ന്യൂദല്‍ഹി: മോദി ഗവണ്മെന്റിന്റെ സജീവവും സുസ്ഥിരവുമായ നയതന്ത്ര ശ്രമങ്ങൾ കഴിഞ്ഞ ദശകത്തിൽ വിവിധ രാജ്യങ്ങളിലെ ആയിരക്കണക്കിന് ഇന്ത്യൻ പൗരന്മാരുടെ മോചനത്തിനും അവർക്ക് മാപ്പ് ലഭിക്കുന്നതിനും സഹായകമായി. യുഎഇ 500 ഇന്ത്യൻ തടവുകാർക്ക് മാപ്പ് നൽകിയതാണ് ഏറ്റവും പുതിയ ഉദാഹരണം. ഇന്ത്യയും ഈ ഗൾഫ് രാജ്യവും തമ്മിലുള്ള കരുത്തുറ്റ ഉഭയകക്ഷിബന്ധത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഈ നടപടി.
2014 മുതൽ, പ്രധാനമന്ത്രി മോദിയുടെ നേതൃത്വം വിദേശത്തുള്ള ഇന്ത്യൻ പൗരന്മാരുടെ ക്ഷേമത്തിന് മുൻഗണന നൽകുന്നുണ്ട്. നയതന്ത്ര ചർച്ചകളിലൂടെയും ഉന്നതതല ഇടപെടലുകളിലൂടെയും വിദേശത്ത് തടവിലാക്കപ്പെട്ട ഏകദേശം 10,000 ഇന്ത്യക്കാരുടെ സുരക്ഷിതമായ തിരിച്ചുവരവ് രാജ്യം ഉറപ്പാക്കി.
നയതന്ത്ര ശ്രമങ്ങളിലൂടെ ഇന്ത്യൻ പൗരന്മാർ മോചിപ്പിക്കപ്പെട്ട പ്രധാന സംഭവങ്ങൾ:
• യുഎഇ 2783 ഇന്ത്യൻ തടവുകാർക്ക് മാപ്പ് നൽകി:
◦ 2025: ഇക്കൊല്ലത്തെ റംസാന് മുന്നോടിയായി, 500-ലധികം ഇന്ത്യൻ തടവുകാർക്ക് മാപ്പ് നൽകി.
◦ 2024: ഈദ് അൽ ഫിത്തറിനും യുഎഇ ദേശീയ ദിനത്തിനും മുന്നോടിയായി, 944 ഇന്ത്യൻ തടവുകാർക്ക് മാപ്പ് നൽകി.
◦ 2023: 2023-ൽ യുഎഇ അധികൃതർ 700-ലധികം ഇന്ത്യൻ തടവുകാർക്ക് മാപ്പ് നൽകി.
◦ 2022: ആകെ 639 ഇന്ത്യൻ തടവുകാർക്ക് മാപ്പ് നൽകി.
• സൗദി അറേബ്യയിൽ നിന്ന് ഇന്ത്യൻ പൗരന്മാരുടെ മോചനം:
◦ 2019: ഇന്ത്യാ സന്ദർശന വേളയിൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ 850 ഇന്ത്യൻ തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടു. ഇത് ഇന്ത്യയുടെ സുപ്രധാന നയതന്ത്ര വിജയമായി അടയാളപ്പെടുത്തി.
• ഇന്ത്യൻ നാവികസേനയിലെ വിമുക്തഭടന്മാരെ ഖത്തർ മോചിപ്പിച്ചു:
◦ 2023: ഇന്ത്യൻ നാവികസേനയിലെ എട്ട് വിമുക്തഭടന്മാരെ ഖത്തറിൽ വധശിക്ഷയ്‌ക്ക് വിധിച്ചു. ഇന്ത്യാഗവണ്മെന്റിന്റെ നയതന്ത്ര ഇടപെടൽ അവരുടെ ശിക്ഷകളിൽ ഇളവു ലഭിക്കുന്നതിനു കാരണമായി. തുടർന്ന് അവരിൽ ഭൂരിഭാഗം പേരെയും വിട്ടയച്ചു.
• ഇറാൻ മോചിപ്പിച്ച ഇന്ത്യൻ തടവുകാർ:
◦ 2024: ഇറാൻ ആകെ 77 ഇന്ത്യൻ പൗരന്മാരെ മോചിപ്പിച്ചു.
◦ 2023: 12 മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ ആകെ 43 ഇന്ത്യക്കാരെ ഇറാൻ വിട്ടയച്ചു.
• ബഹ്‌റൈൻ 250 ഇന്ത്യൻ തടവുകാർക്ക് മാപ്പ് നൽകി:
◦ 2019: പ്രധാനമന്ത്രി മോദിയുടെ സന്ദർശന വേളയിൽ ജയിലിൽ കഴിഞ്ഞിരുന്ന 250 ഇന്ത്യക്കാരെ ബഹ്‌റൈൻ ഗവണ്മെന്റ് മോചിപ്പിച്ചു.
• കുവൈറ്റ് ഇന്ത്യൻ തടവുകാരെ മോചിപ്പിച്ചു:
◦ 2017: നയതന്ത്ര ചർച്ചകൾക്ക് ശേഷം കുവൈറ്റ് അമീർ 22 ഇന്ത്യക്കാരെ മോചിപ്പിക്കുകയും 97 പേർക്ക് ശിക്ഷ ഇളവ് നൽകുകയും ചെയ്തു.
• ശ്രീലങ്കയിൽനിന്ന് ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ മോചനം:
◦ പതിവ് ഇടപെടലുകൾ: ശ്രീലങ്ക തടവിലാക്കിയ ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ഇരുഗവണ്മെന്റും തമ്മിലുള്ള ചർച്ചകളെ തുടർന്ന് നിരവധി തവണ വിട്ടയച്ചു.
◦ 2014 മുതൽ ആകെ 3697 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചിട്ടുണ്ട്.
• ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയും തടവുകാരെയും പാകിസ്ഥാൻ മോചിപ്പിച്ചു:
◦ 2014 മുതൽ നടത്തിയ നിരന്തരമായ നയതന്ത്ര ശ്രമങ്ങൾ 2639 മത്സ്യത്തൊഴിലാളികളെയും 71 തടവുകാരെയും മോചിപ്പിക്കാൻ സഹായിച്ചു.
ആഗോള നേതാക്കളുമായി പ്രധാനമന്ത്രി മോദി പങ്കിടുന്ന വ്യക്തിപരമായ ബന്ധത്താലാണ് ഈ മുന്നേറ്റങ്ങളിൽ പലതും സാധ്യമായത്. വിജയകരമായ ഈ ഇടപെടലുകൾ ഇന്ത്യയുടെ വളരുന്ന ആഗോള നയതന്ത്ര നിലവാരത്തിനും വിദേശത്തുള്ള ഇന്ത്യൻ പൗരന്മാരെ സംരക്ഷിക്കുന്നതിനുള്ള മോദി ഗവണ്മെന്റിന്റെ അചഞ്ചലമായ പ്രതിജ്ഞാബദ്ധതയ്‌ക്കും അടിവരയിടുന്നു.