
ആലപ്പുഴ : പ്രതിപക്ഷനേതാവ് വിഡി സതീശന്‍ വര്‍ഗീയ വാദികള്‍ക്ക് കുടപിടിച്ച് ആ തണലില്‍ നില്‍ക്കുന്നയാളാണെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍.മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയുള്ള അടവ് നയമാണ് പയറ്റുന്നത്.
അയാളെയൊക്കെ ഊളമ്പാറയിലേക്ക് അയക്കണ്ടേ. ഏറ്റവും വര്‍ഗീയവാദികളായ ആളുകള്‍ക്ക് കുടപിടിച്ചു കൊടുത്ത് ആ കുടയുടെ തണലില്‍ അവരെ സംരക്ഷിച്ച് നിര്‍ത്തുകയാണ്. അവരില്‍ നിന്നുള്ള ആനുകൂല്യം നേടാനും ആശിര്‍വാദങ്ങള്‍ നേടാനും വേണ്ടിയാണ് കുടപിടുത്തം. രാജാവിനേക്കാള്‍ വലിയ രാജഭക്തിയല്ലേ കാണിക്കുന്നത്. എല്ലാം അദ്ദേഹത്തിന് പല സ്ഥാനങ്ങളും കിട്ടാന്‍ വേണ്ടിയിട്ടുള്ള അടവ് നയമാണ് എന്നാണ് വ്യക്തമാകുന്നത്.തെരഞ്ഞെടുപ്പില്‍ കാണാം. താന്‍ ആരെയും വെല്ലുവിളിക്കാനില്ലെന്നും വെളളാപ്പളളി പറഞ്ഞു.
സതീശന്‍ ഈഴവ വിരോധിയാണ്. ഒരു പിന്നാക്കക്കാരനായ എന്നെ ഒരു പിന്നാക്ക സമുദായക്കാരനായ മുഖ്യമന്ത്രി വാഹനത്തില്‍ കയറ്റിയത് സതീശന് ഇഷ്ടമായില്ല-വെളളാപ്പളളി പറഞ്ഞു.
യു ഡി എഫ് അധികാരത്തിലെത്തിയാല്‍ ഭരിക്കുന്നത് മുസ്ലീം ലീഗായിരിക്കും. മുമ്പും അങ്ങനെ ആയിരുന്നു.
എന്‍എസ്എസിനേയും എസ്എന്‍ഡിപിയേയും തമ്മില്‍ തല്ലിച്ചത് യുഡിഎഫ് ആണ്. എന്‍എസ്എസുമായി എന്തിനാണ് തങ്ങള്‍ യുദ്ധം ചെയ്യുന്നത്. അവരുമായി പിണങ്ങിയിട്ട് എന്ത് കാര്യം. കുരങ്ങനെക്കൊണ്ട് ചുടുചോര് മാന്തിക്കുകയല്ലേ ചെയ്തത്.എന്‍എസ്എസുമായി കലഹമില്ല.സമരസപ്പെടുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. നായാടി മുതല്‍ നസ്രാണി വരെ ഒരുമിച്ച് നില്‍ക്കേണ്ട കാലമാണിത്.
മത സൗഹാര്‍ദ്ദത്തിന് കേരളം മാതൃകയാണ്. ചില ശക്തികള്‍ അത് തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും വെളളാപ്പളളി പറഞ്ഞു.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് അവസാനിച്ച കാന്തപുരം അബൂബക്കര്‍ മുസലിയാരുടെ കേരളയാത്രയുടെ സമാപന സമ്മേളനത്തില്‍ വി ഡി സതീശന്‍, മുഖ്യമന്ത്രി വെളളാപ്പളളി നടേശനെ കാറില്‍ കയറ്റിയതിനെ വിമര്‍ശിച്ചിരുന്നു.മുഖ്യമന്ത്രിയെ വേദിയിലിരുത്തിയാണ് വിമര്‍ശനം ഉന്നയിച്ചത്.