത്വം ഈ അവസ്ഥയില്‍ സ്‌പോണ്‍സര്‍ക്ക് മേല്‍ ചുമത്താന്‍ കഴിയില്ല.
കരാറില്ലാതെ ഒരു പൊതുമുതല്‍ നിര്‍മ്മാണത്തിന് വിട്ടുകൊടുത്തതിന്റെ പൂര്‍ണ്ണമായ ഉത്തരവാദിത്വം ഇപ്പോള്‍ ജിസിഡിഎ, കായിക വകുപ്പ്, സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്നിവയില്‍ പരിമിതപ്പെടുകയാണ്.
മസ്റ്റേഡിയം സ്‌പോണ്‍സര്‍ക്ക് കൈമാറിയതിന് പിന്നിലെ കരാറും ഉറപ്പും എന്താണെന്ന് വ്യക്തമാക്കേണ്ടത് കായികമന്ത്രിയാണ്.
അര്‍ജന്റീന ടീം വന്ന് മത്സരം നടത്തണമെങ്കില്‍ ഫിഫയുടെ അനുമതി വേണം. സ്റ്റേഡിയം മത്സരത്തിന് യോഗ്യമാണോ എന്ന് തീരുമാനിക്കേണ്ടത് ഫിഫയാണ്. ഫിഫയുടെ അംഗീകാരം നേടാതെയാണ് എല്ലാ കാര്യവും നടന്നത്.