വിദേശയാത്രകളില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ നിരന്തരം സുരക്ഷാ ചട്ടങ്ങള്‍ ലംഘിക്കുന്നതായി കാണിച്ച് സുരക്ഷയുടെ ചുമതലയുള്ള സിആര്‍പിഎഫ് രാഹുലിനും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേയ്‌ക്കും കത്ത് നല്‍കിയിരിക്കുകയാണ്. വിദേശയാത്രകള്‍ക്കിടെ 113 തവണയാണ് ഈ നേതാവ് സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് എന്ന നിലയ്‌ക്ക് ഇസഡ് പ്ലസ് സുരക്ഷയാണ് രാഹുലിന് നല്‍കുന്നത്. 10 മുതല്‍ 12 വരെ സുരക്ഷാഭടന്മാരാണ് ഈ സുരക്ഷ ഒരുക്കുന്നത്. ഇതുമായി സഹകരിക്കാന്‍ രാഹുല്‍ തയ്യാറാവാത്തതാണ് ഇക്കാര്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് കത്തെഴുതാന്‍ സിആര്‍പിഎഫിനെ പ്രേരിപ്പിച്ചത്. ഭാവി യാത്രകളില്‍ സുരക്ഷാ ചട്ടങ്ങള്‍ പാലിക്കണമെന്നു കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ എപ്പോഴും നിരുത്തരവാദിത്വത്തോടെ പെരുമാറുന്ന രാഹുല്‍ ഇതിന് തയ്യാറാവുമോ എന്ന് കണ്ടറിയണം.
വിദേശയാത്രകള്‍ നടത്തുന്ന ഉയര്‍ന്ന സുരക്ഷാ സംവിധാനമുള്ള നേതാക്കള്‍ യെല്ലോ ബുക്ക് പ്രോട്ടോക്കോള്‍ പ്രകാരം, യാത്രകളുടെ വിശദാംശങ്ങള്‍ സുരക്ഷാ വിഭാഗത്തെ മുന്‍കൂട്ടി അറിയിക്കണമെന്നുണ്ട്. എന്നാല്‍, ആരെയും അറിയിക്കാതെ വിദേശയാത്രകള്‍ നടത്തുന്ന രാഹുല്‍ ഈ നിയമം പാലിക്കാറില്ല. വിയറ്റ്‌നാം, ദുബായ്, ഖത്തര്‍, ലണ്ടന്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് രാഹുല്‍ നടത്തിയ യാത്രകളെക്കുറിച്ച് സിആര്‍പിഎഫിന്റെ കത്തില്‍ പറയുന്നുണ്ട്. ഈ കത്ത് തങ്ങളുടെ നേതാവിനെ ഭീഷണിപ്പെടുത്താന്‍ വേണ്ടിയാണെന്ന് വാദിക്കുകയാണ് കോണ്‍ഗ്രസ്. ജോഡോ യാത്രയ്‌ക്കിടയിലും ഈ നേതാവ് സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചിരുന്നു.
ഇടയ്‌ക്കിടെ ആരെയും അറിയിക്കാതെ വിദേശരാജ്യങ്ങളിലേക്ക് മുങ്ങുക രാഹുലിന്റെ പതിവാണ്. രാജ്യത്ത് ജനങ്ങള്‍ ഗുരുതരമായ പ്രകൃതിക്ഷോഭങ്ങളില്‍ വലയുമ്പോഴും മറ്റും അവിടങ്ങളില്‍ എത്തിനോക്കുക പോലും ചെയ്യാതെ രാജ്യം വിടുന്ന രീതി രാഹുലിനുണ്ട്. പാര്‍ട്ടി നേതാക്കള്‍ക്കുപോലും തങ്ങളുടെ നേതാവ് എവിടെയാണുള്ളതെന്ന് പറയാന്‍ കഴിയാറില്ല. ഇത് സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ പലപ്പോഴും പാര്‍ട്ടി നേതാക്കള്‍ അപമാനിതരാവാറുമുണ്ട്. പക്ഷേ ഇക്കാര്യത്തില്‍ യാതൊരു വീണ്ടു വിചാരവും രാഹുല്‍ പ്രകടിപ്പിച്ചു കണ്ടിട്ടില്ല. ഞാന്‍ ഇഷ്ടമുള്ളത് ചെയ്യും, രാജ്യത്തിന്റെ സംവിധാനങ്ങള്‍ ബാധകമല്ല എന്ന സമീപനമാണ് ഈ നേതാവ് സ്വീകരിക്കുന്നത്.
രാഹുല്‍ പൊതുപ്രവര്‍ത്തകനാണ്. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമാണ്. ഇങ്ങനെയൊരാള്‍ എന്തിനാണ് വിദേശങ്ങളില്‍ രഹസ്യ സ്വഭാവമുള്ള യാത്രകള്‍ നടത്തുന്നത്? വ്യക്തിപരമായും രാഷ്‌ട്രീയമായും രാഹുലിന്റെ വിദേശയാത്രകള്‍ സുതാര്യമല്ല. എന്തൊക്കെയോ മറച്ചു പിടിക്കാന്‍ ശ്രമിക്കുന്നു എന്നു വ്യക്തം. വിദേശരാജ്യങ്ങളില്‍ ചെന്ന് സ്വന്തം രാജ്യതാല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി ചില വ്യക്തികളുമായി രാഹുല്‍ കൂടിക്കാഴ്ചകള്‍ നടത്തുകയും, പ്രസംഗിക്കുകയുമൊക്കെ ചെയ്യുന്നത് പലപ്പോഴും വിവാദത്തിലായിട്ടുണ്ട്. കുറ്റകരമായ ഇത്തരം നടപടികള്‍ തുടരുന്നതിനു വേണ്ടിയാണ് വിദേശയാത്രകളുടെ വിവരങ്ങള്‍ സുരക്ഷാ ഏജന്‍സിക്ക് നല്‍കാതിരിക്കുന്നതെന്ന് സംശയിക്കേണ്ടി വരുന്നു.
പൊതുപ്രവര്‍ത്തകന്‍ ആയ വ്യക്തി നിബന്ധനകള്‍ പാലിച്ചിരിക്കണം. അധികൃതരെ അറിയിക്കേണ്ട കാര്യങ്ങള്‍ അറിയിക്കുക തന്നെ വേണം. ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി കാണേണ്ടതില്ല. പുറത്തു പറയാന്‍ കഴിയാത്ത, അല്ലെങ്കില്‍ ജനങ്ങള്‍ അറിയരുതെന്ന് വിചാരിക്കുന്ന എന്തെങ്കിലും കാര്യങ്ങള്‍ രാഹുലിന്റെ വിദേശയാത്രകളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നുണ്ടോ എന്ന സംശയം ദിവസം ചെല്ലുന്തോറും ബലപ്പെട്ടു വരികയാണ്. വിദേശയാത്രകളില്‍ സുരക്ഷാച്ചട്ടങ്ങള്‍ പാലിക്കണമെന്ന് കാണിച്ച് സിആര്‍പിഎഫ് രണ്ടാമതും കത്ത് നല്‍കിയതോടെ ജനങ്ങളുടെ സംശയം ബലപ്പെട്ടിരിക്കുകയാണ്. ഇത് നീക്കേണ്ട ബാധ്യത രാഹുലിനും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമുണ്ട്.