• Sat. Oct 31st, 2026

24×7 Live News

Apdin News

വിദ്യാര്‍ത്ഥി സംഘര്‍ഷം : കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു

Byadmin

Oct 31, 2026


കോഴിക്കോട്:തെരഞ്ഞെടുപ്പിനിടെയുണ്ടായ യു ഡി എസ് എഫ് – എസ് എഫ് ഐ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു. മലപ്പുറം എസ് പി ചൈത്ര തെരേസ ജോണിന്റെ നിര്‍ദ്ദേശാനുസരണമാണ് നടപടി.

സര്‍വകലാശാല പഠന വകുപ്പുകളടക്കം ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രവര്‍ത്തിക്കില്ല. പുരുഷ ഹോസ്റ്റലില്‍ ഉള്ള മുഴുവന്‍ വിദ്യാര്‍ഥികളും ഒഴിയാന്‍ സര്‍വകലാശാല അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബുധനാഴ്ചയാണ് കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസ് തെരഞ്ഞെടുപ്പ് നടന്നത്.

അന്നേ ദിവസം ഉച്ചമുതല്‍ യു ഡി എസ് എഫ് – എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായി. എസ് എഫ് ഐ മുഴുവന്‍ സീറ്റുകളിലും വിജയിച്ചെന്ന ഫലം വന്നതോടെ അര്‍ദ്ധരാത്രിയിലും അക്രമ സംഭവങ്ങള്‍ നടന്നു.ഉച്ചയ്‌ക്കുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ചികിത്സയില്‍ കഴിഞ്ഞ ചേളാരിയിലെ ആശുപത്രിയിലേക്ക് എം എസ് എഫ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി ആക്രമിച്ചു.പിന്നാലെ പുലര്‍ച്ച രണ്ടരയോടെ എം എസ് എഫ് പ്രവര്‍ത്തകരായ സുഫിയാന്റെ ചാപ്പനങ്ങാടിയിലെ വീട്ടിലും വളാഞ്ചേരിയിലെ നൗഫലിന്റെ വീട്ടിലും പെട്രോള്‍ ബോംബ് എറും ഉണ്ടായി.

കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസ് സംഘര്‍ഷത്തിലും ആശുപത്രി അക്രമത്തിലും പെട്രോള്‍ ബോംബ് എറിഞ്ഞ സംഭവത്തിലും ഉള്‍പ്പെടെ ഇതുവരെ 6 പേരെ അറസ്റ്റ് ചെയ്തു.രണ്ട് യു ഡി എസ് എഫ് പ്രവര്‍ത്തകരും നാല് എസ് എഫ് ഐ പ്രവര്‍ത്തകരുമാണ് അറസ്റ്റിലായത്.

എം എസ് എഫ് പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണത്തിലും പെട്രോള്‍ ബോംബ് ഏറിലും എസ് എഫ് ഐ പ്രവര്‍ത്തകരായ അഹമ്മദ് മര്‍ഷദ്, മുഹമ്മദ് മിഥിലാജ്, ഹനീന്‍, അഭിഷേക് എന്നിവരെയാണ് അറസ്റ്റിലായത്.യു ഡി എസ് എഫ് പ്രവര്‍ത്തകരായ ഷറഫുദ്ദീന്‍, മുഹമ്മദ് ഫുഹാദ് എന്നിവര്‍ ആശുപത്രിയില്‍ കയറി അക്രമം നടത്തിയ കേസിലും അറസ്റ്റിലായി.

By admin